Wednesday
23 Jan 2019

കര്‍ണാടകം നല്‍കുന്ന സന്ദേശം

By: Web Desk | Tuesday 15 May 2018 10:35 PM IST

കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പുഫലം ഖണ്ഡിതമായ ഒരു സന്ദേശമാണ് നല്‍കുന്നത്. രാഷ്ട്രത്തിനുമേല്‍ നിഴല്‍വിരിച്ചിരിക്കുന്ന ഫാസിസ്റ്റ് വിപത്തിനെ പ്രതിരോധിച്ച് പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ മതനിരപേക്ഷ പുരോഗമന ശക്തികളുടെയും ഐക്യനിര അനിവാര്യമാണെന്നതാണ് അത്. ജനാഭിപ്രായത്തെ അതിന്റെ പൂര്‍ണ അര്‍ഥത്തിലും വ്യാപ്തിയിലും പ്രതിഫലിപ്പിക്കാന്‍ അപര്യാപ്തമായ തെരഞ്ഞെടുപ്പ് സമ്പ്രദായമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതില്‍ മൗലികമായ മാറ്റം സമീപഭാവിയില്‍ അസാധ്യമായിരിക്കെ തീവ്രവലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിയെ അഭിമുഖീകരിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും ഭൂരിപക്ഷം വരുന്ന ഇടത് ജനാധിപത്യ മതനിരപേക്ഷ പുരോഗമന ശക്തികളുടെ ഇന്നത്തെ ശൈഥില്യാവസ്ഥയ്ക്ക് സത്വരം തടയിടുക മാത്രമെ മാര്‍ഗമുള്ളൂ. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത ആത്മനിഷ്ഠമായ വിലയിരുത്തലുകളും അതിന്റെ അടിസ്ഥാനത്തിലുള്ള ദിവാസ്വപ്‌നങ്ങളും മാത്രമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കൂറുമാറ്റത്തിലൂടെ ജെഡി(എസ്) എംഎല്‍എമാരെ സ്വന്തം സ്ഥാനാര്‍ഥികളാക്കി മാറ്റിയതും രാഹുല്‍ഗാന്ധിയുടെ ക്ഷേത്ര-മഠ സന്ദര്‍ശനങ്ങളും സാമുദായിക പ്രീണനത്തിനായി ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയതുമെല്ലാം വൃഥാവ്യായാമങ്ങളായി. ജെഡി(എസ്)യുമായി തത്വാധിഷ്ഠിതമായ ഒരു രാഷ്ട്രീയ മുന്നണിക്കുള്ള ദീര്‍ഘവീക്ഷണം പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബിജെപിയുടെ ദക്ഷിണേന്ത്യന്‍ ദിവാസ്വപ്‌നങ്ങള്‍ക്ക് അത് അന്ത്യം കുറിക്കുമായിരുന്നു. മതനിരപേക്ഷ, ജനാധിപത്യ ചേരിയുടെ ഭിന്നതകള്‍ അതിവിദഗ്ധമായി മുതലെടുത്ത് ജാതി, സമുദായ, വര്‍ഗീയ വികാരങ്ങളെ ആളിക്കത്തിക്കാനും അര്‍ധസത്യങ്ങളും അസത്യങ്ങളും ചേരുംപടി ചേര്‍ത്ത് ജനങ്ങളെ കബളിപ്പിക്കാനും നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കും അവസരം ഒരുക്കി നല്‍കിയത് കോണ്‍ഗ്രസിന്റെ ഈ നിലപാടാണ്. വൈകിയാണെങ്കിലും കോണ്‍ഗ്രസിന്റെ സമുന്നതനേതൃത്വം വസ്തുതകള്‍ യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിയാന്‍ സന്നദ്ധമായിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പാനന്തര കര്‍ണാടക രാഷ്ട്രത്തിലെ കരുനീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ തിരസ്‌കരിച്ചപ്പോഴും രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെയും സംസ്ഥാന ഗവര്‍ണര്‍ പദവികളുടെ നഗ്നമായ ദുരുപയോഗത്തിലൂടെ ഗോവയിലും മണിപ്പൂരിലും അധികാരം കയ്യാളാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. കര്‍ണാടകയില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നെറികെട്ട നീക്കങ്ങളിലൂടെ അവിടെയും അധികാരത്തിലേറാനുള്ള ബിജെപിയുടെ കുതന്ത്രങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അത് ജനാധിപത്യ മൂല്യങ്ങള്‍ക്കും രാഷ്ട്രീയ ധാര്‍മികതയ്ക്കും നിരക്കാത്ത അട്ടിമറിയായി മാത്രമേ ചരിത്രം വിലയിരുത്തു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അന്തിമ കണക്കുകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപിയുടെ വോട്ടുവിഹിതം 36.2 ശതമാനം മാത്രമാണ്. 78 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസ് 38 ശതമാനം വോട്ടുകളുമായി ബിജെപിയെക്കാള്‍ ഒരുപടി മുന്നിലാണ്. 38 സീറ്റുകളുള്ള ജെഡി(എസ്) 18.4 ശതമാനം വോട്ട് കരസ്ഥമാക്കിയിട്ടുണ്ട്. അതായത് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചിരിക്കുന്ന കുമാരസ്വാമിക്ക് 116 സീറ്റുകളുടെയും 56.4 ശതമാനം വോട്ടിന്റെയും പിന്‍ബലമാണുള്ളത്. അത്രയും പിന്തുണയുള്ള ഒരു മുന്നണിയെ തകര്‍ക്കാനും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കാനുമാണ് നീക്കമെങ്കില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദുരന്തമായി ചരിത്രം വിലയിരുത്തും. ഇത് കേവലം ഒരു സംസ്ഥാന സര്‍ക്കാര്‍ രൂപീകരണത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിത്തിരിവിന് സഹായകമാകുന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തെയാണ് അനാവരണം ചെയ്യുന്നത്. ജനാധിപത്യ മതനിരപേക്ഷ ഇടതുപക്ഷ ശക്തികളുടെ യഥാര്‍ഥ പ്രഹരശേഷിയാണ് അത് തുറന്നുകാട്ടുന്നത്. അതുകൊണ്ടുതന്നെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിത്തിരിവായി മാറുന്നത്.
ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണഘടനയെതന്നെയും എന്നെന്നേക്കുമായി തകര്‍ത്ത് തല്‍സ്ഥാനത്ത് ഒരു ഹിന്ദുത്വ ഫാസിസ്റ്റ് സാമ്രാജ്യം പടുത്തുയര്‍ത്തുകയെന്നതാണ് ബിജെപിയുടെയും അതിനെ നയിക്കുന്ന ആര്‍എസ്എസിന്റെയും ലക്ഷ്യം. അത് സ്വദേശീയ, ആഗോള മൂലധന താല്‍പര്യങ്ങള്‍ക്കും കോര്‍പ്പറേറ്റ് കൊള്ളയ്ക്കും രാജ്യത്തെ അടിയറവയ്ക്കാനുള്ള ആസൂത്രിത യത്‌നത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യ മതനിരപേക്ഷ ഇടതുപക്ഷ ഐക്യനിരയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യദൗത്യമായി ഉദ്‌ഘോഷിച്ചു പോരുന്നത്. കഴിഞ്ഞ മാസാന്ത്യം കൊല്ലത്തു സമാപിച്ച 23-ാം സിപിഐ കോണ്‍ഗ്രസ് അതാണ് ആവര്‍ത്തിച്ച് അടിവരയിട്ടത്. ഇന്ത്യന്‍ ജനത അതിന്റെ ഭാവിഭാഗധേയത്തെപ്പറ്റി തീരുമാനമെടുക്കേണ്ട നിര്‍ണായഘട്ടമാണിത്. അതിന് രാജ്യത്തെ പ്രാപ്തമാക്കാന്‍ പോന്ന രാഷ്ട്രീയ ഉരുത്തിരിയലിനെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രതിനിധാനം ചെയ്യുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അതീതമായി മൂല്യാധിഷ്ഠിതവും ലക്ഷ്യബോധമുള്ളതും ജനാഭിമുഖ്യവുമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന് കര്‍ണാടകത്തിന്റെ അനുഭവപാഠം ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രാപ്തമാക്കുമെന്ന് രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനത പ്രതീക്ഷിക്കുന്നു.

Related News