Monday
25 Jun 2018

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളെല്ലാം പരസ്പരം ശക്തിപ്പെടുത്തുന്നതാവണം

By: Web Desk | Saturday 24 February 2018 6:40 PM IST

കൊച്ചി: സമുദ്രത്തിന്റെ കാവല്‍, മേല്‍നോട്ടം, പര്യവേഷണം എന്നിവയും പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാനുള്ള ശാസ്ത്ര സാങ്കേതിക പദ്ധതികളെല്ലാം രാജ്യത്തിന്റെ പരമാധികാര സുരക്ഷയ്ക്കും സാമ്പത്തിക താല്‍പര്യത്തിനും തുല്യ പ്രാധാന്യം നല്‍കുന്നതാണെന്ന് നാവിക സേനയുടെ ദക്ഷിണ മേഖല കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എ.ആര്‍ കര്‍വി പറഞ്ഞു.
സോണാര്‍ സാങ്കേതിക വിദ്യയും അന്തര്‍ജല സെന്‍സറുകളുടെ സാങ്കേതിക വിദ്യയും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം എക്കോണ്‍സ് 2018ന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിരോധ വകുപ്പിന് കീഴില്‍ 1958ല്‍ സ്ഥാപിതമായ ഡിആര്‍ഡിയോയുടെ സുപ്രധാന ലബോറട്ടറി വിഭാഗമായ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി ( NPOL )യാണ് സമ്മേളനത്തിന്റെ സംഘാടകര്‍.
പ്രതിരോധ, സാമ്പത്തിക മേഖലകളിലെ സാങ്കേതിക വിദ്യകള്‍ പരസ്പരം ശക്തിപ്പെടുത്തുന്നതാവണം. പോയ കാലത്തില്‍ നിന്നും വിഭിന്നമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സമുദ്ര വിഭവങ്ങളെയും, സമുദ്ര ഗതാഗതത്തെയും വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇന്ത്യന്‍ നാവിക സേന എല്ലാ തലങ്ങളിലും സമുദ്ര സുരക്ഷ ഉറപ്പു വരുത്താന്‍ പ്രതിജ്ഞാബദ്ധമാണ് അദ്ദേഹം പറഞ്ഞു.
സോണാര്‍ സാങ്കേതിക വിദ്യയും നിരീക്ഷ വ്യൂഹവും അനുബന്ധ സാങ്കേതിക വിദ്യകളും സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും വികസനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന എന്‍.പി.ഒ.എല്‍ന് ഇന്ത്യന്‍ നേവിയുമായി അവിഭാജ്യമായ ബന്ധമാണുള്ളത്. നാവികസേനയുടെ ഭൂരിപക്ഷം കപ്പലുകളിലും അന്തര്‍വാഹിനികളിലും ഘടിപ്പിച്ചിട്ടുള്ള എന്‍.പി.ഒ.എല്‍ന്റെ നിരീക്ഷ സംവിധാനങ്ങള്‍ ലോകോത്തര നിലവാരമുള്ളവയാണെന്നും വൈസ് അഡ്മിറല്‍ എ.ആര്‍ കര്‍വി പറഞ്ഞു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ എന്നിവ സൈനിക രൂപകല്‍പനയിലും പ്രതിരോധ കാഴ്ച്ചപ്പാടിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആരോഗ്യസ്വാമി ജെ പോള്‍രാജ് വിശദീകരിച്ചു. പുതിയ കാലഘട്ടത്തിലെ സൈനികര്‍ക്ക് ദൗത്യ പൂര്‍ത്തീകരണത്തിനായി അസാധാരണവും അതിശക്തവുമായ പിന്‍ബലമാണ് റോബോട്ടിക്‌സ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കപ്പലുകളിലും അന്തര്‍വാഹിനികളിലും ഘടിപ്പിക്കുന്ന സോണാറുകള്‍, ജലത്തിനടിയിലെ ശബ്ദങ്ങള്‍ രേഖപ്പെടുത്താന്‍ കപ്പലിനോട് കേബിള്‍ വഴി ബന്ധിപ്പിക്കുന്ന സോണാറുകള്‍, എയര്‍ബോണ്‍ സോണാറുകള്‍ തുടങ്ങിയവ ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി എന്‍.പി.ഒ.എല്‍ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് ഈ മേഖലയിലുള്ള സ്വാശ്രയത്വത്തിന് എന്‍.പി.ഒ.എല്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാനും എന്‍.പി.ഒ.എല്‍. ഡയറക്ടറുമായ ശ്രീ. എസ്. കേദാര്‍നാഥ് ഷേണായി പറഞ്ഞു .
ഡിആര്‍ഡിഒയുടെ വജ്രജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് സമ്മേളനം നടന്നത്. മൂന്നു ദിവസം നീണ്ട സമ്മേളനത്തില്‍ സോണാറുകളും അനുബന്ധ സാങ്കേതിക വിദ്യകളും സംബന്ധിച്ച് ഏറ്റവും പുതിയ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും നടന്നു. ഈ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഒത്തുചേര്‍ന്ന സമ്മേളനമാണിത്. സോണാറും അനുബന്ധ സാങ്കേതിക വിദ്യകളും ഇന്ത്യുടെ സ്വയം പര്യാപ്തതയും സംബന്ധിച്ച് പ്രദര്‍ശനവും സംഘടിപ്പിച്ചു.