Wednesday
23 Jan 2019

പ്രേംനസീര്‍ സ്റ്റൈലില്‍ പ്രണയിനിയെ മണ്ടിപ്പെണ്ണേ എന്നു വിളിച്ചാല്‍… കോടി പിഴ!

By: Web Desk | Saturday 12 January 2019 10:06 PM IST

പ്രത്യേക ലേഖകന്‍

ദുബായ്: കേരളത്തില്‍ നടപ്പായാല്‍ മന്ത്രിമാരടക്കം ജനങ്ങളാകെ കൂടോടെ അകത്താവുന്ന ഒരു നിയമം ഇതാദ്യമായി യുഎഇയില്‍ പ്രാബല്യത്തില്‍.

ശുംഭന്‍, കഥയില്ലാത്തവന്‍, കിഴങ്ങന്‍, കൊജ്ഞാണന്‍, മണ്ടന്‍, മണ്ടി, വിഡ്ഢി തുടങ്ങിയ പ്രയോഗങ്ങള്‍ മലയാളികള്‍ക്കിടയില്‍ സുലഭമെങ്കിലും യുഎഇയില്‍ ഈ വാക്കുകള്‍ ഒരാള്‍ക്കെതിരെ പ്രയോഗിച്ചാല്‍ ഊണകത്ത്, ഒപ്പം കനത്ത പിഴയും. തന്റെ പ്രണയിനിയെ പ്രേംനസീര്‍ സ്റ്റൈലില്‍ ‘മണ്ടിപ്പെണ്ണേ’ എന്ന് വാട്ട്‌സ്ആപ്പിലൂടെ വിളിച്ച കാമുകന് അബുദാബി കോടതി വിധിച്ചത് 4 ലക്ഷം രൂപ പിഴ. ഫുട്‌ബോള്‍ മത്സരത്തിനിടെ തന്റെ ചങ്ങാതിയെ കഥയില്ലാത്തവന്‍ എന്നുവിളിച്ച മറ്റൊരു കേസ് ഷാര്‍ജ കോടതിയുടെ മുന്നിലാണ്.

ഒരു വ്യക്തിയെ നിന്ദിക്കുന്നതും ആക്ഷേപിക്കുന്നതും കുറ്റകരമായതിനാലാണ് ഈ നിയമം നടപ്പാക്കുന്നതെന്ന് പ്രമുഖ നിയമജ്ഞനായ മഹ്മ്മൂദ് അസാബ് പറയുന്നു. ഈ കുറ്റത്തിന് ഒരു കോടി രൂപവരെ പിഴയും തടവും വിധിക്കാം. രണ്ടും കൂടിയുമാകാം. ഒരാളുടെ മുഖത്തു നോക്കി കള്ളന്‍, മണ്ടന്‍, കിഴങ്ങന്‍ ഇത്യാദി പ്രയോഗങ്ങള്‍ നടത്തുന്നതുപോലെ തന്നെ ഓണ്‍ലൈന്‍ ചാനലുകളും നവമാധ്യമങ്ങളും വഴി ആക്ഷേപ സംജ്ഞകള്‍ പ്രയോഗിച്ചാലും അകത്താവും. ഇത്തരം ഒരു കേസില്‍ ഒരു ഇന്ത്യക്കാരനെ ജയിലിലടച്ചശേഷം നാടുകടത്തിയ സംഭവവുമുണ്ടായെന്ന് അസാബ് ചൂണ്ടിക്കാട്ടി.

ഒരാളിന്റെ ആത്മാഭിമാനത്തിനെതിരായ കടന്നുകയറ്റമാണ് ഇത്തരം വാക്പ്രയോഗങ്ങളെന്നും നവമാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങളാണെങ്കില്‍ അവ സൈബര്‍ കുറ്റകൃത്യം കൂടിയാകുമെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വ്യക്തിയാണ് അയാള്‍ പ്രയോഗിക്കുന്ന വാക്കുകളുടെ ഉത്തരവാദിയെന്ന് അന്താരാഷ്ട്ര നിയമസ്ഥാപനത്തിന്റെ മേധാവിയായ അഷീഷ്‌മേത്ത പറയുന്നു. അതിനാല്‍ വാക്കുകള്‍ കരുതലോടെ പ്രയോഗിക്കാത്തവര്‍ ശിക്ഷാര്‍ഹരാകുക സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related News