Friday
20 Jul 2018

ദേശീയപാത : തങ്കയ്യന്‍ഗുഹ സംരക്ഷിക്കും

By: Web Desk | Sunday 1 October 2017 1:29 AM IST

രാജാക്കാട്: ഇടുക്കി ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള തങ്കയ്യന്‍ ഗുഹ സംരക്ഷിച്ചുകൊണ്ടാകും ദേശീയപാത വികസനം പൂര്‍ത്തിയാക്കുകയെന്ന് അധികൃതരുടെ ഉറപ്പ്.
ദേശീയപാത വീതി കൂട്ടി നിര്‍മ്മാണം നടത്തുന്ന സാഹചര്യത്തില്‍ ധനുഷ്‌ക്കോടി ദേശീയപാതയില്‍ ഗ്യാപ് റോഡിലുള്ള കള്ളന്‍ തങ്കയ്യന്‍ ഒളിച്ചു താമസിച്ചിരുന്നതെന്ന് കരുതുന്ന ഗുഹ നശിപ്പിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗുഹ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചത്. 1955 മുതല്‍ 60 വരെ ടാറ്റാ ടീയുടെ കീഴിലുള്ള പള്ളിവാസല്‍ എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്നു തമിഴ് വംശജനായ തങ്കയ്യന്‍. അയല്‍വാസിയുടെ ലയത്തില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍പ്പെട്ട് ദേവികുളം പൊലീസിന്റെ പിടിയിലായി. അന്നു രാത്രി സ്റ്റേഷനില്‍ നിന്നും തോക്കുമായി രക്ഷപ്പെട്ട ഇയാള്‍ പള്ളിവാസല്‍ ആറ്റുകാട് ഭാഗത്തുള്ള കൊടുംവനത്തില്‍ ഒളിച്ചു കഴിഞ്ഞു. ഇതിനിടയില്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളവുമായി വന്ന വിന്‍സായിപ്പിനെ വെടിവച്ചു വീഴ്ത്താന്‍ ശ്രമിച്ചു. എന്നാല്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന സായിപ്പ് അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് മോഷണവും പിടിച്ചു പറിയും തുടര്‍ക്കഥയാക്കിയ തങ്കയ്യന്‍ മോഷണ മുതല്‍ പാവങ്ങള്‍ക്കു നല്‍കുന്നതിലും മനസ്സു കാണിച്ചിരുന്നു. ഗ്യാപ്പ് റോഡ് വഴി വരുന്നവരെ ആക്രമിച്ച് ആഭരണവും പണവും കവരുന്നത് പതിവായി. ഇക്കാലമത്രയും തങ്കയ്യന്‍ താമസിച്ചിരുന്നത് ഈ ഗുഹയ്ക്കുള്ളിലായിരുന്നു. ഇടയ്ക്ക് തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ പൊലീസ് വെടിവെച്ചു കൊന്നതായാണ് പറയപ്പെടുന്നത്.
വലിയ ചരിത്രം നില നില്‍ക്കുന്ന തങ്കയ്യന്‍ഗുഹ കാണുന്നതിനയി ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. ഇതിനിടയിലാണ് മൂന്നാര്‍- ബോഡിമെട്ട് ദേശീയപാത വീതി കൂട്ടി നിര്‍മ്മാണം ആരംഭിച്ചത്. ഇതോടെ റോഡിന്റെ വീതി കൂട്ടുമ്പോള്‍ ഗുഹ ഇല്ലാതാകുമെന്ന ആശങ്ക ഉയരുകയും നാട്ടുകാര്‍ ദേശീയപാത അധികൃതരോട് ഗുഹ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുഹ സരക്ഷിച്ച് നിലനിര്‍ത്തുവാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറഞ്ഞു. തങ്കയ്യന്‍ ഗുഹ സംരക്ഷിക്കുന്നതിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തി മൂന്നാര്‍ തേക്കടി റൂട്ടിലെ സഞ്ചാരികളുടെ ഇടത്താവളമാക്കി പ്രദേശത്തെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.