Saturday
26 May 2018

എസ്എസ്എല്‍സി പരീക്ഷയെഴുതാതെ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍

By: Web Desk | Tuesday 13 March 2018 10:38 PM IST

കൊഴിഞ്ഞുപോക്ക് തടയുന്നതിന് ചെലവഴിക്കുന്നത് കോടികള്‍

സ്വന്തംലേഖകന്‍

കല്‍പറ്റ: വയനാട്ടില്‍ ഇത്തവണയും എസ്എസ്എല്‍സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടും പരീക്ഷയെഴുതാതെ നിരവധി ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വിദ്യാഭ്യാസ, പട്ടികവര്‍ഗ വകുപ്പുകള്‍ നിസംഗത തുടരുന്നത് ഇത്തവണയും ആദിവാസി മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് വന്‍ തിരിച്ചടിയാവും.

ജില്ലയില്‍ നിന്ന് ഇത്തവണ 622 എസ് സി വിദ്യാര്‍ഥികളും, 2422 എസ് ടി വിദ്യാര്‍ത്ഥികളുമാണ് എസ് എസ് എല്‍ സി പരീക്ഷക്ക് രജിസ്ട്രര്‍ ചെയ്തത്. ഇതില്‍ 36 വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്തിയില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം. പരീക്ഷ അവസാനിക്കുന്നതോടെയേ പരീക്ഷയെഴുതാത്ത കുട്ടികളുടെ എണ്ണം സബന്ധിച്ച കൃത്യവിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ആബ്സെന്റ് സ്റ്റേറ്റ്മെന്റ് പരീക്ഷാഭവനിലേക്ക് ഓണ്‍ലൈനായും പകര്‍പ്പ് ജില്ലാ വിദ്യാഭ്യാസ വകുപ്പിലേക്കും അയക്കണമെന്ന് സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്. 2016ല്‍ വയനാട്ടില്‍ രജിസ്ട്രര്‍ ചെയ്ത 23 കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നില്ല. ആ വര്‍ഷം ജില്ലയുടെ ആകെ വിജയം 92.30 ഉം എസ്ടി വിഭാഗത്തില്‍ 76.33 ശതമാനവും ആയിരുന്നു. 22 കുട്ടികള്‍ പരീക്ഷയെഴുതാതിരുന്ന 2017ല്‍ എസ്ടി വിജയശതമാനം 70.92 ശതമാനമായി കുറഞ്ഞു.2018ല്‍ ആദ്യ രണ്ട് പരീക്ഷകളുടെ കണക്ക് മാത്രം ലഭ്യമായിരിക്കേ 36 കുട്ടികള്‍ പരീക്ഷയെഴുതാതിരിക്കുന്നത് വിജയശതമാനത്തില്‍ വലിയ കുറവുണ്ടാക്കാനിടയുണ്ട്.

ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് പഠന, പരീക്ഷാ സൗകര്യങ്ങളൊരുക്കാന്‍ കോടികള്‍ ചിലവിടുന്നതിനിടയിലാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പരീക്ഷയെഴുതാതിരിക്കുന്നത്. സ്‌കൂളുകളിലെ കൊഴിഞ്ഞ് പോക്ക് തടയാന്‍ ഗോത്രസാരഥി പദ്ധതി, ഓരോ കോളനിയിലേക്കുമായി പ്രത്യേകം ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ഓരോ സ്‌കൂളിലെയും എസ് സി, എസ് ടി കുട്ടികളുടെ കാര്യങ്ങള്‍ക്കായി പ്രത്യേകം അധ്യാപകന്‍, പട്ടികവര്‍ഗവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടം ഇവയൊക്കെയുണ്ടായിട്ടും രജിസ്ട്രര്‍ ചെയ്ത കുട്ടികളെ പോലും പരീക്ഷക്കെത്തിക്കാന്‍ കഴിയാത്തത് അധികൃതരുടെ അലംഭാവമാണെന്ന വിലയിരുത്തലിലാണ് അധ്യാപകര്‍.

ഓരോ വര്‍ഷം കഴിയുന്തോറും ജില്ലയുടെ എസ്എസ്എല്‍സി വിജയശതമാനം കുത്തനെ കുറയുകയാണ്. 2017ല്‍ സംസ്ഥാനത്ത് വിജയശതമാനത്തില്‍ ഏറ്റവും പിന്നിലായിരുന്നു വയനാട്. അതില്‍ തന്നെ 38 സ്‌കൂളുകള്‍ ജില്ലാ ശരാശരിയേക്കാളും താഴെയും. ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളിലധികവും ഗോത്രവര്‍ഗങ്ങളിള്‍ നിന്നുള്ളവരാണ്.

സംസ്ഥാനത്തെ ആകെ ഗോത്രജനസംഖ്യയുടെ 36 ശതമാനവും ജില്ലാ ജനസംഖ്യയുടെ 22 ശതമാനവും വരുന്ന ഗോത്രവിഭാഗങ്ങളുടെ വിജയശതമാനവും ഓരോ വര്‍ഷവും താഴേക്ക് തന്നെയാണ് പോവുന്നത്. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പരീക്ഷയെഴുതാതിരിക്കുക കൂടെ ചെയ്യുന്നത് വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നില്‍ക്കുന്ന വയനാടിന് കനത്ത തിരിച്ചടിയാവും.