Saturday
20 Jan 2018

മാധ്യമസ്വാതന്ത്ര്യം പൂര്‍ണമായും ഉറപ്പാക്കണം;സുപ്രീംകോടതി

By: Web Desk | Wednesday 10 January 2018 8:38 AM IST

ന്യൂഡല്‍ഹി: രാജ്യത്തു മാധ്യമങ്ങള്‍ക്കു പൂര്‍ണമായ തോതില്‍ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കണമെന്നു സുപ്രീംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്നു പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും നിരീക്ഷിച്ചു. തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മുന്‍ മന്ത്രിയുടെ മകളുടെ ഹര്‍ജി പരിഗണിക്കവെയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എ. എം. ഖാന്‍വില്‍കാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
2010 ല്‍ ബിഹാറില്‍ നടന്ന വിവാദഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് അപകീര്‍ത്തിപ്പെടുത്തുന്നതായി ബോധിപ്പിച്ച് ഇവര്‍ കോടതിയെ സമീപിച്ചത്. ഹിന്ദി ടിവി ന്യൂസ് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തന്നെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യ രാജ്യത്ത് സഹിഷ്ണുത കാണിക്കാന്‍ പഠിക്കണമെന്നു പരാതിക്കാരോട് ബെഞ്ച് നിര്‍ദേശിച്ചു. 2011 മുതല്‍ തുടങ്ങിയ കേസ് വ്യക്തികളുടെ സമയവും നിരവധിപ്പണവും നഷ്ടപ്പെടുത്തി. മാനനഷ്ടക്കേസുകള്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍, പരാതിയില്‍ ആരോപിക്കുന്ന തെറ്റായവാര്‍ത്ത അഴിമതിയെക്കുറിച്ചാണെന്നും അത് അപകീര്‍ത്തിക്കേസില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചെറിയ തെറ്റുകളും ആവേശവുമുണ്ടാകും. എന്നാല്‍, ഇതൊന്നും മാധ്യമസ്വാതന്ത്രത്തിന് തടസമുണ്ടാക്കാന്‍ പാടില്ല. മാധ്യമസ്വാതന്ത്ര്യം പൂര്‍ണമായും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

 

Related News