Sunday
18 Feb 2018

ഫിഷറീസ് വകുപ്പിന്റെ ശ്യാമവിപ്ലവം പദ്ധതി: കരിമീന്‍ കൃഷി വിളവെടുപ്പ് തുടങ്ങി

By: Web Desk | Wednesday 24 January 2018 9:09 PM IST

ആലപ്പുഴ: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘ശ്യാമവിപ്‌ളവം’ പദ്ധതിയിലെ കൂടുകളിലെ കരിമീന്‍ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് കൂടുകളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ച ‘കേജ് കള്‍ച്ചര്‍’ രീതി പ്രയോജനപ്പെടുത്തിയാണ് മത്സ്യം വളര്‍ത്തല്‍. മത്സ്യഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി കൂടുകളില്‍ കരിമീന്‍, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്താന്‍ ആനുകൂല്യം നല്‍കുന്നത്. മൂന്നരലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതിയില്‍ കരിമീന്‍, കാളാഞ്ചി എന്നിവ വളര്‍ത്തുന്നതിന് 50 ശതമാനം സബ്‌സിഡി ഫിഷറീസ് വകുപ്പ് നല്‍കും. ജില്ലയില്‍ ആറാട്ടുപുഴ, ആലപ്പുഴ, തണ്ണീര്‍മുക്കം, പള്ളിപ്പുറം, വയലാര്‍, തൈക്കാട്ടുശേരി, പാണാവള്ളി തുടങ്ങിയ വിവിധ സ്ഥലങ്ങളിലായി 35 ഗ്രൂപ്പുകളില്‍ പദ്ധതി നടപ്പാക്കുന്നു. ഒരു യൂണിറ്റിന് 10 കൂടുകള്‍ നിര്‍മ്മിക്കാനുള്ള വലയും മറ്റും ഫിഷറീസ് വകുപ്പ് നല്‍കും. പ്ലാസ്റ്റിക് പൈപ്പുകളോ തടിയോ ഉപയോഗിച്ച് ദീര്‍ഘ ചതുരാകൃതിയിലുണ്ടാക്കിയ ഫ്രെയിമുകളുടെ നാലുവശവും കണ്ണിയകലം കുറഞ്ഞ വലകൊണ്ട് പൊതിഞ്ഞാണ് കൂടുകളുണ്ടാക്കുന്നത്. രണ്ടു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ ആഴവുമുള്ള കൂടുകളാണ് നിര്‍മിക്കുന്നത്. ഒരു കൂടില്‍ 200 കുഞ്ഞുങ്ങളെവരെ നിക്ഷേപിക്കും. ആറുമുതല്‍ എട്ടുമാസം വരെ കൂടുകളില്‍ വളരുന്ന കാളാഞ്ചി, കരിമീന്‍ കുഞ്ഞുങ്ങള്‍ 250 മുതല്‍ 450 ഗ്രാം വരെ വളര്‍ച്ചയുണ്ടാകും. ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സി പി അനിരുദ്ധന്‍, നോഡല്‍ ഓഫീസര്‍ ജാസ്മിന്‍ കെ ജോസ്, പ്രോജക്ട് അസിസ്റ്റന്റ് രശ്മി വിശ്വനാഥന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജില്ലയിലെ മത്സ്യം വളര്‍ത്തല്‍ പുരോഗമിക്കുന്നത്. പാണാവള്ളി പഞ്ചായത്ത് കൈതപ്പുഴ ആത്മഗ്രൂപ്പിന്റെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം പി എം പ്രമോദ് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ നടത്തിയ വിളവെടുപ്പില്‍ അഞ്ചുകൂടുകളില്‍ നിന്ന് 240 കിലോയോളം കരിമീന്‍ ലഭിച്ചു. വാര്‍ഡ് അംഗം സുനിത കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ആത്മ അസിസ്റ്റന്റ് ടെക്‌നോളജിസ്റ്റ് സജിമോന്‍, ഗ്രൂപ്പ് കണ്‍വീനര്‍ പി ദിലീപ്, ടി വിനീഷ്, കെ ബി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.