Friday
19 Oct 2018

അഫ്ഗാനെതിരെ രഹാനെ നായകന്‍

By: Web Desk | Tuesday 8 May 2018 11:23 PM IST

മുംബൈ: ക്രിക്കറ്റിലെ നവാഗതരായ അഫ്ഗാനിസ്ഥാനുമായി അടുത്ത മാസം നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യയെ അജിന്‍ക്യ രഹാനെ നയിക്കും. കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനായി വിരാട് കോലി ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവു നേടിയതിനെ തുടര്‍ന്നാണ് പകരക്കാരനായി അജിന്‍ക്യ രഹാനെ നായക പദവിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനോടൊപ്പം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.
കരുണ്‍ നായര്‍, പേസ് ബൗളര്‍ ശര്‍ദൂല്‍ താക്കൂര്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ അഫ്ഗാനെതിരായ ടെസ്റ്റിനുള്ള ടീമില്‍ സ്ഥാനം പിടിച്ചു. വിരാടിനെ കൂടാതെ ജസ്പ്രീത് ബൂംമ്ര, രോഹിത് ശര്‍മ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും ടീമില്‍ നിന്നും ഒഴിവാക്കി. ജൂണ്‍ 14 മുതല്‍ 18 വരെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ഇതിനു പിന്നാലെ അയര്‍ലന്‍ഡിനെതിരായി നടക്കുന്ന ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടീമിനെയും ഇംഗ്ലണ്ട് പര്യടനത്തിനിടെ നടക്കുന്ന ട്വന്റി20, ഏകദിന മത്സരങ്ങള്‍ക്കുമുള്ള ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചു. ഈ മൂന്ന് പരമ്പരകളിലും വിരാട് കോലി ടീം ഇന്ത്യയുടെ നായകനായി മടങ്ങിയെത്തും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചു. ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ ‘എ’ ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ എ ടീമിന്റെ ചതുര്‍ദിന മത്സരത്തില്‍ സഞ്ജു ഉള്‍പ്പെട്ടില്ല.