Tuesday
20 Nov 2018

പാഠപുസ്തകങ്ങൾ ഇനി ബ്രയിൽ ലിപിയിലും

By: Web Desk | Saturday 23 June 2018 4:58 PM IST

ബ്രയിൽ ലിപി അറബി പാഠ പുസ്തകം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പ്രകാശനം ചെയ്യുന്നു
കോഴിക്കോട്: പൊതു വിദ്യാലയങ്ങളിലും സ്പെഷൽ സ്കൂളുകളിലും പഠിക്കുന്ന കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്ക് അറബി ഭാഷ പാഠപുസ്തകങ്ങളും ഇനി ബ്രയിൽ ലിപിയിൽ വായിക്കാം. കാഴ്ചയില്ലാത്തവരുടെ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരം ഏഴാം തരം വരെയുള്ള പാഠപുസ്തകങ്ങൾ ബ്രയിൽ ലിപിയിൽ അച്ചടിച്ചത്.
ബ്രയിൽ ലിപിയിൽ അറബി സാങ്കേതിക വിദ്യയുടെ അപര്യാപ്തത  മൂലം ഇതു വരെയായും കാഴ്ചയില്ലാത്ത വിദ്യാർത്ഥികൾക്ക് അറബി പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നില്ല. ജില്ലയിലെ അന്ധവിദ്യാലയങ്ങളിലേക്കും, പൊതു വിദ്യാലയങ്ങളിലെ കാഴ്ചയില്ലാത്ത വിദ്യാർത്ഥികൾക്കുമുള്ള പാഠപുസ്തക വിതരണം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഢണ്ട് ബാബു പറശ്ശേരി ആയിഷ സമീഹ, ഫാത്തിമ ഹവ എന്നീ കുട്ടികൾക്ക്  നൽകി ഉത്‌ഘാടനം നിർവഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  റീന മുണ്ടേങ്ങാട്ട്  മുഖ്യാതിഥിയായി. അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ്  സംസ്ഥാന പ്രസിഡന്റ്  പി എ അബ്ദുൽകരീം, സെക്രട്ടറി പി ടി മുഹമ്മദ് മുസ്തഫ, കെ എ ടി എഫ്  മുൻ സംസ്ഥാന സെക്രട്ടറി സി അബ്ദുൽ അസീസ്, ജില്ലാ സെക്രട്ടറി എ അബ്ദുൾ റഹീം, ഉപജില്ലാ വൈസ് പ്രസിഡന്റ് വി  മുഹമ്മദ് ഷെരീഫ്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് വി സൈനബ ടീച്ചർ, കെ എസ്‌ ടി യു വൈസ് പ്രസിഡന്റ് സി കെ മുഹമ്മദ് അമീർ, കോർഡിനേറ്റർ സി എച് റാഷിദ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.