Monday
19 Feb 2018

മുത്തലാഖ് ബില്ലില്‍ സമവായം തേടി കേന്ദ്രം പാര്‍ലമെന്റ് സമിതിക്ക് വിടണമെന്ന് സിപിഐ

By: Web Desk | Tuesday 2 January 2018 10:28 PM IST

ന്യൂഡല്‍ഹി:

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണെന്ന വ്യക്തമായ സാഹചര്യത്തിലാണ് സമവായ ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ബില്ലിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് കമ്മിറ്റി പരിശോധിക്കട്ടെയെന്നും സിപി ഐ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ബില്‍ വരുമ്പോള്‍ സിപിഐ നിലപാട് വ്യക്തമാക്കുമെന്നും ബില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സിപി ഐ ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.
മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കി രാജ്യസഭയ്ക്ക് വിട്ടിരുന്നു. നിലവില്‍ 57 അംഗങ്ങള്‍ വീതമാണ് കോണ്‍ഗ്രസിനും ബി ജെ പിക്കും രാജ്യസഭയിലുള്ളത്.
ഇടതുപക്ഷവും അണ്ണാ ഡി എം കെയും ബിജു ജനതാദളും എന്‍സിപിയും അടക്കം പ്രതിപക്ഷത്തുള്ള എഴുപത്തഞ്ചോളം അംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ബില്‍ ചര്‍ച്ചക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായമാണുള്ളത്. പതിനഞ്ചോളം ബി ജെ പി ഇതര അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണയ്ക്കുന്നത്.