Wednesday
17 Oct 2018

ഇരട്ടക്കവര്‍ച്ച: ബംഗ്ലാദേശില്‍ പിടിയിലായ അക്രം ഖാനെ വിട്ടുകിട്ടുക ശ്രമകരമാകും

By: Web Desk | Wednesday 21 March 2018 10:06 PM IST

കൊച്ചി: നഗരത്തെ ഞെട്ടിച്ച ഇരട്ടക്കവര്‍ച്ച കേസിലെ ബംഗ്ലാദേശികളായ പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം വഴിത്തിരിവില്‍. കവര്‍ച്ചാ സംഘത്തിലെ പ്രധാനിയായ അക്രംഖാന്‍ ബംഗ്ലാദേശില്‍ അറസ്റ്റിലായതോടെ കൂട്ടുപ്രതികളെ ബംഗ്ലാദേശില്‍ നിന്ന് പിടികൂടാനുള്ള സാധ്യത തെളിഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാല്‍ പ്രതികളെ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ വിട്ടു കിട്ടേണ്ടതാണ്. എന്നാല്‍ ബംഗ്ലാദേശില്‍ ഇവര്‍ക്കെതിരെ കൊലപാതകം അടക്കമുള്ള കേസുകളുള്ളതിനാല്‍ പിടിയിലായാലും കൈമാറ്റം ഏറെ ശ്രമകരമാകും. എന്നാല്‍ ബംഗ്ലാദേശ് പൊലീസില്‍ നിന്ന് പ്രതികളെക്കുറിച്ചും അവര്‍ കൊച്ചിയിലും കേരളത്തിനകത്തും പുറത്തും നടത്തിയ കവര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരായുന്നുണ്ട്.

തൃപ്പൂണിത്തുറ എരൂരിലെയും കൊച്ചി പുല്ലേപ്പടി റോഡിലെയും വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ തലവന്‍ നൂര്‍ഖാന്‍ എന്ന നസീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബംഗ്ലാദേശില്‍ ഒളിവിലാണ്. ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന കേരള പൊലീസ് നല്‍കിയ വിവരമനുസരിച്ചാണ് അക്രംഖാനെ ഒളിത്താവളത്തില്‍ നിന്ന് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്. ഇയാള്‍ ബംഗ്ലാദേശില്‍ രണ്ടു കൊലക്കേസുകളില്‍ പ്രതിയാണ്. കേസിന്‍റെ വിചാരണയും ശിക്ഷയും ബംഗ്ലാദേശില്‍ നടക്കേണ്ടതിനാല്‍ ഇയാളെ ഇന്ത്യക്ക് കൈമാറുക ദുഷ്‌കരമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എരൂരിലെ കവര്‍ച്ചയ്ക്കു തലേദിവസം പ്രതികള്‍ ധനകാര്യ സ്ഥാപനത്തിന്‍റെ സിസിടിവി ക്യാമറ തകര്‍ക്കുന്ന രംഗം മുന്‍പിലെ ബാഗ് കടയുടെ കാമറയില്‍ പതിഞ്ഞതാണു അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതികള്‍ വന്നിറങ്ങിയ ഓട്ടോറിക്ഷയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. പ്രതികളെ പിന്തുടര്‍ന്ന് തൃപ്പൂണിത്തുറ സിഐ പി എസ് ഷിജുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് ബംഗ്ലാദേശ് അതിര്‍ത്തി വരെ എത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മോഷണ സംഘത്തിലുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശികളായ അര്‍ഷദ്, റോണി, ബിഹാര്‍ സ്വദേശി ഷെഹ്ഷാദ് എന്നിവരെ ഡല്‍ഹിയില്‍ നിന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ റോണി റോഹിങ്ക്യന്‍ വംശജനാണ്. ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

Related News