Friday
14 Dec 2018

കെട്ട കാലത്തെ തിരുത്താന്‍

By: Web Desk | Sunday 25 February 2018 1:03 AM IST

കെ കെ സമദ്

അടുപ്പക്കാര്‍ക്കിടയില്‍ എപി’ആയി മാറിയ എ പി അഹമ്മദിന്റെ ”നാമൂസി’ലെത്തുമ്പോള്‍ അരുന്ധതി റോയിയുടെ ‘ദ മിനിസ്റ്ററി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനസ്’ എന്ന നോവലിന്റെ വായനയിലായിരുന്നു അദ്ദേഹം. എന്തേ വീടിന് ”നാമൂസ്” എന്ന് പേരിട്ടതെന്ന ചോദ്യത്തിന് ‘നാക്കിന് മുറ്റുള്ളവന്‍ (ശക്തിയുള്ളവന്‍)’ എന്ന് കൂടി ഈ ഏറനാടന്‍ മാപ്പിള വാക്കിന് അര്‍ത്ഥമുണ്ടെന്ന് എപി. എപി അഹമ്മദിനെ സംബന്ധിച്ചിടത്തോളം ഇത് പൂര്‍ണ്ണമായും ശരിയാണ്. 1995 മുതല്‍ കേരളത്തിലെ ഇടതുപക്ഷ വേദികളില്‍ പരിചിത ശബ്ദമാണ് എപി അഹമ്മദിന്റേത്.
തൃശൂരില്‍ നടന്ന യുവകലാസാഹിതിയുടെ സംസ്ഥാന സമ്മേളനത്തില്‍ എപി യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. യശ്ശശരീനായ പി ഗോവിന്ദപ്പിള്ളയുടെ സ്‌നേഹ ശാസനയാലാണ് എപി അഹമ്മദ് തന്റെ ആദ്യ പുസ്തകം എഴുതിയത്. ഇക്കഴിഞ്ഞ ജനുവരി 28 ന് മലപ്പുറത്ത് വെച്ച് എപി അഹമ്മദിന്റെ ”പടക്കാറ്റ്’, ‘പേടിച്ചരണ്ട പെണ്ണുങ്ങള്‍’, ”മുസ്ലിം നവോത്ഥാനം ചില കേരളീയ ചിത്രങ്ങള്‍” എന്നീ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടു. എപി സംസാരിക്കുന്നു; എഴുത്തു ജീവിതത്തെപ്പറ്റി, നിലപാടുകളെപ്പറ്റി..പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഏതിനോടാണ് കൂടുതല്‍ ഇഷ്ടം?

മൂന്നും എനിക്ക് പ്രിയപ്പെട്ട മേഖലകള്‍ തന്നെ. മൂന്നിനും വെവ്വേറെ സംതൃപ്തിയാണ് ലഭിക്കുന്നത്. മനസ്സിലെ സംശയങ്ങള്‍ ചൂടോടെ കേള്‍വിക്കാരോട് പങ്കിടുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഉടനടി തിരിച്ചറിയുകയും ചെയ്യുന്ന ദൂതസംവേദനമാണ് പ്രഭാഷണം. നമ്മുടെ മനസ്സ് ശാശ്വതമായി അടയാളപ്പെടുത്തുന്ന ചരിത്ര സാക്ഷ്യമാണ് എഴുത്ത്. ജീവിച്ചിരിക്കുന്നു എന്ന് നമ്മെതന്നെ ബോധ്യപ്പെടുത്തുന്ന കാലികമായ ഇടപെടലാണ് സാംസ്‌കാരിക പ്രവര്‍ത്തനം. പക്ഷേ പ്രഭാഷണത്തിരക്ക് പലപ്പോഴും മറ്റു രണ്ട് ആവിഷ്‌കാരങ്ങളെയും പ്രതികൂലമായി ബാധിക്കാറുണ്ട്.

സിപിഐ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ എന്തു തോന്നുന്നു?

സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി മാത്രമാണ് ഞാന്‍. സിപിഐ നിലപാടുകളെ താത്പര്യപൂര്‍വ്വം സമീപിക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തോടൊപ്പമാണ് എന്റെ മനസ്സ്. രാജ്യത്തിന്റെ ഭാവിയും കാലത്തിന്റെ ആശങ്കകള്‍ക്കും വ്യക്തവും സത്യസന്ധവുമായ ദിശാസൂചന പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. സഹയാത്രികരായ കക്ഷികള്‍ ജീര്‍ണതയും തകര്‍ച്ചയും നേരിടുമ്പോള്‍ സിപിഐ ശക്തിപ്പെടുന്നത് ശരിയായ ഇടതുപക്ഷ വ്യക്തിത്വം വിട്ടുവീഴ്ചയില്ലാതെ സൂക്ഷിക്കുന്നത് കൊണ്ടാണ്. ഒപ്പം വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യമില്ലാത്ത നേതൃത്വവും പാര്‍ട്ടിയുടെ കരുത്താണ്. കാലങ്ങള്‍ മാറുന്നതിന്റെ സ്പന്ദനങ്ങള്‍ സി.പി.ഐ യുടെ രാഷ്ട്രീയമാപിനിയില്‍ കൃത്യമായി തെളിയുന്നു.

കുരീപ്പുഴ ശ്രീകുമാര്‍ പോലും ആക്രമണത്തിനിരയാകുന്ന ഈ കാലത്തെ എങ്ങനെ വിലയിരുത്തുന്നു?
അധികാര സ്വരൂപങ്ങളോടും മതപ്രമത്തതയോടും ലവലേശം രാജിയാകാത്ത മലയാളത്തിലെ ഒരേയൊരു കവിയാണ് കുരീപ്പുഴ. അദ്ദേഹത്തിന്റെ കൂരമ്പ് പോലെയുള്ള വാക്കുകള്‍ വര്‍ഗീയ ശക്തികളെ പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആശയം മുട്ടുമ്പോള്‍ കയ്യൂക്ക് കാട്ടുന്ന ഫാസിസ്റ്റ് മുറയെ കേരളം നിലക്ക് നിര്‍ത്തുക തന്നെചെയ്യും. കുരീപ്പുഴ ഒറ്റക്കല്ല. മതേതര മലയാളത്തിന്റെ മുന്നണിപ്പോരാളിയാണെന്ന് സംഘികള്‍ ഓര്‍ക്കുന്നത് നന്ന്.

സംഘപരിവാറിന്റെ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ ബഹുസ്വരതക്ക് കഴിയുമെന്ന് പലപ്പോഴും പ്രസംഗിച്ച് കേട്ടിട്ടുണ്ട്, ഇത് സ്വയം ആശ്വസിക്കാന്‍ വേണ്ടി പറയുന്നതല്ലേ? ഫാസിസ്റ്റ് സ്വാധീനം അനുദിനം വ്യാപിച്ച് വരുന്ന രാജ്യത്ത് ഈ വാദത്തിന് എത്രത്തോളം നിലനില്‍പ്പുണ്ട്?
ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ് എന്നും വൈരുധ്യാധിഷ്ഠിത ആത്മീയ വാദം ഇന്ത്യയുടെ മന്ത്രമാണെന്നും കെ ദാമോദരനെപോലെയുള്ള ആചാര്യന്മാര്‍ നിരീക്ഷിച്ചത് ഞാന്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. സംഘപരിവാര്‍ നീക്കങ്ങളെ അലസമായി സമീപിക്കാനുള്ള സമാശ്വാസ വചനമായല്ല ഞാന്‍ ഇത് പറയുന്നത്. മറിച്ച് ആര്യ ബ്രാഹ്മണ പ്രത്യയ ശാസ്ത്രത്തെ സാമൂഹികമായി നേരിടാന്‍ ഇന്ത്യയുടെ വൈവിധ്യം ഉപകരിക്കുമെന്ന ആത്മവിശ്വാസം പകരാനാണ്. സിപിഎം പോലുള്ള പാര്‍ട്ടിക്കുള്ളില്‍ വോട്ടെടുപ്പ് വരെ എത്തിയ തര്‍ക്കവും ആശയപരമായി ഇത് തന്നെയാണ്. ഹിന്ദു ഏകീകരണം’ എന്ന കപടവാദം ഉയര്‍ത്തുന്ന ആര്‍എസ്എസിന് നേരെ ‘ജയ്ഭീം ലാല്‍സലാം’എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന കനയ്യകുമാര്‍ എന്ന ചെറുപ്പക്കാരനും ഇന്ത്യന്‍ ബഹുസ്വരതയുടെ സാധ്യതകള്‍ തിരിച്ചറിയുന്നു.

ഫാസിസത്തിനെതിരായ പോരാട്ടം, തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി മാത്രം പരിഗണിക്കുന്നത് അപകടമല്ലേ?
തീര്‍ച്ചയായും. ‘സാമൂഹിക വിപ്ലവം’ എന്ന ലക്ഷം പാര്‍ലമെന്ററി വ്യാമോഹമായി പരിമിതപ്പെട്ടതിന്റെ ഫലമാണത്. സ്വന്തം കക്ഷി ജയിക്കുക എന്നതിനേക്കാള്‍ ജനാധിപത്യം ജയിക്കുക എന്നതാവണം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ലക്ഷ്യം. മതനിരപേക്ഷതയാണ് ആ പോരാട്ടത്തിന്റെ ചാലകശക്തിയാവേണ്ടത്. മതനിരപേക്ഷത ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ ഇടത്പക്ഷത്തിന്റെയോ കുത്തകയല്ല എന്ന് നിരീക്ഷിക്കുന്ന സിപിഐ നിലപാട് സത്യസന്ധമാവുന്നത് ഇവിടെയാണ്.

ന്യൂനപക്ഷ വര്‍ഗീയതക്കും ഫാസിസ്റ്റ് മനസ്സുണ്ടെന്ന് താങ്കള്‍ പറയാറുണ്ട്. സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ കിട്ടാവുന്ന ശക്തികളെ മുഴുവന്‍ ഒന്നിപ്പിക്കുകയല്ലേ പ്രായോഗിക മാര്‍ഗം?
ഇന്ത്യന്‍ ഇടതുപക്ഷത്തിന് കുറേകൂടി വ്യക്തതയും ജാഗ്രതയും ആവശ്യമുള്ള വിഷയമാണിത്. യഥാര്‍ത്ഥത്തില്‍ ആള്‍ബലം പ്രസക്തമല്ലാത്ത ഒരു മനുഷ്യ വിരുദ്ധ മനസ്സാണ് വര്‍ഗീയത. ഒരുതരം ഭീകരതയും ഏതെങ്കിലും പ്രദേശത്ത് ഒറ്റപ്പെട്ട് കഴിയുന്ന ശക്തിയുമല്ല. അതുകൊണ്ട് ആഗോള ഗ്രാമത്തില്‍ എല്ലാ വര്‍ഗീയതയും ഒരേ പൈശാചിക ശക്തിയുടെ അവതാരങ്ങളായി കണക്കാക്കണം. തരം കിട്ടിയാല്‍ ഫാസിസ്റ്റ് ശക്തിയാവാന്‍ ഏത് വര്‍ഗീയതക്കും കഴിയുന്ന ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ മതേതര ശക്തികളുമായി ഐക്യപ്പെട്ടുകൊണ്ട് സംഘപരിവാറിനെ ചെറുക്കണം. പക്ഷേ മതരാഷ്ട്രവാദിയായ ഏതെങ്കിലുമൊരു വര്‍ഗീയത, ഫാസിസ്റ്റ് വിരുദ്ധ ജനമുന്നണിയിലുണ്ടെങ്കില്‍ അക്കാരണം കൊണ്ട് മാത്രം ആ മുന്നണി തളരുകയും ഫാസിസ്റ്റുകള്‍ ശക്തിപ്പെടുകയും ചെയ്യും. അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ മുന്നണി എല്ലാ വര്‍ഗീയ കക്ഷികളേയും അകറ്റി നിര്‍ത്തിക്കൊണ്ട് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പിന്തുണയാര്‍ജിക്കണം. തങ്ങള്‍ ജയിച്ചില്ലെങ്കിലും ബിജെപി ജയിക്കരുത് എന്ന നിലപാട് ഇടതുപക്ഷത്തെപോലെ ന്യൂനപക്ഷ കക്ഷികള്‍ക്കും സ്വീകാര്യമാവും.

താങ്കളില്‍ ഒരു ഇടതുപക്ഷ മനസ്സ് രൂപപ്പെട്ടതിന്റെ പശ്ചാത്തലം എന്തായിരുന്നു?.
മലപ്പുറത്തെ ആള്‍ക്കൂട്ടത്തോടൊപ്പം മുസ്ലിം ലീഗായി വളര്‍ന്ന് എംഎസ്എഫിന്റെ ജില്ലാ പ്രസിഡന്റും ‘ചന്ദ്രിക’ സബ് എഡിറ്ററുമായിത്തീര്‍ന്ന ഒരു കൗമാരം എനിക്കുണ്ട്. കഥയും കവിതയും മാത്രം വായിച്ചിരുന്ന ഒരു കാല്‍പനിക കാലമാണത്. പത്രപ്രവര്‍ത്തകനായതോടെ ജീവിക്കണമെങ്കില്‍ ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവുമൊക്കെ അറിയണമെന്നു വന്നു. വായനയുടെയും പഠനത്തിന്റെയും ആകാശം വിസ്തൃതമായതോടെ ഞാന്‍ മാറി. ചന്ദ്രിക സബ് എഡിറ്ററായിരിക്കെ ഇടതുപക്ഷ കാലത്തെ മുസ്ലിം വിരുദ്ധ നിയമങ്ങളെ ക്രോഡീകരിച്ച് ലേഖനം എഴുതാന്‍ മാനേജ്‌മെന്റ് എന്നോട് ആവശ്യപ്പെട്ടു. നിയമസഭ ലൈബ്രറി ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടത്തിയ പഠനത്തില്‍ ആദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് ഇടതുപക്ഷ ഗവര്‍മെന്റുകളും നിര്‍മിച്ച നിയമങ്ങളാണ് കേരളത്തിലെ മുസ്ലിം സമുദായത്തിന് ഇതര സംസ്ഥാനങ്ങളില്‍ ഇല്ലാത്ത സാമൂഹ്യ പദവി നേടിത്തന്നതെന്ന് ചരിത്ര രേഖകള്‍ എന്നെ ബോധ്യപ്പെടുത്തി. കമ്മ്യൂണിസ്റ്റ് ഭരണത്തിലെ നിയമ നിര്‍മ്മാണങ്ങള്‍ മുസ്ലിം സമുദായത്തെ ദ്രോഹിച്ചതിന്റെ കണക്കെടുക്കാന്‍ പോയ ഞാന്‍ ക്രമേണ വഴി തന്നെ മാറി നടന്നു.

പുരോഗമന കലാസാഹിത്യ സംഘത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍?
പ്രൊഫ. എം എന്‍ വിജയനും കടമ്മനിട്ടയും അധ്യക്ഷന്മാരായിരിക്കെ സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചത് മായാത്ത ഓര്‍മകള്‍ സമ്മാനിച്ചു. മനുഷ്യ സ്‌നേഹത്തിന്റെ അതുല്യനായ അവതാരമായിരുന്നു വിജയന്‍ മാഷ്. യതിവര്യനും വിപ്ലവകാരിയും ഒന്നായലിഞ്ഞ ജന്മം. പാര്‍ട്ടിയിലെ നിക്ഷിപ്ത താത്പര്യക്കാരുണ്ടാക്കിയ വിഭാഗീയതയാണ് വിജയന്‍ മാഷോടുപോലും ക്രൂരത കാട്ടിയത്. ഇടതുപക്ഷ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക അതിക്രമമായിരുന്നു അത്. അധികാര പ്രമത്തതയും ആശയപരമായ അവ്യക്തതയും സാംസ്‌കാരിക രംഗത്തുകൂടി പിടിമുറുക്കിയതോടെ എത്രയോ പ്രമുഖര്‍ പിന്‍വാങ്ങി. വി.പി വാസുദേവന്‍, കെ.എസ് ഹരിഹരന്‍, കെ.സി ഉമേഷ് ബാബു, എന്‍ പ്രഭാകരന്‍, ഡോ. പി. ഗീത, ആസാദ്, പ്രൊഫ. സുഗതന്‍, എസ് സുധീഷ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, അങ്ങനെ എത്ര പേരാണ് ഇടതുപക്ഷ സാംസ്‌കാരിക ശക്തിയില്‍ നിന്ന് ചിതറിപ്പോയത്? മലപ്പുറത്തെ യുവ കലാസാഹിതി എന്നെ അവരോട് അടുപ്പിക്കുകയായിരുന്നു.

‘ദ മിനിസ്റ്ററി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിന’സിന്റെ വായനയെകുറിച്ച്?
പുതിയ പുസ്തകങ്ങള്‍ക്കിടയില്‍ എന്നെ ആവര്‍ത്തിച്ച് വായിപ്പിക്കുന്നത് അരുന്ധതി റോയി തന്നെയാണ്. ബുക്കര്‍ പ്രൈസ് നേടി 24 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എഴുതിയ ‘ദ മിനിസ്റ്ററി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനസ്’ ഏറ്റവും പുതിയ ഇന്ത്യയെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. മുസ്ലിം ഇന്ത്യയെ സൂക്ഷ്മമായും സത്യസന്ധമായും സമീപിക്കുന്നു.

പുതിയ കാലത്തോട് എന്താണ് സംവദിക്കാനുള്ളത്?
വായനയില്‍ ഏറ്റവും പുതിയ കാലത്തോടൊപ്പം സഞ്ചരിക്കുക. ജനവിരുദ്ധമായ എല്ലാ സ്ഥാപനങ്ങളോടും കണക്ക് തീര്‍ത്ത് കലഹിക്കുക. മനുഷ്യന്‍ എന്ന ജീവി വര്‍ഗത്തിന്റെ നന്മയില്‍ എപ്പോഴും വിശ്വാസം അര്‍പ്പിക്കുക. മനുഷ്യന്‍ അല്ലാത്ത ഒരു സമുദായവും അത്യന്തികമായി നിലനില്‍ക്കുകയില്ല എന്ന് ഉറപ്പിച്ച് വിശ്വസിച്ച് ഉറക്കെ പ്രഖ്യാപിക്കുക. ഈ കെട്ട കാലത്തെ നമുക്ക് തിരുത്താനാവും.