Wednesday
17 Oct 2018

മണ്ണിടിച്ചിലില്‍ തകര്‍ന്നതെല്ലാം അനധികൃത റിസോര്‍ട്ടുകള്‍

By: Web Desk | Wednesday 13 June 2018 9:48 PM IST

ചിത്തിരപുരത്ത് കെട്ടിയുയര്‍ത്തിയിരിക്കുന്ന ബഹുനില റിസോര്‍ട്ട് കെട്ടിടം

സന്ദീപ് രാജാക്കാട്

രാജാക്കാട്: ഹൈറേഞ്ചിലെ മലമുകളുകളില്‍ കുന്നിടിച്ചു നിരത്തിയുള്ള വമ്പന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷം ശക്തമായതോടെ നിലംപൊത്തുന്നു. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഇടിഞ്ഞ് വീണതും അപകടാവസ്ഥയിലായതും ഉദ്യോഗസ്ഥ ഒത്താശയോടെ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകളും മറ്റ് കെട്ടിടങ്ങളുമാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ള മൂന്നാര്‍ ട്രിബ്യൂണല്‍ പരിധിയിലെ പള്ളിവാസല്‍, കുഞ്ചിത്തണ്ണി, മൂന്നാര്‍, ദേവികുളം അടക്കമുള്ള മേഖലകളില്‍ കുന്നിടിച്ച് നിരത്തിയും മരങ്ങള്‍ മുറിച്ച് നീക്കിയും വമ്പന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നിരവധിയാണ് നടക്കുന്നത്. വേണ്ടത്ര അനുമതികളില്ലാതെ അനധികൃതമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് ദേവികുളം സബ് കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും നിര്‍മ്മാണം വീണ്ടും തുടരുന്ന അവസ്ഥയാണ്.

നിരവധി റിസോര്‍ട്ടുകള്‍ക്കെതി പൊലീസ് കേസെടുത്തിട്ടുമുണ്ട്. എന്നാല്‍, നിയമങ്ങള്‍ കാറ്റില്‍ പറത്തി ഉദ്യോഗസ്ഥന്മാരുടേയും ചില പ്രാദേശിക നേതാക്കന്മാരുടേയും ഒത്താശയോടെ നിര്‍മ്മാണം നിര്‍ബാധം തുടരുന്ന അവസ്ഥയാണ്. ഇത്തരത്തില്‍ കെട്ടിയുയര്‍ത്തിരിക്കുന്ന വമ്പന്‍ കെട്ടിടങ്ങള്‍ എല്ലാം തന്നെ കാലവര്‍ഷം സജീവമായതോടെ അപകടക്കെണിയിലകപ്പെട്ടു. കഴിഞ്ഞ ദിവസ്സങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഉരുള്‍പൊട്ടിയും, മണ്ണിടിഞ്ഞുമുണ്ടായ അപകടങ്ങളില്‍ തകര്‍ന്നതും അപകട ഭീഷണിയിലുമായത് നിരവധി റിസോര്‍ട്ടുകളും കെട്ടിടങ്ങളുമാണ്.

കഴിഞ്ഞ ഒമ്പതാം തീയതി ആനച്ചാല്‍ ഇരുട്ടുകാനത്ത് ഉരുള്‍പൊട്ടി അപകടാവസ്ഥയിലായ എഡ്ജ് റിസോര്‍ട്ടും ഈ പട്ടികയില്‍ പെടുന്നതാണ്. നിര്‍മ്മാണമാരംഭിക്കുന്ന കാലത്ത് തന്നെ ഇതിനെതിരേ പ്രദേശവാസികളടക്കം രംഗത്തെത്തിയെങ്കിലും ഇത് വകവയ്ക്കാതെ ഉദ്യോഗസ്ഥ, രാഷ്ട്രീയ ഒത്താശയോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
പതിനൊന്നാം തീയതി മണ്ണിടിച്ചിലില്‍ ആനച്ചാല്‍ ആല്‍ത്തറയ്ക്ക് സമീപം മണ്ണിടിഞ്ഞ് പൂര്‍ണ്ണമായി തകര്‍ന്ന കെട്ടിടവും അനുമതികള്‍ ഇല്ലാതെ നിര്‍മ്മിച്ചതായിരുന്നു. കെട്ടിടത്തില്‍ ആരുമില്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. നിലവില്‍ അപകടക്കെണിയിലായിരിക്കുന്നതും തകര്‍ന്നടിഞ്ഞതുമായി കെട്ടിടങ്ങള്‍ നിയമം കാറ്റില്‍ പറത്തി നിര്‍മ്മിച്ചതാണെന്ന് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അടുത്ത ദിവസ്സം തന്നെ ഉന്നത കേന്ദ്രങ്ങള്‍ക്ക് കൈമാറുമെന്നതാണ് സൂചന. നിലവില്‍ ഈ മേഖലയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പല മേഖലകളിലും മലമുകളുകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.