Wednesday
21 Nov 2018

തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ ആറ് പേര്‍ സുരക്ഷാ തീരത്ത്

By: Web Desk | Sunday 8 July 2018 7:05 PM IST

*ഗുഹയ്ക്കുള്ളില്‍ നിന്ന് നാല് പേര്‍ പുറത്തേക്ക്
*രണ്ടാംഘട്ട ദൗത്യം നാളെ

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ ആറ് പേര്‍ സുരക്ഷാതീരത്ത്. ഇതില്‍ നാല് പേരെ ഗുഹാമുഖത്തെത്തിച്ച് ചിയാങ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപെടുത്തിയ രണ്ടുപേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ശേഷിച്ച ഏഴു പേര്‍ക്കായി പത്തു മണിക്കൂറിനകം രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സംഘത്തലവന്‍ നാരോങ്‌സാങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടം അവസാനിച്ചതായി തായ്‌ലന്‍ഡ് നേവി സീല്‍ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

രക്ഷപെട്ട കുട്ടികളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗുഹാമുഖത്തു നിന്നും ആശുപത്രിപ്രദേശത്ത് നിന്നും മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയിരുന്നു. അതിനിടെ ഗുഹയ്ക്കു സമീപം മഴ ആരംഭിച്ചത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. നിര്‍ണായക ദിവസം ഇന്നാണെന്നു വ്യക്തമാക്കിയ രക്ഷാസംഘം ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തിനാണ് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടം ആരംഭിച്ചത്. 18 രക്ഷാപ്രവര്‍ത്തകരില്‍ പത്ത് പേര്‍ ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചു. തുടര്‍ന്ന് ബാക്കിയിള്ളവരും.

പ്രദേശിക സമയം വൈകിട്ട് 5.40ന് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചു. 5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമന്‍ 7.40നും നാലാമത്തെ കുട്ടി 7.50നും പുറത്തെത്തി. നിലവില്‍ രക്ഷാസംഘം വിവിധയിടങ്ങളില്‍ വിശ്രമത്തിലാണ്. ഡൈവിങ് സംഘങ്ങള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റര്‍ ദൂരം കുട്ടികള്‍ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേര്‍ത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം.

വിദേശത്തു നിന്നുള്ള 50 ഡൈവര്‍മാരും തായ്‌ലന്‍ഡില്‍ നിന്ന് 40 പേരുമാണു നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുള്ളത്. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കും. കാലാവസ്ഥ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക. കാലവസ്ഥ അനുകൂലമാണെങ്കില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മുഴുവന്‍ കുട്ടികളെയും പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

4 boys rescued from Thailand cave as divers work to retrieve others

HAPPENING NOW: ABC News has the latest on rescue efforts to extract a trapped soccer team from a Thai cave. Four of the boys have already been rescued as divers continue to work to retrieve others. https://abcn.ws/2u4HQCZ

Posted by ABC News on Sunday, July 8, 2018

Related News