സാങ്കേതികവിദ്യ ജനങ്ങളുടെ ഉന്നമനത്തിനാണെന്ന് ഉറപ്പു വരുത്തണം; സത്യ നദെല്ല

കൊച്ചി: സാങ്കേതിക വിദ്യയുടെ പ്രാഥമികമായ കര്‍ത്തവ്യം ജനങ്ങളുടെ ഉന്നമനമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പൊതുസ്വകാര്യ മേഖലയെ സാങ്കേതികവിദ്യയുടെ കടന്നു വരവ് എങ്ങിനെ സഹായിക്കുമെന്ന് പരിശോധിക്കലാണ് സുപ്രധാന വെല്ലുവിളി. ഇന്ത്യയിലെ സാങ്കേതിക വിദ്യാ മുന്നേറ്റം വിവിധ മേഖലകളെ സഹായിക്കുന്നത് വീക്ഷിക്കുന്നത് അങ്ങേയറ്റം ആവേശകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ മുന്‍കൂട്ടിയറിയാന്‍ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിക്കുന്നതും, കാലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ സ്വഭാവം അളക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതിനുദാഹരണങ്ങളാണ്.
സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞു പോകുന്നത് നിയന്ത്രിക്കാന്‍ ക്ലൗഡ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. പൗരമ്മാര്ക്കുള്ള സേവനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാരെ ശാക്തീകരിക്കാനും കയ്സാല ആപ്പ് ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യ മറ്റുള്ളവരുടെ ഉന്നമനത്തിനു വേണ്ടി ഉപയോഗപ്പെടുന്നതാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് സത്യ നദെല്ല പറഞ്ഞു. ഈ ലോകത്തിലെ ഓരോ മനുഷ്യരും സ്ഥാപനങ്ങളും കൂടുതല്‍ നേട്ടം കൈ വരിക്കണമെന്നാണ് മൈക്രോസോഫ്റ്റിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വൈജ്ഞാനിക മേഖലയിലെ മികച്ച ബുദ്ധികേന്ദ്രങ്ങളെ ഒരുമിച്ച് കൊണ്ടു വരാന്‍ ഹാഷ് ഫ്യൂച്ചറിന് കഴിഞ്ഞത് പ്രതീക്ഷ നല്കുന്ന കാര്യമാണ്. ഈ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഭാവിയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തിനെ പരിവര്‍ത്തനം ചെയ്യാനുള്ള പ്രതിവിധികളെക്കുറിച്ച് സ്വപ്നം കാണാനും, നിര്‍മ്മിക്കാനും സാധിക്കുന്നതു വഴിയാണ് ലോകത്തില്‍ മാറ്റം കൊണ്ടു വരാന്‍ സാധിക്കൂവെന്നും സത്യ നദെല്ല പറഞ്ഞു.