Monday
20 Aug 2018

രുചിക്കൂട്ടിന് വഴിമാറിയ തൂലിക

By: Web Desk | Thursday 7 June 2018 9:19 PM IST

രാജേഷ് രാജേന്ദ്രന്‍

രാജേഷ് രാജേന്ദ്രന്‍
എന്തൊക്കെ വിഭവങ്ങളെന്നല്ല എത്ര രുചിയോടാണ് ഭക്ഷണം തയാറാക്കുക എന്നതാണ് ഓരോ വീട്ടമ്മമാരുടേയും ലക്ഷ്യം. അടുക്കളയില്‍ നിന്നും തീന്‍മേശയിലേക്കെത്തുന്ന ആഹാരം രുചിയേറണം, വൃത്തിയായിരിക്കണം, മാത്രമല്ല കഴിക്കുന്നവര്‍ക്ക് സുരക്ഷിതവും ആരോഗ്യപ്ര ദവുമായിരിക്കണം. എന്നാല്‍ ഇഷ്ടവിഭവങ്ങള്‍ എല്ലാം നമുക്ക് വീട്ടിലൊരുക്കാന്‍ കഴിയില്ല. ഈ അവസരങ്ങളിലാണ് രുചിയേറിയ വിഭവങ്ങള്‍ ലഭ്യമാകുന്ന നാടന്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടുന്നിടം തേടാന്‍ നമ്മളൊക്കെ തയാറാകുന്നത്. ഇവിടെ മറ്റൊരു പ്രശ്‌നം താങ്ങാനാവാത്ത വിലയാണ്. ഇത്തരത്തില്‍ സാധാരണക്കാരന് ഇഷ്ടവിഭവങ്ങളുമായി കഴുത്തറുക്കാത്ത വിലയില്‍,അമിതലാഭം കൊയ്യുന്ന മറ്റ് ഹോട്ടലുകള്‍ക്ക് മാതൃകയായി ജനസേവകരെന്ന് പരോക്ഷമായി പറയാവുന്ന പത്രപ്രവര്‍ത്തനം വിട്ട് രുചിയൂറും വിഭവങ്ങള്‍ വച്ചൊരുക്കി നിങ്ങളേയും കാത്തിരിക്കുന്ന പഴയ ഒരു പത്രപ്രവര്‍ത്തക- സുജിത. സിറാജ് പത്രത്തില്‍ എട്ട് വര്‍ഷത്തെ ജോലി നിറുത്തിയിട്ടാണ് നാടന്‍ ഭക്ഷണമൊരുക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നത്.

SEAFOOD- Sujitha Hotel

സുജിതയുടെ ഹോട്ടലിലെ വിഭവങ്ങള്‍…

ബൈപാസില്‍ ചാക്കയ്ക്കും കരിക്കകം ക്ഷേത്രത്തിനുമിടയില്‍ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ് സുജിതയുടെ നാടന്‍ തട്ടുകട പ്രവര്‍ത്തിക്കുന്നത്. അച്ഛന്‍ അനിലനായിരുന്നു ആദ്യം തട്ടുകട നടത്തിയിരുന്നത്. അമ്മ രാധ സഹായിയും. എന്നാല്‍ അച്ഛന്റെ പെട്ടെന്നുള്ള മരണമാണ് രുചിവിഭവങ്ങളൊരുക്കുന്ന ലോകത്തേക്ക് എത്താന്‍ പ്രേരിതമായത്. ആഹാരപ്രേമികള്‍ക്ക് രുചിയൂറും വിഭവങ്ങളുമായി സുജിതയുടെ നാടന്‍ തട്ടുകട ഇതിനോടകം തന്നെ നഗരത്തിലെ പ്രധാന ഭക്ഷണശാലയായി മാറിയിരിക്കുന്നു.
അച്ഛന്‍ പകര്‍ന്നുകൊടുത്ത മസാലക്കൂട്ടുകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെയാണ് സുജിത മുന്നോട്ടുനീങ്ങുന്നത്. മസാലക്കൂട്ടിന്റെ വിഭവങ്ങള്‍ വാങ്ങി കഴുകി ഉണക്കി പൊടിച്ചാണ് ഉപയോഗിക്കുന്നത്. കായല്‍വിഭവങ്ങളായ കൊഞ്ച്, ഞണ്ട്, കക്ക, തിലാപ്പിയ തുടങ്ങിയവയുടെ വിവിധ വിഭവങ്ങള്‍ ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. രാവിലെ അപ്പം, ഇടിയപ്പം, കപ്പ, പെറോട്ട, മീന്‍കറി എന്നിവയാണ് വിഭവങ്ങള്‍. ഉച്ചയാകുമ്പോഴേക്കും ഊണിനൊപ്പം തലക്കറി, മീന്‍കറി, നാടന്‍ കോഴി പെരട്ട്, പന്നി, പോത്ത് എന്നിവയുണ്ടാകും. ഇതില്‍ മീന്‍കറി തേങ്ങ ചേര്‍ത്തരച്ചതാകും. എന്നാല്‍ കുടംപുളി ഇട്ടുവച്ച തലക്കറിക്കാണ് ആവശ്യക്കാരേറെ. കടല്‍വിഭവമായ കണവ പെരട്ടും, തോരനും വളരെ വിശേഷരുചിയില്‍ പാകപ്പെടുത്തി നമുക്കുമുന്നിലെത്തിക്കാറുണ്ട്. കടല്‍, കായല്‍ മത്സ്യങ്ങള്‍ അന്നന്ന് ആവശ്യമായവ മാത്രമെ വാങ്ങാറുള്ളു. ശീതീകരണയന്ത്രത്തിന്റെ പിന്‍ബലമില്ലാത്ത നല്ല മത്സ്യമാകുമ്പോള്‍ രുചി പിന്നെ പറയേണ്ടതില്ലല്ലോ.

SEAFOOD- Sujitha Hotel

സ്പെഷ്യല്‍ ചെമ്മീന്‍ ഫ്രൈ..

പാളയം, കൊമരിച്ചന്ത എന്നിവിടങ്ങളെയാണ് മത്സ്യവിഭവങ്ങള്‍ക്കായി സുജിത ആശ്രയിക്കുന്നത്. വൈകുന്നേരത്തെ സ്‌പെഷ്യല്‍ ചിക്കന്‍ഫ്രൈയാണ്. എല്ലാറ്റിനും പുറമെ തേങ്ങയും ചെറിയ ഉള്ളിയും അന്നന്ന് ലഭ്യമാകുന്ന മീനും ചേര്‍ത്ത് രുചിയേറിയ ചമ്മന്തിപ്പൊടിയുടെ കൂട്ടറിയാന്‍ രുചിക്കൊതിയന്‍മാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ തട്ടുകടയിലെ മാത്രം വിഭവമായിട്ടാണ് സുജിത ചമ്മന്തിക്കൂട്ടിനെ വിശേഷിപ്പിക്കുന്നത്. കരസേന ഉദ്യോഗസ്ഥനായ ഭര്‍ത്താവ് രാജീവ് ഇപ്പോള്‍ അസമിലാണ്. മകള്‍ നക്ഷത്ര. തട്ടുകടയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കാനും എല്ലാറ്റിനും പിന്‍തുണയുമായി സഹോദരന്‍ സുധീറും സുജിതയ്ക്കും നിഴലായി കൂടെയുണ്ട്.

Related News