Thursday
24 Jan 2019

നീതിന്യായ വ്യവസ്ഥയുടെ നിലനില്‍പ് വെല്ലുവിളിക്കപ്പെടുന്നു

By: Web Desk | Thursday 12 April 2018 10:50 PM IST

പരമോന്നത നീതിപീഠത്തില്‍ ജനങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെയും അതിന്റെ സ്വതന്ത്ര സ്വഭാവത്തെയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ആകെത്തന്നെ നിലനില്‍പിനെയും ചോദ്യം ചെയ്യുന്ന സംഭവപരമ്പരകളാണ് അനുദിനം അനാവരണം ചെയ്യപ്പെടുന്നത്

രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്നും അനുദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ അവിടെ നിലനില്‍ക്കുന്ന അസ്വസ്ഥതകളിലേക്കും സംഘര്‍ഷങ്ങളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. സുപ്രിംകോടതി ചീഫ്ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും ഉള്‍പ്പെട്ട കൊളീജയത്തിനുള്ളിലും കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധത്തിലും ഈ അസ്വസ്ഥത പ്രകടമാണ്. അവയ്ക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ വൈകുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ തന്നെ സ്തംഭനത്തിലേക്കും ഭരണഘടനാധിഷ്ടിത ജനാധിപത്യത്തിന്റെ ശിഥിലീകരണത്തിലേക്കും നയിക്കുമെന്ന ആശങ്ക ശക്തമാണ്. സുപ്രിംകോടതിയുടെ പരിഗണനക്കെത്തുന്ന കേസുകള്‍ വിവിധ ജഡ്ജിമാരുടെ ബഞ്ചുകള്‍ക്ക് വിഭജിച്ചുനല്‍കുന്നതും അതിനായി ചീഫ്ജസ്റ്റിസ് അവലംബിക്കുന്ന രീതികളും തത്വങ്ങളും സംബന്ധിച്ച് വ്യക്തത ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി കേള്‍ക്കാന്‍ മുതിര്‍ന്ന ന്യായാധിപന്‍ ജെസ്തി ചെലമേശ്വര്‍ വിസമ്മതിച്ചു. മുന്‍ കേന്ദ്രനിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രശാന്ത്ഭൂഷണാണ് ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ചില്‍ കേസ് പരാമര്‍ശിച്ചത്. തന്റെ മറ്റൊരു ഉത്തരവുകൂടി തിരസ്‌കരിക്കപ്പെടുന്നതില്‍ താല്‍പര്യമില്ലെന്ന പരാമര്‍ശത്തോടെയാണ് കേസ് കേള്‍ക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ വിസമ്മതിച്ചത്. ലക്‌നൗ മെഡിക്കല്‍ കോളജ് അഴിമതിക്കേസില്‍ താനുള്‍പ്പെട്ട രണ്ട് അംഗ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ നടപടിയാണ് ചെലമേശ്വര്‍ പരാമര്‍ശിച്ചത്. അഴിമതിക്കേസ് സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്ന ബഞ്ച് കേള്‍ക്കണമെന്ന ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ച് അസാധുവാക്കിയത്. അതടക്കം ബോംബെ പ്രത്യേക സിബിഐ കോടതി ജഡ്ജ് ജസ്റ്റിസ് ലോയയുടെ ദൂരൂഹമരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ സുപ്രിംകോടതിയെ അസ്വസ്ഥമാക്കുകയായിരുന്നു. ആ അസ്വാസ്ഥ്യങ്ങളുടെ പ്രഭവസ്ഥാനം സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട കൊളീജിയം തന്നെയാണെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ആദരണീയരായ ജഡ്ജിമാര്‍ കോടതിയില്‍ നിന്നും ഇറങ്ങിവന്ന് പത്രസമ്മേളനം നടത്തേണ്ടിവന്നുവെന്നത് നീതിന്യായ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു.
സുപ്രിംകോടതിയിലെ മറ്റൊരു മുതിര്‍ന്ന ന്യായാധിപന്‍ ജഡ്ജ് നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തെപ്പറ്റി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കും കത്തെഴുതിയ വാര്‍ത്ത പുറത്തുവന്നതും ഇന്നലെയാണ്. രണ്ട് ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച് കൊളീജിയം സമര്‍പ്പിച്ച ശുപാര്‍ശയില്‍ മോഡി സര്‍ക്കാര്‍ അഭൂതപൂര്‍വമായ കാലതാമസം വരുത്തുന്നതാണ് കത്തെഴുതാന്‍ നിര്‍ബന്ധിതമാക്കിയത്. ‘സുപ്രിംകോടതിയുടെ നിലനില്‍പുതന്നെ ഭീഷണിയിലാണെ’ന്നും അതിനോട് യഥാവിധി പ്രതികരിക്കാതിരുന്നാല്‍ ‘ചരിത്രം നമുക്ക് മാപ്പ് തരില്ലെ’ന്നും ജസ്റ്റസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കയച്ച ഏപ്രില്‍ ഒമ്പതിന്റെ കത്തില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് കെ എം ജോസഫ് എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് ജനുവരി പത്തിനാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. മൂന്ന് മാസം പിന്നിട്ടിട്ടും ശുപാര്‍ശയോട് പ്രതികരിക്കാന്‍ മോഡി സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സുപ്രിംകോടതി ഏഴംഗ ബഞ്ചിന് രൂപം നല്‍കി നിയമനം സംബന്ധിച്ച് ഉത്തരവ് നല്‍കണമെന്ന് കത്ത് നിര്‍ദേശിക്കുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മൂന്ന് മാസം പിന്നിട്ടിട്ടും കൊളീജിയം ശുപാര്‍ശയില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത്. ഇത് പരമോന്നത കോടതിയുടെ അന്തസിനെയും സമുന്നത പദവിയെയും അര്‍ഹമായ ആദരവിനെയും ചോദ്യം ചെയ്യുന്ന നടപടിയാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിശദീകരിക്കുന്നു. കര്‍ണാടക ഹൈക്കോടതി ജഡ്ജ് നിയമനത്തില്‍ കൊളീജിയം ശുപാര്‍ശയെ മറികടന്ന് മോഡി സര്‍ക്കാര്‍ നേരിട്ട് കത്തെഴുതിയ സംഭവത്തില്‍ നേരത്തെ ജസ്റ്റിസ് ചെലമേശ്വര്‍ ഉല്‍ക്കണ്ഠ അറിയിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
സുപ്രിംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസില്‍ നിക്ഷിപ്തമാണെന്നും ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം അനുസരിച്ച് കേസുകള്‍ യഥേഷ്ടം വിഭജിച്ചു നല്‍കാമെന്നും ബഞ്ചുകള്‍ക്ക് രൂപം നല്‍കാമെന്നുമുള്ള കഴിഞ്ഞ ദിവസത്തെ വിധിയുടെ പശ്ചാത്തലത്തില്‍ വേണം പരമോന്നത നീതിപീഠത്തിലെ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ്, ഭരണാധികാര കേന്ദ്രം, നീതിന്യായ വ്യവസ്ഥ എന്നിവയോരോന്നും കടുത്ത ജീര്‍ണാവസ്ഥയുടെയും മൂല്യത്തകര്‍ച്ചയുടെയും വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. രാഷ്ട്രം അപ്പാടെ ജാഗ്രവത്തായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്.