Friday
14 Dec 2018

നിവിനെതിരായ ആരോപണം: ശ്യാമപ്രസാദിന്റെ മറുപടി ഇങ്ങനെ

By: Web Desk | Sunday 20 August 2017 3:34 PM IST

നിവിന്‍ പോളിയെ വിമര്‍‌ശിച്ചവർക്ക് മറുപടിയുമായി സംവിധായകൻ ശ്യാമപ്രസാദ്. ഫേസ് ബുക്കിലൂടെയാണ് ശ്യാം അഭിപ്രായപ്രകടനം നടത്തിയത്. നിവിന്‍ പോളിയെയും തൃഷയെയും പ്രധാനകഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന പുതിയ ചിത്രം ഹേയ് -ജൂഡിന്റെ ലൊക്കേഷനില്‍ ചിത്രമെടുക്കാന്‍ അനുവദികാഞ്ഞതിനാണ് നിവിനെതിരെ വിമര്‍‌ശനം ഉയർന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ഓൺലൈൻ സിനിമ വിവാദങ്ങൾക്കും സ്കൂപ്പുകൾക്കും അതർഹിക്കുന്ന അവഗണന കൊടുക്കുന്നതാണ് നല്ലത്. പക്ഷെ ഇവിടെ ഒരു നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ ഒരു കലാകാരനെ മാത്രം താറടിക്കാനുള്ള ശ്രമം കാണുന്നതു കൊണ്ട്, പ്രതികരിക്കാതെ വയ്യ എന്നത് കൊണ്ട് മാസങ്ങൾക്ക് ശേഷം ഒരു ഫേസ്ബുക് അപ് ഡേറ്റ്.
ഹേയ് ജൂഡ് എന്ന സിനിമയുടെ സെറ്റിൽ വന്നപ്പോൾ താരങ്ങളുടെ ചിത്രങ്ങൾ സ്വന്തം ഫോട്ടോഗ്രാഫറെ കൊണ്ട് എടുപ്പിക്കാനായില്ല എന്നും, അതിന് നിവിൻ പോളി ആണ് കാരണക്കാരൻ എന്നും വിമർശിച്ചു കൊണ്ടുള്ള നാന റിപ്പോർട്ടറുടെ ലേഖനമാണ് ഈ കുറിപ്പിനാധാരം.

സിനിമയുടെ രൂപഭാവങ്ങൾ ആദ്യമായി പുറത്തു കാണുന്നത് നമ്മൾ ഉദ്ദേശിച്ചതു പോലെത്തന്നെ ആവണമെന്നു തീർചയായും ഞങ്ങൾ ആലോചിച്ചിരുന്നു. നിവിന് ആ ധാരണയാണുണ്ടായിരുന്നതെന്ന് വാസ്തവമാണ്. ആ വിധത്തിൽ കൃത്യമായി തിരഞ്ഞെടുത്ത അഞ്ചോ ആറോ ചിത്രങ്ങൾ സിനിമയുടെ പി.ആർ.ഓ. വഴി മാധ്യമങ്ങൾക്ക് എത്തിക്കുകയും ചെയ്തിരുന്നു. സെറ്റ്‌ കവർ ചെയ്യുന്നതിൽ എനിക്ക്‌ വിരോധം ഒന്നുമില്ലെന്നു പറഞ്ഞത്‌ സത്യം തന്നെ, പക്ഷെ താരങ്ങളെ പ്രത്യേകം പോസ്‌ ചെയ്ത്‌ എക്സ്ക്ലൂസീവുകൾ എടുക്കുന്നത്‌ അവരുടെ കൂടെ സമ്മതത്തോടെ തന്നെയാവണം, അത്‌ ന്യായവുമാണ്‌. അത്തരം ചിത്രങ്ങൾ, കഥാപത്രങ്ങളുടെ സ്വഭാവത്തിനും, പരസ്പര ബന്ധത്തിനും പലപ്പോഴും ചേരാതെ വരുന്നത്‌ കൊണ്ട്‌ എനിക്കും ഇത്തരം പോസ്‌ പടങ്ങളോട്‌ ഒരു താത്പര്യവുമില്ല. ഈ ധാരണകൾ വെച്ചു കൊണ്ടാവണം നിവിൻ വിസമ്മതിച്ചത്‌. പിന്നെ, ഷൂട്ടിങ്ങിന്റെ ടെൻഷനിൽ നിന്ന എനിക്ക് ഇക്കാര്യത്തിൽ ‘മീഡിയ മാനേജ്മെന്റ്’ ചെയ്യാനുള്ള മനസ്സംയമനമൊന്നുമില്ല, അതെന്റെ ജോലിയുമല്ല.

ഒരു വാരിക, സെറ്റ് കവർ ചെയ്യാൻ വരുന്നത് ആ സിനിമയെ അങ്ങോട്ട് സഹായിച്ചു കളയാം എന്ന ഔദാര്യം കൊണ്ട് മാത്രമല്ല, അവരുടെ സ്വന്തം വാണിജ്യ താൽ പര്യം കൊണ്ടു കൂടിയാണെന്ന് ഞാൻ പറയാതെ മനസ്സിലാവുമല്ലോ. ചിലപ്പോഴൊക്കെ, വാണിജ്യപരമായ കാരണങ്ങളാൽ ഇത്തരം ഇടങ്ങളിൽ ചില വിരുദ്ധ അഭിപ്രായങ്ങളും തടസ്സങ്ങളും ഉണ്ടാവും. അതു കൊണ്ട്, ‘തൊഴിലിടങ്ങളിൽ മാധ്യമപ്രവർതകരെ ജോലിയെടുപ്പിക്കുന്നില്ല” എന്ന പരിദേവനമൊക്കെ അതിശയോക്തിപരമാണെന്ന് പറയാതെ വയ്യ. എന്നിട്ട്, ഒരു വ്യക്തിയെ മാത്രം ലാക്കാക്കി, “ആപത്സൂചന’ ശാപം’ എന്നൊക്കെ അമ്പുകൾ എയ്യുന്നതും, ടീമിനകത്ത് തെറ്റിദ്ധാരണകളും കുത്തിത്തിരിപ്പും ഉണ്ടാക്കാൻ ശ്രമിക്കുന്നതുമൊക്കെ പതിവ് മാധ്യമ വികൃതികൾ എന്നേ കരുതാനാവൂ, പ്രത്യേകിച്ച്, ‘ഇന്നത്തെ കാലത്തിന്റെ’ ഒരു സവിശേഷ അവസ്ഥ വെച്ച് ഈ കളി എളുപ്പം ചിലവാകും എന്ന ധാരണയും ചിലർക്കുണ്ടാകും. താരമൂല്യത്തേയും താരപ്രഭയേയും ഒക്കെ മുതലാക്കുന്നതിൽ നിർമ്മാതാക്കൾക്കും സംവിധായകനും ഒക്കെ ഒപ്പം തന്നെയാണ്‌ സിനിമാ വാരികകളും. അതു കൊണ്ട് ദിവ്യപരിവേഷമണിഞ്ഞു കൊണ്ട് ആരും സംസാരിക്കേണ്ട.
തമാശ അതല്ല, ഇത്തരുണത്തിൽ ‘അപമാനിതരായി മടങ്ങിപ്പോയ” ലേഖക സംഘം അടുത്ത ആഴ്ച് തന്നെ കയ്യിൽ കിട്ടിയ ‘ഹേയ് ജൂഡ്’ ചിത്രങ്ങൾ ചേർത്ത് ഒരു കവർ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോർട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കാൻ മടിയൊന്നും കാണിച്ചില്ല. അതിനു ശേഷമാണ് ലേഖകന്റെ ഓൺലൈൻ ‘ധാർമിക രോഷം’. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?