Wednesday
17 Oct 2018

പ്രളയനഷ്ടങ്ങളുടെ കുത്തൊഴുക്കില്‍ ഇടുക്കിക്കൊരു ബീച്ച് സ്വന്തം

By: Web Desk | Tuesday 18 September 2018 4:43 PM IST

മഹാനഷ്ടങ്ങളുടെ കുത്തൊഴുക്കില്‍ ഇടുക്കിക്ക് ലഭിച്ചത് സ്വന്തമായൊരു ബീച്ച്. തീരദേശങ്ങളില്ലാതിരുന്ന ഇടുക്കിയുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടാന്‍ വനത്തോട് ചേര്‍ന്ന് പ്രകൃതി ഒരുക്കിയ ബീച്ച് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാറിയിട്ടുണ്ട്.

പെരിയാറിന്‍റെ കരയില്‍ നേര്യമംഗലം പാലത്തിനടിയില്‍ കണ്ണെത്താ ദൂരത്തായി പരന്നു കിടക്കുന്ന മണല്‍പരപ്പ് ഇടുക്കി സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു പുതുമയായിട്ടുണ്ട്. കടലോരമില്ലാത്ത ഇടുക്കിക്ക് ബീച്ചിന്‍റെ കുറവു പരിഹരിച്ചിരിക്കുകയാണെന്ന് സന്ദര്‍ശകര്‍ പറയുന്നു. പ്രദേശവാസികളില്‍ പോലും കൗതുകമുണര്‍ത്തിയ പ്രകൃതിയുടെ ഇൗ പ്രതിഭാസം കാണാന്‍ നിരവധി ആളുകള്‍ ഇവിടേക്കെത്തി. ആളുകള്‍ സ്നേഹപൂര്‍വ്വം ഇതിനെ ഇടുക്കിയുടെ ബീച്ചെന്ന് വിളിക്കുകയാണ്.

ഇടുക്കിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ബീച്ചില്‍ തെല്ലു നേരം ചിലവഴിക്കുകയുമാകാം. തങ്ങളുടെ നാട്ടില്‍ ഒരു ബീച്ചുണ്ടായതിന്‍റെ സന്തോഷത്തിലാണ് നേര്യമംഗലം നിവാസികള്‍. മുളങ്കാടുകള്‍ തണല്‍ വിരിക്കുന്ന പെരിയാറിന്റെ നനവൂറുന്ന മണല്‍പരപ്പ് തങ്ങള്‍ക്കു ബീച്ച് തന്നെയെന്ന് സന്ദര്‍ശകരും ഒന്നടങ്കം പറയുന്നു.

ദക്ഷിണേന്ത്യയിലെ പ്രഥമ ആര്‍ച്ച് പാലമാണ് കേരളത്തിലെ എറണാകുളം- ഇടുക്കി എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സേതുലക്ഷ്മി ഭായിയുടെ കാലത്ത് 1924 ലാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് നേര്യമംഗലം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായതിനാല്‍ കേരളത്തിന്റെ ചിറാപുഞ്ചിയെന്നു എന്ന വിശേഷണവും നേര്യമംഗലത്തിനുണ്ട്.