Tuesday
21 Aug 2018

സുപ്രീം കോടതി സമ്മതിച്ചത് പുലർച്ചെ 2.11 നു ശേഷം

By: Web Desk | Thursday 17 May 2018 11:18 AM IST

കർണാടകയിൽ യദ്യൂരപ്പ സത്യപ്രതിജ്ഞ  ചെയ്യുന്നത് തടയണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചത് പുലർച്ചെ 2.11 നു തുടങ്ങിയ ഹിയറിങ്ങിന് ശേഷം. എല്ലാ നടപടിക്രമങ്ങളും അവസാനിച്ചത് വ്യാഴാഴ്ച  രാവിലെ 9 മണിക്ക്.  ഗവർണ്ണർ വജുഭായ് വാലക്കു ബി എസ്  യദ്യൂരപ്പ സമർപ്പിച്ച കത്തിന്റെ പകർപ്പ് ഹാജരാക്കാൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനു കോടതി 48 മണിക്കൂർ സമയം അനുവദിച്ചു. 18 നു രാവിലെ 10.30 നു കോടതിയിൽ ഇത് ഹാജരാക്കണം, ഇതിന്മേൽ  കോടതി എന്ത് നിശ്ചയിക്കുന്നുവോ അതിനെ ആശ്രയിച്ചാണ്  യദ്യൂരപ്പയുടെ ഭാവി.

എ കെ സിക്രി, എസ്  എ ബോബ്‌ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് എന്തുകൊണ്ട് യദ്യൂരപ്പയോട് ഗവർണ്ണർ 15 ദിവസത്തെ സമയം ദയാപൂർവം അനുവദിച്ചുവെന്നു കത്ത് കണ്ട ശേഷം പരിഗണിക്കും. കോൺഗ്രസും ജനതാ ദളും കോടതിയിൽ വാദിച്ചതു യദ്യൂരപ്പ ഏഴു ദിവസമേ ആവശ്യപ്പെട്ടിരുന്നുള്ളുവെന്നാണ്.

മൂന്നര മണിക്കൂറോളം നീണ്ട വിചാരണക്ക് ശേഷം സത്യപ്രതിജ്ഞ അനുവദിക്കുന്ന ഉത്തരവ് വന്നത് അതിനു മണിക്കൂറുകൾ മുമ്പ് മാത്രം. തുടർന്ന് 75 കാരനായ യദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണറുടെ  കത്ത് കോടതി നാളെ പരിശോധിക്കുമെന്നതിനാൽ ഒറ്റ ദിവസത്തെ മുഖ്യമന്ത്രി എന്ന് യദ്യൂരപ്പയെ കോൺഗ്രസ് പരിഹസിച്ചു. “യദ്യൂരപ്പ ഒറ്റ ദിവസത്തെ മുഖ്യമന്ത്രി എന്ന് തെളിയും, പകുതി ദിവസം കഴിഞ്ഞു” കോൺഗ്രസ് മാധ്യമ വിഭാഗം വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ താൻ രണ്ടു ദിവസത്തിനുള്ളിൽ ഒരു ലക്ഷം  രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നു  യദ്യൂരപ്പ പറഞ്ഞു.