Monday
17 Dec 2018

വരുംകാലം വിജയിക്കുന്ന പോരാട്ടങ്ങളുടേതാകണം

By: Web Desk | Thursday 4 January 2018 9:57 PM IST

ഓഖി ചുഴലിക്കാറ്റ് സൃഷ്ട്ടിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മോചനം നേടാത്ത തീരപ്രദേശങ്ങളിലെ സ്ത്രീകളുടെ കണ്ണുനീര്‍ വറ്റാതെയാണ് പുതുവര്‍ഷം ഇത്തവണ വന്നണഞ്ഞത്.

അതുകൊണ്ടുതന്നെ 2018 സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ആകട്ടേയെന്നു കഠിനമായി ആഗ്രഹിക്കാനും പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളും നിര്‍ഭയരായി, ശക്തരായി, ജീവിക്കുന്നതിനുതകുന്ന സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുവാനും മാത്രമേ കഴിയൂ. കഴിഞ്ഞുപോയ വര്‍ഷത്തെ സ്ത്രീപക്ഷമായി വിലയിരുത്തുമ്പോള്‍ ചില പ്രധാനനേട്ടങ്ങള്‍ കാണാതിരിക്കാനാവില്ല.
2017 ല്‍ സ്ത്രീശാക്തീകരണത്തിന് ആക്കം കൂട്ടുന്ന സുപ്രധാന നടപടി വനിതാ ശിശു വികസന വകുപ്പിന് സര്‍ക്കാര്‍ രൂപം നല്‍കിയതാണ്. ഇടതു ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ഏറെ കാലമായുള്ള സ്ത്രീകളുടെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത് . സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ സ്ത്രീസമൂഹത്തിന്റെ വികസനത്തിനു അപ്രധാനസ്ഥാനമേ ലഭിക്കാറുള്ളൂ. സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്നവരുടെ നീണ്ട നിരയില്‍ ഏറ്റവും പിന്നില്‍ സ്ത്രീ ഒതുക്കപ്പെടുമ്പോള്‍ ശാസ്ത്രീയമായ നടപടികള്‍ വൈകിയിരുന്നു. ഇതിനു പരിഹാരമാകാന്‍ ഉതകുന്ന ഈ തീരുമാനത്തെ ജനാധിപത്യ സമൂഹം കയ്യടിച്ചു സ്വീകരിച്ചു. ലിംഗനീതി ഉറപ്പാക്കാന്‍ നിരവധി നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്നത് . പിങ്ക് പൊലീസും മിത്രയും ഷീ പാഡും ഷീ ടാക്‌സിയും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ചിട്ടപ്പടിയുള്ള നടപടികള്‍ നടക്കുന്നു. മാത്രമല്ല , കേരളീയ പൊതുസമൂഹം വളരെ പതുക്കെ ആണെങ്കിലും സ്ത്രീബോധത്തിലേക്കു നടന്നടുക്കുന്നതിന്റെ സൂചനകളും കാട്ടി തുടങ്ങിയിരിക്കുന്നു. യുവതലമുറയില്‍ ഒരു വിഭാഗം എങ്കിലും ലിംഗനീതി ജനാധിപത്യത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുന്നുണ്ട് ,സ്ത്രീകളുടെ തുറന്നു പറച്ചിലുകളില്‍ മലയാളി പുരുഷബോധം അസ്വസ്ഥമാകുമ്പോഴും പ്രതിരോധിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങുന്നത് ആവേശകരമാണ്. 2017 ല്‍ ഉയര്‍ന്നുവന്ന ഏതാണ്ട് എല്ലാ വിവാദങ്ങളും സ്ത്രീസംബന്ധമായിരുന്നു എന്ന് കാണാം . കൊടും അഴിമതിയായ സോളാര്‍ സരിത എന്ന സ്ത്രീയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പുരുഷന്മാരെല്ലാം നിഷ്പ്രഭരായി. പ്രതിയാകുമ്പോഴും താരത്തെ എന്നപോലെ മാധ്യമങ്ങള്‍ ആഘോഷപൂര്‍വം സരിതയെ കൊണ്ട് നടന്നു. മറ്റൊരു വിവാദ സംഭവം ദിലീപ് എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ ലൈംഗികാതിക്രമം ആയിരുന്നു. പ്രമുഖയായ ഒരു നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയെന്നാണ് കേസ് . ഒരുപക്ഷെ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ ആദ്യ സംഭവം ! വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ പൊലീസ് തങ്ങളുടെ കാര്യക്ഷമത തെളിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംവാദങ്ങളും ചര്‍ച്ചകളും പൊതുവില്‍ കഴമ്പില്ലാത്തതാണെങ്കിലും ചലച്ചിത്രലോകത്തെ അനഭിലഷണീയ പ്രവണതകള്‍ വെളിപ്പെടുത്തി,2017 ല്‍ തന്നെ ചലച്ചിത്ര ലോകത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചതും ശ്രദ്ധേയവും ധീരവുമായി.
മതവും സ്ത്രീയും എന്ന സങ്കീര്‍ണവും ഗൗരവമേറിയതുമായ വിഷയമാണ് ഹാദിയ സംഭവത്തോടെ ചര്‍ച്ചയായത് . അഖില എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹാദിയ എന്ന പേര് സ്വീകരിക്കുകയും മതം മാറുകയും സ്വയം തിരഞ്ഞെടുത്ത വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തത് സൃഷ്ട്ടിച്ച കോളിളക്കം ഇനിയും തുടരുകയാണ്. സുപ്രീം കോടതിയിലെത്തിയ കേസ് ഹിന്ദുമുസ്‌ലിം മത മൗലികവാദികള്‍ ദുരുപയോഗം ചെയ്യുകയും ഒരു സ്ത്രീയുടെ പൗരാവകാശം എന്നത് തന്നെ ചോദ്യ ചിഹ്നമാക്കുകയും ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായി ഹാദിയ സംഭവത്തെ കണക്കാക്കേണ്ടതാണ് .
ഇനിയും ഉദാഹരണങ്ങള്‍ അനേകമുണ്ട് . സാമൂഹ്യ വ്യവഹാരങ്ങളിലെ സ്ത്രീ സാന്നിധ്യം കേരളം എത്രത്തോളം സ്ത്രീവിരുധം അല്ലെങ്കില്‍ സ്ത്രീപക്ഷമാണെന്ന് പഠിക്കാന്‍ സഹായിക്കുന്നു.എന്തായാലും ചെറിയ വിഭാഗം എങ്കിലും ലിംഗനീതി അംഗീകരിക്കുന്നു എന്ന് വ്യക്തം. സ്ത്രീകളുടെ തുറന്നുപറച്ചിലുകളെ ആക്രമിക്കാന്‍ സൈബര്‍ ഇടം ഉപയോഗിക്കുന്ന മലയാളികള്‍ വളരെ കൂടുതല്‍ ആണെങ്കിലും പ്രതിരോധത്തിനായി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീവിരുദ്ധ സിനിമയില്‍ അഭിനയിക്കില്ല എന്ന പൃഥ്വിരാജിന്റെ പ്രഖ്യാപനം ഉദാഹരണമായി എടുക്കാം. അദ്ദേഹം മാത്രമല്ല, സിനിമയില്‍ ഒരു ശക്തമായ യുവതലമുറ ലിംഗനീതിയുടെയും വര്‍ഗ രാഷ്ട്രീയത്തിന്റെയും നേരായ വഴി തിരഞ്ഞെടുത്തവര്‍ തന്നെ ആണ്.
സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ പ്രസക്തി ഏറ്റവും തെളിഞ്ഞു നില്‍ക്കുന്ന കാലഘട്ടത്തില്‍ ഇത്തരം ചിലരെങ്കിലും സ്വീകരിക്കുന്ന ശരിയായ നിലപാടുകള്‍ ആണ് സമൂഹത്തെ മുന്നോട്ടു നയിക്കുക.
2018 കൂടുതല്‍ സ്ത്രീ സൗഹാര്‍ദപരം ആകുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം. അതിനുള്ള തറയൊരുക്കാം 2017 ല്‍ ഉണ്ടായിട്ടുണ്ട് . വര്‍ഗീയ ശക്തികളുടെ കടന്നാക്രമണങ്ങള്‍ ചെറുക്കാനും ജനാധിപത്യത്തെ ശക്തിപെടുത്തികൊണ്ട് അവകാശങ്ങള്‍ സ്ഥാപിക്കുവാനും സ്ത്രീ സമൂഹത്തിനു കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ആഗോളവല്‍ക്കരണവും ആക്രമണോത്സുക മൂലധന ശക്തികളും ഒപ്പം വര്‍ഗീയതയും ചേരുമ്പോള്‍ ഏറെ ദുരിതം പേറേണ്ടി വരുന്നത് സ്ത്രീകളാണ്. അതുകൊണ്ടു തന്നെ സ്ത്രീ വിമോചന പോരാട്ടങ്ങള്‍ വിജയിക്കണമെങ്കില്‍ മുതലാളിത്തത്തെയും വര്‍ഗീയതയും എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ വേണം. വരും കാലം വിജയിക്കുന്ന പോരാട്ടങ്ങളുടെ ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.