Monday
10 Dec 2018

സുരങ്കയിലൂടെ കാസര്‍കോട് വെള്ളമെത്തിക്കാന്‍ ഗോവിന്ദറാമെത്തി രാജസ്ഥാനില്‍ നിന്ന്ന

By: Web Desk | Wednesday 7 February 2018 10:14 PM IST

കേരള -കര്‍ണാടക അതിര്‍ത്തിയില്‍ എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെയിലെ കര്‍ഷകന്‍ ഉമേഷ്‌കുമാര്‍ സാലെയുടെ കൃഷിയിടത്തില്‍ സുരങ്ക മാതൃകയില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നു

പത്മേഷ് കെ വി
കാസര്‍കോട്: കുഴല്‍ കിണര്‍നിര്‍മ്മാണത്തില്‍ വേറിട്ട രീതിയുമായി രാജസ്ഥാന്‍ സ്വദേശി കാസര്‍കോട്ടെത്തി. രാജസ്ഥാന്‍ സ്വദേശി ഗോവിന്ദറാം ജാട്ടാണ് മല തുരുന്ന് കുഴല്‍കിണര്‍ നിര്‍മ്മിക്കാന്‍ കാസര്‍കോട്ടെ കേരള കര്‍ണാടക അതിര്‍ത്തിയായ പെര്‍ളയിലെത്തിയത്. സാധാരണ കുഴല്‍കിണര്‍ ഭൂമിക്കടിയിലേക്ക് കുഴിച്ച് ഭൂഗര്‍ഭ ജലം ഉറ്റിയെടുക്കുമ്പോള്‍ സമാന്തര രീതിയില്‍ മലതുരന്ന് നീറുവ കണ്ടെത്തുകയാണ് ഇദ്ദേഹം. സംസ്ഥാനത്തു തന്നെ ഭൂഗര്‍ഭജലനിരപ്പില്‍ ഏറ്റവും കുറവുള്ള താലൂക്കാണ് കാസര്‍കോട്. കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് പലപ്പോഴും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്താറുണ്ട്. ഏങ്കിലും സുരങ്ക നിര്‍മ്മാണത്തില്‍ ലോകത്ത് തന്നെ ശ്രദ്ധേയമായ സ്ഥലവും കാസര്‍കോട് ജില്ലയിലെ അതിര്‍ത്ഥി ഗ്രാമങ്ങളാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ ആളുകള്‍ക്ക് ഏറ്റവും ഇഷ്ടം സുരങ്കള്‍ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സുരങ്ക മാതൃകയിലുള്ള കുഴല്‍ കിണര്‍നിര്‍മ്മാണം ഇവിടുത്തുകാര്‍ കണ്ടെത്തിയതും കുഴല്‍ കിണര്‍ നിര്‍മ്മാണ വിദഗ്ധനെ രാജസ്ഥാനില്‍നിന്ന് എത്തിച്ചതും.


രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ സമാന്തരീതിയില്‍ കുഴല്‍കിണര്‍ നിര്‍മിച്ച് 18 വര്‍ഷത്തോളം പരിചയമുള്ള ഗോവിന്ദറാം ആദ്യമായാണ് കേരളത്തിലെത്തുന്നത്. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെയിലെ കര്‍ഷകന്‍ ഉമേഷ്‌കുമാര്‍ സാലെയുടെ കൃഷിയിടത്തിലാണ് ഇന്നലെ കുഴല്‍കിണര്‍ യന്ത്രം ഉപയോഗിച്ച് സുരങ്ക നിര്‍മിക്കുന്ന രീതിയില്‍ കിണര്‍ കുഴിക്കാന്‍ ആരംഭിച്ചത്. തന്റെ 25 ഏക്കര്‍ കൃഷിടത്തില്‍ ആവശ്യത്തിനു വെള്ളമെത്തിക്കാന്‍ സുരങ്ക നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വൈദഗ്ധ്യമുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അഞ്ചുമാസം മുമ്പ് നാല്‍പത് അടി നീളമുള്ള സുരങ്ക നിര്‍മിച്ചെങ്കിലും സുരങ്ക നിര്‍മിച്ച തൊഴിലാളിക്ക് വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതിനാല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. പരിസ്ഥിതിപ്രവര്‍ത്തകന്‍ ശ്രീപദ്രെയാണ് ഗോവയില്‍ സമാന്തരരീതിയില്‍ കുഴിക്കുന്ന കുഴല്‍കിണറുകളെക്കുറിച്ച് പറഞ്ഞത്. ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും വഴിയാണ് ശ്രീപദ്രെ ഗോവിന്ദറാമിനെക്കുറിച്ചറിയുന്നത്. ഇതില്‍ താല്‍പര്യം തോന്നി ഉമേഷ് ഗോവിന്ദറാവുവിനെ സമീപിക്കുകയായിരുന്നു. ഉമേഷിന്റെ കൃഷിയിടത്തില്‍ അമ്പതുവര്‍ഷത്തോളം പഴക്കമുള്ള എട്ടു സുരങ്കകളുണ്ട്. ഇതില്‍ നാലെണ്ണത്തില്‍ നവംബറോടെ വെള്ളം വറ്റുന്ന സ്ഥിതിയാണ്. എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ പത്തുവരെയും വൈകുന്നേരം നാലുമുതല്‍ ആറുവരെയുമാണ് ജലസേചനം. കുവുങ്ങ്, കൊക്കോ, തെങ്ങ്, കുരുമുളക്, കശുമാവ്, നേന്ത്രവാഴ എന്നിവയാണ് പ്രധാന കൃഷി. സാധാരണ സുരങ്ക കിണര്‍ കുഴിക്കാന്‍ 35 അടിക്ക് 35,000 രൂപയോളം ചെലവാകും. എന്നാല്‍ സമാന്തരമായി കുഴല്‍കിണര്‍ കുഴിക്കുമ്പോള്‍ 150 അടിയ്ക്ക് 15,000 രൂപയേ ചെലവ് വരൂ. ഇന്നലെ ഉമേഷിന്റെ പറമ്പില്‍ 45 അടി കുഴിച്ചപ്പോള്‍ വെള്ളം കണ്ടെത്തി. ഇത്തരത്തില്‍ മൂന്നു കിഴല്‍കിണറുകള്‍ കൂടി ഇവിടെ നിര്‍മിക്കുന്നുണ്ട്.
നാലിഞ്ച് വ്യാസത്തിലാണ് ഭൂമി തുരക്കുന്നത്. നൂറടി നീളത്തില്‍ തുരക്കാന്‍ ആറു മുതല്‍ ഏഴുവരെ മണിക്കൂര്‍ വേണം. വെള്ളമില്ലാത്ത കിണറുകള്‍ക്കുള്ളിലും വിലങ്ങനെ തുരന്ന് നീരൊഴുക്കുണ്ടാക്കാം. ഭൂമിക്കടിയിലൂടെ കേബിള്‍ വലിക്കാനും ഈ വിദ്യ ഉപയോഗപ്പെടുത്താമെന്ന് ഗോവിന്ദറാം പറയുന്നു.