Sunday
24 Jun 2018

താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

By: Web Desk | Tuesday 13 March 2018 8:51 PM IST

ഹരിപ്പാട്:

താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ചെറുതന ആയാപറമ്പ് തോട്ടുങ്കല്‍ രാജമ്മ (52) യാണ് മുഖ്യമന്ത്രി ആരോഗ്യ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ മാസം 26 നാണ് സംഭവം.

കണ്ണിന് കാഴ്ച നഷ്ടപ്പെട്ട രാജമ്മ തൈറോയിഡിന് ശസ്ത്രക്രിയ നടത്തി കഴുത്തില്‍ ബെല്‍റ്റ് ഇട്ടിരിക്കയാണ്. കടുത്ത പ്രമേഹ രോഗവുമുണ്ട്. ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹരിപ്പാട് താലൂക്കാശുപത്രിയിലെ ജനറല്‍ ഒ പി യില്‍ ചികിത്സ തേടി. പരിശോധനയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നു കണ്ടെത്തി. തുടര്‍ന്ന് ജനറല്‍ ഒ പിയിലെ ഡോക്ടര്‍മാര്‍ തൊട്ടടുത്ത മുറിയിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണുന്നതിന് നിര്‍ദേശിച്ചു. അവിടെയുണ്ടായിരുന്ന രോഗികളുടെ അനുമതിയോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ ക്യാബിനിലേക്ക് സെക്യൂരിറ്റിയുടെ സഹായത്തോടെ കയറി. ഈ സമയം ഡോക്ടര്‍ തന്നോട് തട്ടിക്കയറുകയും ധിക്കാരത്തോട് സംസാരിക്കുകയും തന്നെ നോക്കാന്‍ സൗകര്യമില്ലന്ന് പറഞ്ഞ് കയ്യിലിരുന്ന പേന വലിച്ചെറിയുകയുമായിരുന്നു. പ്രകോപനമുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തിയും തന്നില്‍ നിന്നുണ്ടായിട്ടില്ലന്നും ആശുപത്രിയിലുണ്ടായിരുന്ന രോഗികളും സെക്ക്യൂരിറ്റി ജീവനക്കാരും സാക്ഷികളാണെന്നും രാജമ്മ പറഞ്ഞു. ചികിത്സ നിഷേധിച്ചതോടെ ജനറല്‍ ഒ പി യില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെത്തി തുടര്‍ പരിശോധന നടത്തുകയും ചികിത്സ നടത്തുകയുമായിരുന്നു.

വീട്ടില്‍ നിന്നും മകളെ വിളിച്ചു വരുത്തിയതിനു ശേഷം വീട്ടിലേക്ക് പറഞ്ഞ് വിടാനൊരുങ്ങവെ ചികിത്സ നിഷേധിച്ച ഡോക്ടര്‍ മകളെ പേ വാര്‍ഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം രോഗിയെ പരിശോധിക്കുക പോലും ചെയ്യാതെ സീരിയസാണെന്ന് പറഞ്ഞ് മാനസീകമായി പീഡിപ്പിക്കുകയും ചെയ്‌തെന്നും രാജമ്മ പറഞ്ഞു. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.