Tuesday
11 Dec 2018

അരങ്ങിലേക്ക് ജീവിതം വിളിക്കുന്നു….

By: Web Desk | Sunday 31 December 2017 1:03 AM IST

പി കെ അനില്‍കുമാര്‍

നാടിന്റെ അകമായി നാടകം മാറുമ്പോള്‍, അരങ്ങില്‍ ജീവിതം വന്ന് വിളിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മടങ്ങിയെത്താതിരിക്കാന്‍ കഴിയില്ലല്ലോ! ഉറങ്ങാത്ത നാടക രാവുകളുമായാണ് 2017 കാലവൃക്ഷത്തില്‍ നിന്നും കൊഴിയുന്നത്. നില്‍ക്കാനൊരുതറ, പിന്നിലൊരു മറ, ഉള്ളില്‍ നാടകം, മുന്നില്‍ പ്രേക്ഷകര്‍- നാടകാചാര്യന്‍ എന്‍ എന്‍ പിള്ള നാടകത്തെ നിര്‍വ്വചിച്ചത് ഇങ്ങനെ ആയിരുന്നു. നടിക്കുന്നതല്ല നടുക്കുന്നതാണ് നാടകമെന്നും എന്‍ എന്‍ പിള്ള കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നാടകവേദിയില്‍ നിന്നും ഇടക്കാലത്ത് കാണികള്‍ ഓടിയൊളിക്കുകയായിരുന്നു. ജീവിതം ചോര്‍ന്നുപോയതും ദുര്‍ഗ്രഹതകള്‍ നിറഞ്ഞതുകൊണ്ടുമായിരുന്നു അരങ്ങിനുമുന്നിലെ ആരവങ്ങള്‍ ഒഴിഞ്ഞത്. ആസ്വാദകഹൃദയങ്ങളുമായുള്ള സംവേദനം സാധ്യമാകാതെ ഒരു കലാരൂപവും കാലത്തെ അതിവര്‍ത്തിക്കുകയില്ല. സാമുവല്‍ ബക്കറ്റിന്റെ വിഖ്യാതനാടകമായ ‘ഗോദോയെകാത്ത്’ തുടക്കത്തില്‍ പ്രേക്ഷകര്‍ തിരസ്‌ക്കരിച്ചിരുന്നു.

കാത്തിരിപ്പാണ് ഈ നാടകത്തിന്റെ പ്രമേയമെന്ന്  ഒറ്റവാക്കില്‍ പറയാം. പ്രത്യാശാനിര്‍ഭരമായ ഒരു നാളയെക്കുറിച്ചുള്ള കാത്തിരിപ്പാണല്ലോ മനുഷ്യരാശിയെ മുന്നോട്ട് നയിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ തടവറകളില്‍ തടവുകാര്‍ക്ക് മുമ്പില്‍ കളിക്കുമ്പോഴാണ് ‘ഗോദോയെകാത്ത്’ എന്ന നാടകം തിരിച്ചറിയപ്പെടുന്നത്. പിന്നീടുള്ളത് ചരിത്രമാണ്. വ്യത്യസ്തങ്ങളായ ജീവിത ഭൂപടങ്ങളില്‍ വ്യത്യരിക്തങ്ങളായ വ്യാഖ്യാനങ്ങളില്‍ ഗോദോയെ കാത്ത് അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്ക് യാത്ര തുടര്‍ന്നു. അരങ്ങിനും ആള്‍ക്കൂട്ടത്തനുമിടയില്‍ മതിലുകള്‍ ഉയര്‍ന്നതോടെ പ്രേക്ഷകര്‍ അരങ്ങ് ഉപേക്ഷിച്ചു. തൊണ്ണൂറുകളില്‍ ടെലിവിഷന്റെ ദൃശ്യസംസ്‌ക്കാരം സിവില്‍ സമൂഹത്തെ ധൃതരാഷ്ട്രാലിംഗനം ചെയ്തതോടെ  വിഡ്ഢിപ്പെട്ടിയ്ക്ക് മുന്നിലായി പ്രേക്ഷകര്‍. ഒപ്പം മാനവികതയുടെ പൊതുഇടങ്ങളായിരുന്ന കൂട്ടായ്മകള്‍ പൗരസമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങി. അതോടെ സാംസ്‌ക്കാരിക സംഘടനകളുടെ വാര്‍ഷികാഘോഷങ്ങളും ചുരുങ്ങി. ഉത്സവപറമ്പുകള്‍ വിജനമായി. അരങ്ങുകള്‍ നിര്‍ജ്ജീവമായി. ചരിത്രവഴികളെ ഉര്‍വ്വരമാക്കി നവോത്ഥാനത്തിന്റെ വിളക്കുമാടങ്ങളായി നിലകൊണ്ടത് നാടകങ്ങളായിരുന്നു. ഓരോ നാടകഅരങ്ങും സാമൂഹികമാറ്റത്തിന്റെ ഗര്‍ഭഗൃഹങ്ങളായിരുന്നു. ഇടശ്ശേരിയുടെ കൂട്ടുകഷി, കെ ദാമോദരന്റെ പാട്ടബാക്കി, വി ടിയുടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്, കെപിഎസി നാടകങ്ങള്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തി കേരളീയ നവോത്ഥാനത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. കൊഴിഞ്ഞ വര്‍ഷം മലയാളനാടകവേദിയുടെ അരങ്ങില്‍ നിറഞ്ഞത് നവഭാവുകത്വത്തിന്റെ ഋതുഭേദങ്ങളായിരുന്നു. കേരളത്തിന്റെ നാടകപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലത്തിന്റെ സാംസ്‌ക്കാരികപെരുമയായ നീരാവില്‍ പ്രകാശകലാകേന്ദ്രത്തിന്റെ ‘ഏകാന്തം’ മലയാളനാടകവേദിയുടെ ചരിത്രപുസ്തകത്തില്‍ ആശയഗരിമകൊണ്ടും ദൃശ്യലാവണ്യം കൊണ്ടും കയ്യൊപ്പിട്ട നാടകമാണ്.  വിശ്രുത എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവിന്റെ ‘ദ ബെറ്റ്’  എന്ന കാലം ഹൃദയത്തിലിട്ട കഥയുടെ രംഗഭാഷയായിരുന്നു ഏകാന്തം. അരങ്ങിലൂടെ ആസ്വാദകരെ സ്വാതന്ത്ര്യത്തിന്റെ ആകാശം അനുഭവിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഏകാന്തത്തെ ഹൃദയത്തിലേക്ക് സംക്രമിപ്പിക്കുന്നത്. എല്ലാമനുഷ്യരും ഒരര്‍ത്ഥത്തില്‍ ഏകാകികളാണെന്നും ജനിയുടെ ഉത്സവകാഴ്ചകളിലേക്ക് ഏകാന്തതയെ മറികടന്ന് യാത്രചെയ്യുവാന്‍ കഴിയുമെന്നും ഏകാന്തത്തിന്റെ രംഗപാഠം പറയുന്നു. ആന്റണ്‍ചെക്കോവിന്റെ കഥാഭൂമികയില്‍ നിന്നും രചയിതാവ് പി ജെ ഉണ്ണികൃഷ്ണനും സംവിധായകന്‍ ശ്രീജിത്ത് രമണനും ഖനിജം ചെയ്‌തെടുക്കുന്നത് ജീവിതസമസ്യകളുടെ നിര്‍ധാരണവും കൂടിയാണ്. ദൃശ്യപരതയുടെ സാധ്യതകള്‍ തെല്ലുമവശേഷിപ്പിക്കാത്ത ഒരു കഥയെ അരങ്ങിലെ ഹൃദയഹാരിയായ സൗന്ദര്യാനുഭവമാക്കിതീര്‍ക്കുന്നത് രാജേഷ്ശര്‍മ്മ എന്ന അതുല്യനടന്റെ കഥാപാത്രത്തിലേക്കുള്ള പരകായ പ്രവേശംകൊണ്ട് കൂടിയാണ്. ദീപവിതാനത്തിന്റെ സങ്കലനലാവണ്യവും മാന്ത്രികസംഗീതവും ഇഴുകിച്ചേര്‍ന്ന് ഏകാന്തത്തിന്റെ അരങ്ങിലേക്ക് ഒഴുകിയെത്തുമ്പോള്‍ നമ്മുടെ അശാന്തികളെല്ലാം സ്‌നാനം ചെയ്യപ്പെടുന്നു. മലയാളിയുടെ നാടകാകാശത്തിലെ നക്ഷത്രവിസ്മയമായി ഏകാന്തം നിലകൊള്ളുന്നു.

ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ളവനായി സങ്കല്‍പ്പിച്ചു ദസ്തയേവ്‌സ്‌ക്കി എന്ന മഹാനായ എഴുത്തുകാരന്റെ അന്ത:സംഘര്‍ഷങ്ങളെ സാരസ്വതങ്ങളിലാവാഹിച്ച പെരുമ്പടവം ശ്രീധരന്റെ ‘ഒരുസങ്കീര്‍ത്തനം പോലെ’ എന്ന നോവലിന് അഹമ്മദ് മുസ്ലീം എന്ന പ്രതിഭാധനനായ നാടകപ്രവത്തകന്‍ നല്‍കിയ ദൃശ്യാവിഷ്‌ക്കാരം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. പെരുമ്പടവം വാക്കുകളുടെ നക്ഷത്രശോഭകൊണ്ടാണ് നോവല്‍ തീര്‍ത്തതെങ്കില്‍ അരങ്ങിലേക്കുള്ള അതിന്റെ പരിവര്‍ത്തനം അവിസ്മരണീയ അനുഭവമായത് നാടകകലയുടെ മര്‍മ്മമറിഞ്ഞ അഹമ്മദ് മുസ്ലീമിന്റെ സര്‍ഗപരതയ്ക്ക് നിദര്‍ശനമാണ് . ദൈവവും ചെകുത്താനും മാറിമാറി ഭരിക്കുന്ന ദസ്തയേവ്‌സ്‌ക്കിയുടെ മനോവ്യാപാരങ്ങളെ തന്മയത്വത്തോടെ ആവിഷ്‌ക്കരിച്ചതും സംവിധായകനായ അഹമ്മദ് മുസ്ലീംആയിരുന്നു. അന്നയായി വേഷമിട്ട സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഗാര്‍ഗിയുടെ അഭിനയമികവും സ്മരണീയമാണ്. ചരിത്രത്തിലെ എക്കാലത്തെയും വലിയദുരന്തനാടകങ്ങളിലൊന്നായ സോഫോക്ലിസിന്റെ ഈഡിപ്പസിന് കലേഷ്‌കണ്ടല്ലൂരും മനോജ് നാരായണനും ചേര്‍ന്ന് നല്‍കിയ രംഗഭാഷ മലയാളനാടകവേദിയുടെ നവസംസ്‌കൃതിയുടെ അടയാളമാണ്. കെപിഎസിയാണ് ഈഡിപ്പസിനെ അരങ്ങിലെത്തിക്കുന്നത്.

ഈഡിപ്പസിന് നിരവധി രംഗാഖ്യാനങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യഡയറക്ടറായ ഡോ. അല്‍ക്കാസി ദില്ലിയിലെ ചെങ്കോട്ടയുടെ പടവുകളെ അരങ്ങാക്കി തീര്‍ത്ത ദൃശ്യഭാഷ ഏറെ ശ്രദ്ധേയമായിരുന്നു. കോറസിനുപോലും തനതായ സ്വത്വബോധം നല്‍കി പണ്ഡിതപാമരഭേദമന്യേ പുതിയ കാലത്തിന്റെ തരംഗദൈര്‍ഘ്യങ്ങളിലേക്ക് ആസ്വാദകരെ സന്നിവേശിപ്പിക്കാന്‍ ഈഡിപ്പിസിലൂടെ കെപിഎസിക്ക് കഴിഞ്ഞു. കേരളീയ നവോത്ഥാനനാടക സംസ്‌കൃതിയുടെ അമരം കാക്കാന്‍ തങ്ങള്‍തന്നെയാണ് പ്രാപ്തമെന്ന് കെപിഎസി ഈഡിപ്പസിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. ഓച്ചിറ വേലുക്കുട്ടിയുടെ നേതൃത്വത്തില്‍ പരബ്രഹ്മോദയസഭയെ അവതരിപ്പിച്ച കുമാരനാശാന്റെ കരുണയുടെ നാടകാവിഷ്‌ക്കാരം മലയാളനാടകവേദിയുടെ ചരിത്രത്തിന്റെ നാഴികകല്ലുകളിലൊന്നായിരുന്നു. പതിനായിരത്തില്‍ പരം വേദികളിലാണ് ഈ നാടകം അരങ്ങേറിയത്. കാലത്തെ അതിവര്‍ത്തിക്കുന്ന ആശാന്‍കവിതയ്ക്ക് കൊല്ലം കാളിദാസകലാകേന്ദ്രം അരങ്ങൊരുക്കിയപ്പോള്‍ ആസ്വാദകഹൃദയങ്ങള്‍ക്ക് അചുംബിതമായ ആനന്ദാനുഭൂതിയായി കരുണനാടകം മാറി. പുതുഭാവുകത്വത്തിന്റെ ശാദ്വലഭൂമികളില്‍ നിന്നും നാടകരചനനിര്‍വ്വഹിക്കുന്ന ഹേമന്ത്കുമാറിന്റെ സ്‌ക്രിപ്റ്റിനെ നവസാങ്കേതികവിദ്യകള്‍ സ്വാംശീകരിച്ച്‌കൊണ്ട് ഇ എ രാജേന്ദ്രന്‍ അരങ്ങില്‍ വസന്തം തീര്‍ക്കുകയായിരുന്നു. വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ നിരവധി രംഗാഖ്യാനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.പ്രണയപാപങ്ങളെന്നുംകലയുടെയും  സാഹിത്യത്തിന്റെയും വറ്റാത്ത പ്രചോദനസ്‌ത്രോതസുകളായിരുന്നു. വള്ളുവനാട് ബ്ലാക്ക് & വൈറ്റ്  അവതരിപ്പിക്കുന്ന ഒഥല്ലോയെ ഉപജീവിച്ചുള്ള ‘മഴ’ എന്ന നാടകം ഏറ്റവും വലിയ ജനപ്രിയ നാടകമായി പ്രേക്ഷകമനസ്സുകളെ കീഴടക്കി കഴിഞ്ഞു. ഹേമന്ത്കുമാറിന്റെ രചനയില്‍ രാജേഷ് ഇരുളമാണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് വെളിച്ചത്തിന് മാന്ത്രികമായ ലയവിന്യാസംനല്‍കുന്ന രാജേഷ് ഇരുളത്തിന്റെ സംവിധാനശൈലി അനുപമാണ് ഹേമന്ത്കുമാര്‍-രാജേഷ് ഇരുളം കൂട്ട്‌കെട്ടിലാണ് ഇക്കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റ് നാടകങ്ങള്‍ പിറന്നത് ഇവര്‍ തമ്മിലുളള രസതന്ത്രം മലയാളനാടകവേദികയുടെ സുകൃതമായി മാറുന്നത് കണ്ടാണ് 2017 വിടപറയുന്നത്. നിയമാകമായ നാടകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് കോഴിക്കോട്. കാഴ്ച അവതരിപ്പിക്കുന്ന ‘എംടിയും ഞാനും’ എന്ന നാടകം മലയാള നാടകവേദിയുടെ വേറിട്ട അരങ്ങനുഭവമാണ്. പ്രദീപ് കാവുംന്തറ രചിച്ച് തൃശൂര്‍ ഗോപാല്‍ ജി സംവിധാനം ചെയ്യുന്ന ഈ നാടകത്തില്‍ പേരില്ലാത്ത കഥാപാത്രങ്ങളിലൂടെ സമകാലീനസമൂഹത്തിന്റെ പരിഛേദം കാണികള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെടുന്നു. ലക്ഷ്മി അഥവ അരങ്ങിലെ അനാര്‍ക്കലി, സഹയാത്രികന്റെ ഡയറിക്കുറിപ്പ്, ആഴം, ആടിവേടന്‍, നിര്‍ഭയ, പാച്ചുപരേതനായി, മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ ഒരു ദിവസം, രാമേട്ടന്‍, എഴുത്തച്ഛന്‍ (ഈ പട്ടിക അപൂര്‍ണ്ണമാണ്) തുടങ്ങിയ നാടകങ്ങളും അരങ്ങിന് മുന്നിലേക്ക് പുരുഷാരത്തെ എത്തിക്കുന്നു. രചനാവൈഭവവുമായി ഫ്രാന്‍സിസ് ടി മാവേലിക്കര അപരാജിത യാത്ര തുടരുന്നു. സംവിധാനത്തില്‍ രാജീവന്‍ മമ്മളിയും പുതുനാടകരചയിതാക്കളില്‍ മുഹാദ് വെമ്പായം, സി ആര്‍ മനോജ്, പ്രവീണ്‍ വടക്കുംതല എന്നിവരും പരാമര്‍ശിക്കപ്പെടേണ്ടതാണ്. ഉറങ്ങാത്തനാടകരാവുകളിലേക്ക് ജനസാന്ദ്രത ഒഴുകിയെത്തുകയാണ്. ഗ്രാമാന്തരങ്ങളിലെല്ലാം പ്രൊഫഷണല്‍ നാടകമത്സരങ്ങളും നാടകമേളകളും അരങ്ങേറുന്നു. പ്രമേയ വൈവിധ്യത്തിലും ഹൃദയത്തിലേക്ക് ചേക്കേറുന്ന സംവിധാനശൈലിയിലും അകൃത്രിമമായ അഭിനയചാതുര്യവും നവീനസാങ്കേതികവിദ്യയുടെ ഉള്‍ച്ചേരലും കൊണ്ട് മലയാളനാടകവേദി പുതിയ ആകാശവും പുതിയ ഭൂമിയും തേടുകയാണ്. അരങ്ങിന് മുന്നില്‍ നിന്നും കാണികള്‍ ശൂന്യമാക്കപ്പെട്ട മനസ്സുമായല്ല വര്‍ത്തമാനകാലത്തില്‍ മടങ്ങിവരുന്നത്. ഇപ്പോഴവര്‍ക്ക് അരങ്ങില്‍ സ്വന്തം ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളും പെയ്തിറങ്ങുന്നത് കാണാം. അതേ….. നാടകം തിരിച്ചുവരികയാണ്……… അരങ്ങിന് മുന്നിലേക്ക് ആള്‍ക്കൂട്ടവും………

നിള തോട്ടുംമുഖം പി.ഒ മൈനാഗപ്പള്ളി                                                                                    ഫോണ്‍ : 8301858742