Saturday
16 Dec 2017

സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന ടൂറിസം പദ്ധതികള്‍ ആവിഷ്‌ക്കരിക്കും: മന്ത്രി 

By: Web Desk | Thursday 7 December 2017 6:34 PM IST

അനാഥക്കുട്ടികള്‍ക്ക് നല്‍കാനായി കേരള ടൂറിസം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് തയ്യാറാക്കുന്ന പുതുവത്സര മധുരത്തിനുള്ള കേക്ക് മിക്‌സിംഗ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: ടൂറിസം രംഗത്തിന്റെ കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ടൂറിസം സാധ്യതകളെ പൊതു വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വരക്കല്‍ ബീച്ചിന് സമീപം കേരള ടൂറിസം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരമലബാറില്‍ ടൂറിസം സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. 57.61 കോടിയുടെ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കോഴിക്കോട്ട് നടപ്പാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തദ്ദേശവാസികള്‍ക്ക് പ്രയോജനമായ രീതിയില്‍ ടൂറിസം വികസനം നടപ്പാക്കും. പ്രകൃതിയുമായി ഇഴചേര്‍ന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. സാധാരണക്കാര്‍ക്ക് ഗുണകരമമാകുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി ആരംഭിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് വലിയ പോരായ്മയാണ്. ഒരു പദ്ധതിയാരംഭിക്കും മുമ്പ് എല്ലാ അംഗീകാരവും നേടണം. കര്‍ശനമായ നിലപാടോടെ പദ്ധതികള്‍ നടപ്പാക്കണം. ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, ആശ ശശാങ്കന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി.എന്‍.അനിതകുമാരി, പി.ലക്ഷ്മണന്‍, പി.പീതാംബരന്‍, കെ.എന്‍.അനില്‍കുമാര്‍, ആര്‍കിടെക്ട് വിനോദ് സിറിയക്, മോഹന്‍ പ്രഭാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അനാഥക്കുട്ടികള്‍ക്ക് നല്‍കാനായി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന പുതുവത്സര മധുരത്തിനുള്ള കേക്ക് മിക്‌സിംഗ് മന്ത്രി നിര്‍വഹിച്ചു.