Friday
21 Sep 2018

അധ്യാപകദിനം പുനരുജ്ജീവനദിനം

By: Web Desk | Wednesday 5 September 2018 8:51 AM IST

O K JAYAKRISHNAN

ഒ കെ ജയകൃഷ്ണന്‍

സെപ്റ്റംബര്‍ 5, നാം അധ്യാപകദിനമായി ആചരിക്കുകയാണ്. നാളത്തെ ഇന്ത്യയുടെ തലമുറകളെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്കായി ഒരു ദിനം. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനം കൂടിയാണ് ഈ ദിനം. മഹാനായ അധ്യാപകനും ഭരണാധികാരിയുമായിരുന്ന അദ്ദേഹം 1888 സെപ്റ്റംബര്‍ 5ന് തമിഴ്‌നാട്ടിലെ തിരുത്തണിയിലാണ് ജനിച്ചത്.
കഴിഞ്ഞ നൂറ്റാണ്ടിലെ ദാര്‍ശനികനും പണ്ഡിതനുമായ ഡോ. എസ് രാധാകൃഷ്ണന്‍ അധ്യാപകനെന്ന നിലയില്‍ നിരവധി സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായും തുടര്‍ന്ന് രാഷ്ട്രപതിയായും രാജ്യത്തെ സേവിച്ചു. ഇന്ത്യയുടെ നവീന വിദ്യാഭ്യാസം ചിട്ടപ്പെടുത്തുന്നതില്‍ നേതൃത്വം നല്‍കിയ ഡോ. രാധാകൃഷ്ണന്റെ ജന്മദിനം തന്നെ അധ്യാപക ദിനമായി നാം തിരഞ്ഞെടുത്തു.
വിദ്യാഭ്യാസം മനുഷ്യവികാസത്തിന്റെ അടിസ്ഥാന ഘടകമായി നിലകൊള്ളുന്ന ആധുനിക സാഹചര്യത്തില്‍ അധ്യാപകന്റെ കടമകള്‍ വലുതാണ്. കേവലം ശിക്ഷണം നല്‍കുക എന്നതിനപ്പുറം കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തമാക്കുകയെന്ന ദൗത്യമാണിന്നുള്ളത്. അറിവ് മുഴുവന്‍ വിരല്‍തുമ്പില്‍ ആവാഹിച്ച് നടക്കുന്ന പുതുതലമുറയുടെ ശീലങ്ങളും രീതികളും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. വിവരസാങ്കേതിക വിദ്യയുടെ വിസ്‌ഫോടനകാലത്ത് അധ്യാപനം വെല്ലുവിളി നിറഞ്ഞതാകുന്നു. കുട്ടിയുടെ അന്വേഷണത്തെയും പഠനത്തെയും പോഷിപ്പിക്കുന്നതരത്തില്‍ പഠനാന്തരീക്ഷത്തെ മാറ്റാന്‍ അധ്യാപകന് കഴിയേണ്ടിയിരിക്കുന്നു. വെല്ലുവിളികളെ നേരിടാന്‍ അധ്യാപകന്‍ അറിവിനെ നവീകരിക്കുകയും പുതിയതിനെ സ്വാംശീകരിക്കുകയും വേണം. ഇതിലൂടെ ആരോഗ്യകരവും സൗഹൃദപരവുമായ ഒരു അധ്യയനാന്തരീക്ഷം വിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കാന്‍ കഴിയും.
കേരളത്തില്‍ അധ്യാപകദിനം പുനരുജ്ജീവനത്തിന് ഊര്‍ജ്ജം നല്‍കുന്ന ദിനമാണ്. ഏതൊരു വിദ്യാലയത്തില്‍ നിന്നും ലഭിക്കാത്തതരത്തിലുള്ള പ്രളയത്തിന്റെ തീക്ഷ്ണമായ അനുഭവപാഠങ്ങളാണ് സംസ്ഥാനത്തെ കുറെയധികം കുട്ടികള്‍ക്കുള്ളത്. പുസ്തകത്താളുകളില്‍ കണ്ട പുഴയോ ജലമോ അല്ല അവന്റെ മുന്നിലുണ്ടായിരുന്നത്. സര്‍വതിനുമൊപ്പം തന്റെ പഠനോപകരണങ്ങളും നഷ്ടപ്പെട്ടവര്‍ ഭീതിയോടെ മുറിവേറ്റ മനസുമായി ക്ലാസുകളിലെത്തുമ്പോള്‍ ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നുകൊണ്ട് അധ്യാപകര്‍ മുന്നിലുണ്ടാകും. നഷ്ടപ്പെട്ടവയെക്കാള്‍ എത്രയോ മടങ്ങ് ഇനി നേടാനുണ്ടെന്നും അതിനാണ് ഇനിയുള്ള നാളുകളെന്നും അവരെ ബോധ്യപ്പെടുത്തണം. പ്രളയംകൊണ്ടാഘാതമേറ്റ കുരുന്നുകള്‍ക്കും അധ്യാപകമനസുകള്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന ദിനമാകും കേരളത്തില്‍ ഈ വര്‍ഷത്തെ അധ്യാപക ദിനം.