Tuesday
24 Oct 2017

ചുരം സംരക്ഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സമിതിയ്ക്ക് രൂപം നല്‍കി

By: Web Desk | Wednesday 11 October 2017 8:40 PM IST

താമരശ്ശേരി: താമരശ്ശേരി താലൂക്ക് തഹസില്‍ദാര്‍ ചെയര്‍മാനും പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറുമായി ചുരം സംരക്ഷണത്തിന് സമിതിയ്ക്ക് രൂപം നല്‍കി. ചുരം സംരക്ഷണത്തിന് ഇനി മുതല്‍ ഈ സമിതിയായിരിക്കും മേല്‍നോട്ടം വഹിക്കുക.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 4,5,6.7 വാര്‍ഡുകളിലെ അംഗങ്ങളും നിലവിലെ ചുരം സംരക്ഷണ സമിതി ഭാരവാഹികളും താലൂക്ക് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമിതി അംഗങ്ങളായിരിക്കും. വികസന സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമിതിയ്ക്ക് രൂപം നല്‍കിയത്.
ചുരം റോഡിന്റെ വികസനവും ഗതാഗത പ്രശ്‌നവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വെള്ളിയാഴ്ച കോഴിക്കോട് കലക്‌ട്രേറ്റില്‍ ചേരുന്ന വയനാട്, കോഴിക്കോട് കലക്ടര്‍മാരുടെ യോഗത്തില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ചുരം രണ്ടാം വളവില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. പുതപ്പാടി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് കെ കെ നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒതയോത്ത് അഷ്‌റഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി എം പൗലോസ്, ഗിരീഷ് ജോണ്‍, വി കെ ഹുസ്സയിന്‍ കുട്ടി, ബിജു താന്നിക്കാംകുഴി, പി കെ സുകുമാരന്‍, മൊയ്തു മുട്ടായി തുടങ്ങിയവര്‍ സംസാരിച്ചു.