Friday
22 Jun 2018

പൊരുതാനുറച്ച് മേ

By: Web Desk | Tuesday 10 October 2017 12:56 AM IST

ലണ്ടന്‍: ബ്രിട്ടന്‍ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം കുറഞ്ഞ തെരേസാ മേ കടുത്ത വെല്ലുവിളിയിലേക്ക്. പാര്‍ട്ടിയില്‍ തനിക്കെതിരായ വിമതനീക്കങ്ങളെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.
സമചിത്തതയാണ് മുഖമുദ്രയെങ്കിലും എളുപ്പത്തില്‍ പരാജയം സമ്മതിക്കുന്ന ആളല്ല താനെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് തെരേസ മേയുടെ പടപുറപ്പാട്. എല്ലാകാര്യത്തിലും നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിത്വമാണ് തന്റേതെന്നും വിമതനീക്കങ്ങളോടു പ്രതികരിക്കവേ തെരേസ മേ പറഞ്ഞു. സണ്‍ഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി വിമത നീക്കങ്ങള്‍ക്കെതിരായ തന്റെ തുറന്ന സമീപനം വ്യക്തമാക്കിയത്.
വിമത നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തെരേസ മേ ഈയാഴ്ചയോ അടുത്തയാഴ്ച ആദ്യമോ കാബിനറ്റ് പുനഃസംഘടിപ്പിക്കുമെന്നാണ് നിലവിലുള്ള നിഗമനം. സര്‍ക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ച് വിമതര്‍ക്ക് എല്ലാ വഴിമരുന്നും ഇട്ടുനല്‍കുന്ന വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ വിമത നീക്കം ശക്തമായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്കു പിന്നില്‍ എല്ലാ മന്ത്രിമാരും ഉറച്ചുനില്‍ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഈ അസംബന്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, പ്രധാനമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് ബോറിസ് ജോണ്‍സണ്‍ എഴുതിയ ലേഖനങ്ങളാണ് വിമതര്‍ക്ക് പരസ്യമായി രംഗത്തുവരാന്‍ ശക്തിപകര്‍ന്നിരിക്കുന്നത്. അഞ്ച് മുന്‍ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുപ്പതോളം ടോറി എംപിമാരാണ് ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മേക്കെതിരേ വിമതനീക്കത്തിനു തയാറെടുക്കുന്നത്. ക്രിസ്മസിനു മുമ്പ് തെരേസ മേയെ പുറത്തു ചാടിച്ച് പുതിയ പ്രധാനമന്ത്രിയെ വാഴിക്കാനാണ് ഇവരുടെ നീക്കം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്‌സ് പരസ്യമായി കഴിഞ്ഞദിവസം നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തു. നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നായിരുന്നു ഷാപ്‌സ് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ സമാപിച്ച ടോറി പാര്‍ട്ടിയുടെ വാര്‍ഷികയോഗത്തിനു ശേഷമാണ് തെരേസ മേയ്‌ക്കെതിരേ വിമതനീക്കം ശക്തമായത്. പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം രേഖപ്പെടുത്താല്‍ 316 എംപിമാരില്‍ 48 പേരുടെ പിന്തുണ അനിവാര്യമാണ്. ഇത് സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് വിമതര്‍.

Related News