Monday
18 Dec 2017

മനിലയില്‍ ട്രംപിനെതിരെ പ്രതിഷേധം

By: Web Desk | Sunday 12 November 2017 8:46 PM IST

പൊലീസ് ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്

മനില: തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മനിലയില്‍ എത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വന്‍ പ്രതിഷേധം. പൊലീസ് ലാത്തിചാര്‍ജ് നടത്തി.
യുഎസ് എംബസിക്കുമുന്നിലേക്ക് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. അമേരിക്കയ്ക്കും ട്രംപിനും എതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.’മന്ദബുദ്ധിയായ ട്രമ്പ് തിരിച്ചുപോവുക, അമേരിക്കയുടെ സാമ്രാജ്യത്വ നിലപാട് ഉപേക്ഷിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെയ്‌ക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി.
ഉത്തരകൊറിയയുമായി വാഗ്വാദം തുടരുന്ന യുഎസ് ഫിലിപ്പൈന്‍സില്‍ കൂടുതല്‍ സേനാത്താവളങ്ങള്‍ ലക്ഷ്യമിടുന്നുവെന്നാണ് ഇടതുസംഘടനകളും യുദ്ധവിരുദ്ധ സംഘടനാ പ്രവര്‍ത്തകരും ആരോപിക്കുന്നത്. ട്രംപ് ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു യുഎസ് എംബസിക്ക് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറിയത്.
പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് ബലപ്രയോഗം നടത്തി. ലാത്തിയും പരിചയുമായി പ്രകടനക്കാരെ നേരിട്ട പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ആസിയാന്‍ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡോണള്‍ഡ് ട്രമ്പിനെ കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിയിട്ടുണ്ട്.

 

Related News