Tuesday
13 Nov 2018

സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ പുറമ്പോക്ക് ഭൂമി സര്‍ക്കാരിന്റേത്

By: Web Desk | Thursday 12 July 2018 10:33 PM IST

തിരുവനന്തപുരം: സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ ഒരു കോടിയോളം രൂപ വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി സര്‍ക്കാരിന്റേതുതന്നെയെന്നും മുന്‍ സബ്കളക്ടറുടെ അറിവോടെയെന്നും ജില്ലാ കളക്ടര്‍ കണ്ടെത്തി. വര്‍ക്കല അയിരൂരിലെ കയ്യേറ്റ ഭൂമി ഉടന്‍ ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.
വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല – പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 27 സെന്റ് ഭൂമി സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് മുന്‍ സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് ജനയുഗം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും വി ജോയി എംഎല്‍എ പരാതി നല്‍കുകയും ചെയ്തതോടെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സബ്കളക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവാദ ഉത്തരവ് റദ്ദാക്കുകയും ഇതിനെതിരെ ഭൂമി കയ്യേറിയ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാകളക്ടറുടെ ക്യാമ്പ് ഓഫീസില്‍ അവസാനഘട്ട വാദം കേള്‍ക്കല്‍ പൂര്‍ത്തിയാവുകയും വിവാദസ്ഥലം ജില്ലാകളക്ടര്‍ നേരിട്ട്കണ്ട് ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സബ്കളക്ടറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് കണ്ടെത്തി. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി അളന്ന് വേര്‍തിരിച്ച് ഏറ്റെടുക്കണമെന്ന തീരുമാനം ഹൈക്കോടതിയെയും അറിയിക്കും.
കോണ്‍ഗ്രസ് നേതാവായ അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജിയാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയത്. 11 ആര്‍ (27 സെന്റ്) റോഡ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു. വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സിപിഐ അടക്കമുള്ള സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുക്കുകയും അയിരൂര്‍ പൊലീസ് സ്റ്റേഷന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉചിതമായ തീരുമാനം സബ്കളക്ടര്‍ കൈക്കൊള്ളണമെന്ന നിര്‍ദ്ദേശത്തിന്റെ മറവിലാണ് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടത്.
കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സബ്കളക്ടര്‍ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നല്‍കി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേള്‍ക്കുകയും ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാതെയാണ് സബ്കളക്ടര്‍ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്. 2018 ഫെബ്രുവരി 24 ന് പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിരുന്നില്ല. സബ്കളക്ടറുടെ നടപടിക്കെതിരെ സ്ഥലം എംഎല്‍എ വി ജോയി, ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ പ്രതിഷേധം അറിയിക്കുകയും മുഖ്യമന്ത്രി, റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.