Saturday
16 Dec 2017

താന്തിയോതോപെ

By: Web Desk | Monday 4 December 2017 11:22 PM IST

ഗൗതം എസ് എം
ക്ലാസ്: 5 ബി
ഇന്ത്യന്‍ സ്‌കൂള്‍,
അല്‍ഗൂബ്ര, മസ്‌കറ്റ്

സൈനിക വിപ്ലവത്തിന്റെ പരാജയത്തെ തുടര്‍ന്ന് താന്തിയോതോപെയും പലായനം ചെയ്തു. വിന്ധ്യപര്‍വതത്തിലെ ഘോരവനങ്ങളുടെ മുക്കും മൂലയും അദ്ദേഹത്തിന് പരിചിതമായിരുന്നു. അതുല്യനായ ഒരു ഒളിപ്പോരാളിയാകുവാന്‍ ആ കാടുകള്‍ അദ്ദേഹത്തെ വളരെയേറെ സഹായിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം മാനസിംഹന്‍ എന്ന വിശ്വസ്തനായ സുഹൃത്തുമുണ്ടായിരുന്നു. വനജീവിതം മടുത്തു നാട്ടിലേയ്ക്ക് മടങ്ങിയപ്പോള്‍ മാനസിംഹന്‍ തോപെയെ ശത്രുക്കള്‍ക്ക് കാട്ടിക്കൊടുത്തു. ഇംഗ്ലീഷ് സൈന്യം മാനസിംഹനെ വിലയ്‌ക്കെടുക്കുകയായിരുന്നു. മംഗള്‍പാണ്ഡെയെ ശിക്ഷിച്ചതുപോലെ വളരെ ഹീനമായ രീതിയില്‍ തുറന്ന മൈതാനത്ത് തൂക്കുമരം നിര്‍മിച്ച് അതില്‍ കുരുക്കിട്ട് കെട്ടിത്തൂക്കി താന്തിയോതോപെയെ അവര്‍ കൊല്ലുകയായിരുന്നു.
ഹിക്ക്മത്തുള്ള
ഫത്തേപ്പൂരില്‍ കലാപം നയിച്ച ഹിക്ക് മത്തുള്ളയെയും ഇംഗ്ലീഷുകാര്‍ തൂക്കിക്കൊന്നു. ഡെപ്യൂട്ടി കളക്ടറായിരുന്ന ഹിക്ക്മത്തുള്ള ഉദേ്യാഗം രാജിവച്ച് കലാപകാരികളോട് ചേരുകയാണുണ്ടായത്. ഫത്തേപ്പൂരിനെ മോചിപ്പിക്കാന്‍ ആയുധമെടുത്ത് പോരാടി. സ്വതന്ത്ര ഫത്തേപ്പൂരിന്റെ ഭരണസാരഥ്യമേറ്റെടുത്തെങ്കിലും അദ്ദേഹത്തെയും ബ്രിട്ടീഷ് പട്ടാളം വിചാരണ പോലും ചെയ്യാതെ ഓഫീസ് വളപ്പില്‍ പടര്‍ന്നു പന്തലിച്ചുനിന്ന വൃക്ഷക്കൊമ്പില്‍ കെട്ടിത്തൂക്കിക്കൊന്നു.
ബീഗം ഹസ്രത്ത്മഹല്‍
അവധിലെ ഭരണാധികാരിയായിരുന്ന ഹസ്രത്ത് മഹലിനായിരുന്നു ലക്‌നൗവിലെ കലാപത്തിന്റെ നേതൃത്വം. അവരുടെ ബാലനായ മകന്‍ ബിര്‍ജിസ് കാദറെ നവാബായി പ്രഖ്യാപിച്ചത് അംഗീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ തയാറായില്ല. അവധ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിയെങ്കിലും അവിടത്തെ കര്‍ഷകരും സെമിന്ദാര്‍മാരും ബീഗത്തിന് പിന്തുണ നല്‍കി. കലാപത്തിന്റെ തുടക്കത്തില്‍ ലക്‌നോവില്‍ നിന്നും ബ്രിട്ടീഷുകാരെ തുരത്തുവാന്‍ കഴിഞ്ഞെങ്കിലും അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
മൗലവി അഹമ്മദുള്ള
കലാപത്തിന് ധീരമായ നേതൃത്വം നല്‍കിയ മതപണ്ഡിതന്മാരില്‍ പ്രധാനിയായിരുന്നു അഹമ്മദുള്ള. ഇംഗ്ലീഷുകാര്‍ അവധ് കൈയടക്കിയപ്പോള്‍ ഫൈസാബാദിലേക്ക് താമസം മാറ്റാന്‍ അദ്ദേഹം പരസ്യമായി ജനങ്ങളോട് ആഹ്വനം ചെയ്തു. ഫൈസാബാദില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസുകാരോടേറ്റുമുട്ടി സാരമായി മുറിവേറ്റതിനെത്തുടര്‍ന്ന് അദ്ദേഹം കീഴടങ്ങി. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ദേഹം ജയിലിലായിരുന്നു. ജയില്‍ മോചിതനായ ശേഷം ലക്‌നൗവിലെ ബ്രിട്ടീഷ് റസിഡന്‍സിക്ക് നേരെ നടന്ന ആക്രമണത്തിലും മറ്റും നേതൃത്വം വഹിച്ചു. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.