Friday
20 Apr 2018

രാസായുധ കഥ പൊളിയുന്നു

By: Web Desk | Sunday 15 April 2018 1:53 PM IST

കെ രംഗനാഥ്
ദുബായ്: രാസായുധങ്ങള്‍ക്കെതിരെയെന്ന പേരില്‍ യുഎസ് ഇന്നലെ സിറിയയ്ക്ക് എതിരെ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു സൈനികവും രാഷ്ട്രീയവുമായ ലക്ഷ്യം തെറ്റിയെന്ന് അറബ് നയതന്ത്രജ്ഞരും യുദ്ധകാര്യ വിദഗ്ധരും.
ആക്രമണത്തിനുവേണ്ടി ചമച്ച തിരക്കഥ ഇറാഖി അധിനിവേശകാലത്ത് സദ്ദാം ഹുസൈന് എതിരെ യുഎസ് പുറത്തുവിട്ടതും പിന്നീട് പൊളിയാണെന്നു തെളിഞ്ഞതുമായ തന്ത്രത്തിനു സമാനമായിപോയെന്ന് അമേരിക്കയോടൊപ്പം നില്‍ക്കാറുള്ള അറബ്‌രാജ്യങ്ങളും തുറന്നുപറഞ്ഞതോടെ പ്രസിഡന്റ് ട്രംപിന്റെ മറ്റൊരു അന്താരാഷ്ട്ര നീക്കവും പാളി. 71 യുഎസ് ക്രൂയിസ് മിസൈലുകള്‍ ശനിയാഴ്ച പുലര്‍ച്ചയോടെ സിറിയയ്ക്ക് എതിരേ തൊടുത്തുവിട്ടതില്‍ ഭൂരിപക്ഷത്തേയും തകര്‍ത്തതായി റഷ്യന്‍ മാധ്യമമായ ‘സ്ഫുട്‌നിക്’ ഇന്നലെ വെളിപ്പെടുത്തി. ലക്ഷ്യം തെറ്റി ജനവാസ മേഖലകളില്‍ പതിച്ച യുഎസ് മിസൈലുകള്‍ എത്ര സിവിലിയന്‍ നാശനഷ്ടമുണ്ടാക്കിയെന്ന് വ്യക്തമല്ല.
രാസായുധ നിര്‍മാണശാലയെന്ന് യുഎസ് അവകാശപ്പെട്ട് യുഎസ് മിസൈലുകള്‍ പായിച്ച ഷായിറിത്ത് വ്യോമതാവളത്തില്‍ റഷ്യന്‍ ജനറല്‍ കൊനോഷെങ്കോവ് ഇന്നലെ വിദേശമാധ്യമപ്രവര്‍ത്തകരുമായി സന്ദര്‍ശനം നടത്തി. രാസവാതകം ശ്വസിക്കാതിരിക്കാനുള്ള മാസ്‌ക് ധരിക്കാതെയായിരുന്നു റഷ്യന്‍ ജനറലിന്റെയും മാധ്യമപ്രവര്‍ത്തകരുടേയും സന്ദര്‍ശനം. ഈ പ്രദേശത്ത് രാസായുധ സാന്നിധ്യമേയുണ്ടായില്ലെന്ന് മാധ്യമസംഘം ഇന്നലെ ഉച്ചയോടെ സ്ഥിരീകരിച്ചു. ഇസ്‌ലാമിക ഭീകരവാദികളായ നുസ്‌റാഫ്രണ്ടും ജെയ്ഷ്അല്‍ ഇസ്ലാമും യുഎസുമായി ബന്ധമുള്ള ഒരു കുപ്രസിദ്ധ സംഘടനയായ ‘വൈറ്റ് ഹെല്‍മറ്റ്‌സ്’ മെനഞ്ഞ കഥ യുഎസും പാശ്ചാത്യമാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നുവെന്നു സിറിയയില്‍ രാസായുധം പ്രയോഗിച്ചുവെന്ന കെട്ടുകഥ ഇന്നലത്തെ ആക്രമണത്തോടെ പൊളിഞ്ഞിരിക്കുകയാണെന്നും യുഎസില്‍ വിര്‍ജിനിയയില്‍ നിന്നുള്ള സെനറ്ററായ റിച്ചാര്‍ഡ് ബ്ലാക്ക് നടത്തിയ പ്രസ്താവന ഗള്‍ഫ് നയതന്ത്ര കേന്ദ്രങ്ങള്‍ ഇന്നലെ ഉദ്ധരിച്ചതും ശ്രദ്ധേയമായി. എല്ലാംകൊണ്ടും ഒരു നഷ്ടയുദ്ധമാണ്. സിറിയയ്‌ക്കെതിരെ യുഎസ് നടത്തിയതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും പരിഹസിച്ചു.
സിറിയന്‍ പ്രസിഡന്റ് അസാദ് അല്‍ബാഷറിനെ പുറത്താക്കണമെന്ന നിലപാടുള്ള ഗള്‍ഫിലെ പ്രമുഖ രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്റ്റുമടക്കമുള്ള ഗള്‍ഫ് സഖ്യത്തിന്റെ ഉപരോധത്തിലുള്ള ഖത്തര്‍ മാത്രമാണ് യുഎസ് ആക്രമണത്തെ അപലപിച്ചതെന്നതും ശ്രദ്ധേയം. ഈജിപ്റ്റും ലബനോണും യുഎസ് അധിനിവേശത്തിലുള്ള ഇറാഖി പാവ സര്‍ക്കാരിന്റെ വിദേശമന്ത്രാലയം പോലും യുഎസ് ആക്രമണത്തെ അപലപിച്ചതും ട്രംപിന് വന്‍ പ്രഹരമായി. സിറിയന്‍ ദൗത്യം’ അപ്പാടെ പാളുകയും ബൂമറാംഗ് ചെയ്തതുകൊണ്ടുമാകാം യുഎസ് ദൗത്യം പൂര്‍ത്തിയായി എന്ന് ട്രംപ് ജാള്യതയോടെ പറഞ്ഞതെന്നും നയതന്ത്രജ്ഞര്‍ കരുതുന്നു. റഷ്യന്‍ മിസൈലുകളില്‍ നിന്ന് ഏറ്റ തിരിച്ചടിയും യുഎസ് ആക്രമണത്തിനെതിരെ ഉയര്‍ന്ന ലോകാഭിപ്രായവും മൂലം അടുത്തെങ്ങും മറ്റൊരു സിറിയന്‍ ആക്രമണത്തിന് ട്രംപ് മുതിരില്ലെന്നാണ് നയതന്ത്ര-സൈനികതന്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

Related News