Wednesday
23 Jan 2019

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പൈപ്പ് ലൈൻ തുരന്ന് മോഷണ ശ്രമം

By: Web Desk | Thursday 25 January 2018 12:45 PM IST

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പൈപ്പ് ലൈനില്‍നിന്നും ഇന്ധനം ചോര്‍ത്താനുള്ള മോഷ്ടാക്കളുടെ നീക്കം പൊട്ടിത്തെറിയില്‍ അവസാനിച്ചു. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കക്രോളയിലാണ് കഴിഞ്ഞരാത്രി താമസക്കാരെ ഭീതിയിലാക്കി സ്‌ഫോടനം നടന്നത്.

പൈപ്പു ലൈനിനു ചേര്‍ന്ന അഞ്ചുസെന്റ് ഭൂമി ആക്രിശേഖരണത്തിനായി വാടകയ്‌ക്കെടുത്ത  സംഘത്തെ പൊലീസ് അന്വേഷിക്കുന്നു.ഒരാളെ പൊലീസ് പിടികൂടി. 150 അടിനീളവും രണ്ടര അടിവീതിയുമുള്ള ഒരു തുരങ്കം ഉണ്ടാക്കിയതായി കണ്ടെത്തി. ഇത് ഓയില്‍ ചോര്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ആക്രി ശേഖരിക്കുന്ന സ്ഥലത്തെ ഷെഡില്‍ നിന്നുമാണ് തുരങ്കം.

പിടിയിലായ സുബൈര്‍ എന്നയാള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൈപ്പ് ലൈനില്‍ ദ്വാരം ഉണ്ടാക്കിയെന്ന് പൊലീസിനോട് പറഞ്ഞു. ലൈന്‍തുരന്നപ്പോള്‍ അതുവഴി വാതകം പുറത്തുവന്നതോടെ സംഘം പ്രവേശനദ്വാരം അടച്ച് രക്ഷപ്പെട്ടു. തുരങ്കത്തില്‍ നിറഞ്ഞവാതകമാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തീപിടിത്തമുണ്ടാകാഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.
ഇയാള്‍ക്കൊപ്പം മറ്റ് നാലുപേര്‍ കൂടിയുണ്ടായിരുന്നുവത്രേ. പെട്രോള്‍,ഡീസല്‍,വിമാനഇന്ധനം എന്നി കൊണ്ടുപോകുന്ന ലൈന്‍ ആണ് സംഘം തുരന്നത്. ഇതുവഴി ഇന്ധനം ചോര്‍ത്തി വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു.

Related News