Monday
22 Oct 2018

തീയില്‍ കടഞ്ഞ് തീര്‍ഥാടനം

By: Web Desk | Saturday 6 January 2018 7:02 PM IST

ഡോ. സി ഉണ്ണികൃഷ്ണന്‍

ചരിത്രം സൃഷ്ടിക്കുന്നവരും ചരിത്രത്തെ സൃഷ്ടിക്കുന്നവരുമുണ്ട്. സാഹസികമായ ജീവിതംകൊണ്ട് ചരിത്രം സൃഷ്ടിച്ചവര്‍ ഏറെയാണ്. കര്‍മവീര്യംകൊണ്ട് കാലത്തിന്റെ ഗതി തിരിച്ചുവിട്ട് പുതിയ ചരിത്രം സൃഷ്ടിച്ചവരുമുണ്ട്. എന്നാല്‍ കാലത്തിന്റെ അനിവാര്യത ചിലരെ സൃഷ്ടിക്കുകയും അവര്‍ ചരിത്രത്തിന്റെ ഭാഗമായി വളരുകയും പുതിയ ചരിത്ര സൃഷ്ടാക്കളായി പരിണമിക്കുകയും ചെയ്യുന്നവര്‍ അപൂര്‍വമാണ്. ആ അപൂര്‍വമായ വ്യക്തിത്വത്തിന്റെ പേരാണ് ഡോ. പുതുശേരി രാമചന്ദ്രന്‍.

ഒരു ജന്മത്തില്‍ ഒരു മനുഷ്യനെന്തൊക്കെയാകാം എന്ന് സൂക്ഷ്മവിചിന്തനത്തിന് ശ്രമിക്കുന്നവരുടെ മുന്നിലാദ്യം പതിയേണ്ട ജീവിതമാണ് പുതുശ്ശേരി രാമചന്ദ്രന്റേത്. ‘തിളച്ചമണ്ണില്‍ കാല്‍നടയായി’ എന്ന അദ്ദേഹത്തിന്റെ ജീവചരിത്രം വായനക്കാരില്‍ സൃഷ്ടിക്കുന്ന ഔത്സുക്യത്തിന് അതിരുകളുണ്ടാവില്ല. യാഥാസ്ഥിതിക ജീവിതാന്തരീക്ഷത്തില്‍ നിന്ന് പോരാട്ടങ്ങളുടെ കനലുകളിലൂടെ അടിവച്ചിറങ്ങിയ ബാല്യം, അരുണോദയത്തിന്റെ സൃഷ്ടിക്കായി സ്വജീവിതത്തിന്റെ ഭാവിയെക്കുറിച്ചൊട്ടും ആകുലതകളില്ലാത്ത സാഹസിക യൗവ്വനം, പൊട്ടിവിടര്‍ന്ന പുലര്‍കാലത്തില്‍ തെളിഞ്ഞ ചുമപ്പിലെ സിന്ധൂരത്തിനല്‍പം അവകാശം തനിക്കും കൂടിയുണ്ടെന്ന അഭിമാനബോധത്തോടെയുളള വഴിമാറി നടപ്പ്, പ്രതിഭാശാലിയായ ഒരു വിദ്യാര്‍ഥിയുടെ ഉയര്‍പ്പ്, സ്‌നേഹസമ്പന്നനായ ഒരു ഗുരുവിലേക്കുള്ള പരിവര്‍ത്തനം, അക്കാദമിക് രംഗത്തെ ജനകീയ വാഴ്ച, കേരള ഭാഷയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഗവേഷണം, സര്‍വകലാശാല ഭരണാധികാരി, മാതൃഭാഷയോടുള്ള ഹൃദയബന്ധം, ലോകമലയാള സമ്മേളനത്തിന്റെ സംഘാടനം, ക്ലാസിക് പദവിക്കുവേണ്ടിയുള്ള ബൗദ്ധികപോരാട്ടങ്ങള്‍, ജനകീയ ചരിത്രനിര്‍മിതിക്കായുള്ള പരിശ്രമങ്ങള്‍, അടിയുറച്ച പ്രത്യയശാസ്ത്രബോധം, കൈവിടാത്ത കവിതയുടെ ആത്മചൈതന്യം ഇങ്ങനെ എത്രയോ കൈവഴികള്‍ വന്നുവിലയിക്കുന്ന സാഗരപ്പരപ്പാണ് ആ ജീവിതം.

ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും ദാര്‍ശനികമായ വെളിച്ചം ബാല്യത്തിലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ആ ബാല്യത്തിന് മനുഷ്യത്വത്തിലേക്കുള്ള വഴിവെട്ടാന്‍ മറ്റ് തടസങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അടങ്ങാത്ത ദാഹം അദ്ദേഹത്തില്‍ അന്നേ അങ്കിരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ എല്ലാ എതിര്‍പ്പുകളും മറികടന്ന് സ്‌കൂളില്‍ പതാക ഉയര്‍ത്താനും വലിയ വിദ്യാര്‍ഥി പ്രകടനം നയിക്കാനും, സ്വതന്ത്രതിരുവിതാംകൂര്‍ വാദത്തിനെതിരെ രംഗത്തുവരാനും സ്വാതന്ത്ര്യദിനം അധികാരികളുടെ എതിര്‍പ്പ് മറികടന്ന് ആഘോഷിക്കാനുമെല്ലാം കഴിഞ്ഞത് അടിയുറച്ച ദേശീയബോധവും മാനവികതയും മനസില്‍ നിറഞ്ഞതുകൊണ്ടാണ്. സ്വാതന്ത്ര്യം നേടിയതിലൂടെ അസ്തമിക്കുന്നതല്ല ഒരു പോരാളിയുടെ ജീവിതം. തുടര്‍ന്ന് വലിയ സമരപോരാട്ടങ്ങളിലേക്ക് ആ ജീവിതം നീങ്ങുകയാണ്. പുതുപ്പള്ളിയും കാമ്പിശേരിയും തോപ്പല്‍ഭാസിയും ഗുരുനാഥനായ കേശവന്‍ പോറ്റിയുമെല്ലാം പകര്‍ന്നുതന്ന വിപ്ലവാവേശം ഒരു ഭാഗത്ത്, പുന്നപ്ര വയലാര്‍ സമരങ്ങളുടെ തീ മനസില്‍ സൃഷ്ടിച്ച കനലുകള്‍ മറുഭാഗത്ത്, ചൂഷണത്തിന്റെയും അടിച്ചൊതുക്കലിന്റെയും ഹൃദയഭേദകമായ ദൃശ്യങ്ങള്‍ കണ്‍മുന്നില്‍ സമത്വാധിഷ്ഠിതസാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള മാര്‍ക്‌സിസം ലെനിനിസത്തെ സംബന്ധിച്ചുള്ള സംശയാതീതമായ അറിവും ചേരുന്നെടുത്ത് ഒരു നല്ല കമ്യൂണിസ്റ്റുകാരന്‍ പുതുശേരിയില്‍ രൂപംകൊള്ളുകയായിരുന്നു. ആ ദര്‍ശനവും ആദര്‍ശവും നവതിയിലെത്തിനില്‍ക്കുമ്പോഴും നിലനില്‍ക്കുന്നു എന്നതാണ് തീയില്‍ക്കടഞ്ഞെടുത്ത ആ വ്യക്തിത്വത്തിന്റെ സവിശേഷത.

അതിസാഹസികമായിരുന്നു ആദ്യകാല കമ്യൂണിസ്റ്റുകാരുടെ ജീവിതം. സ്വാര്‍ഥപരമായ എല്ലാ ഇച്ഛകളേയും കുഴിച്ചുമൂടി പാര്‍ട്ടിക്കുവേണ്ടി എല്ലാം സമര്‍പ്പിക്കാന്‍ തയാറായി ഇറങ്ങിയവരായിരുന്നു അവരിലധികം പേരും. അതിനാല്‍ മര്‍ദ്ദനങ്ങളും ജയില്‍വാസവും അവരെ കൂടുതല്‍ ആവേശഭരിതരാക്കുകയേയുള്ളു. പുതുപ്പള്ളിയുടെയും മറ്റും സാഹസികവും ത്യാഗപൂര്‍ണവുമായ ജീവിതം പുതുശ്ശേരി വിവരിക്കുന്നത് പ്രാണനെ അടക്കിവച്ചുമാത്രമേ ഉള്‍ക്കൊള്ളാനാവു. അവരുടെ നിസ്വാര്‍ഥതയും സാഹസികതയും പുതിയതലമുറയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. അങ്ങനെ കൗമാരം കഴിയുംമുമ്പേ പാര്‍ട്ടിയംഗമായി മാറിയ പുതുശേരി എസ് എന്‍ കോളജ് പഠനകാലത്തും ഉള്‍ക്കരുത്തുള്ള ഒരു പാര്‍ട്ടി നേതാവായി മാറി. ജയില്‍വാസവും പൊലീസ് മര്‍ദ്ദനവും സത്യഗ്രഹങ്ങളുമൊന്നും തളര്‍ത്താത്ത മനസിന്റെ ഉടമയായി മാറി. എസ് എന്‍ കോളജിലെ വിദ്യാര്‍ഥിയായതുകൊണ്ടുമാത്രം ശൂരനാട് സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടില്ല. 1949 ഡിസംബര്‍ മുപ്പത്തിയൊന്നിന് എസ് ഐ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊലചെയ്യപ്പെട്ട ശൂരനാട് കലാപത്തെത്തുടര്‍ന്ന് പ്രകടമായ ഭരണകൂടഭീകരതയില്‍ ആ ഗ്രാമമാകെ മരവിച്ചു നില്‍ക്കുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളില്‍ പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശൂരനാടെന്നൊരു നാടിനിവേണ്ട- എന്ന അന്നത്തെ മുഖ്യമന്ത്രി പറവൂര്‍ ടി കെ നാരായണപിള്ളയുടെ പ്രഖ്യാപനം അക്ഷരംപ്രതി നടപ്പാക്കിയ പൊലീസും പട്ടാളവും കിട്ടിയവരെയെല്ലാം അരുംകൊലചെയ്യുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേദിവസം തന്നെ വള്ളികുന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത പുതുശ്ശേരി രഹസ്യമായി പാര്‍ട്ടി സംഘടിപ്പിക്കാനും രക്തസാക്ഷി കുടുംബങ്ങളുടെ സംരക്ഷണമേറ്റെടുക്കാനും ജയിലില്‍ക്കിടക്കുന്നവര്‍ക്ക് നീതി നേടിയെടുക്കാനും വേണ്ടിയുള്ള അക്ഷീണ യത്‌നങ്ങളാണ് നടത്തിയത്. അപ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. ദുസ്സഹമായ വേദനകള്‍ക്കിടയിലും പാവപ്പെട്ടവര്‍ പാര്‍ട്ടിയിലര്‍പ്പിക്കുന്ന അചഞ്ചലമായ വിശ്വാസം മുന്നോട്ടുപോകാനുള്ള ചാലകശക്തിയായി മാറയിതും അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്. വള്ളിക്കുന്നത്തെ സെക്രട്ടറിയായിരിക്കെ ഭരണിക്കാവ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച എം എന്‍ ഗോവിന്ദന്‍ നായരെ വിജയിപ്പിക്കാന്‍വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ ആദ്യകാല കമ്യൂണിസ്റ്റുകാരുടെ നിസ്വാര്‍ഥ പ്രവര്‍ത്തനത്തിന് തെളിവാണ്. തന്റെ ആദ്യ പുസ്തകം വെളിച്ചം കാണിച്ച അച്ഛന്റെ അമ്മാവന്‍ പോക്കാട്ടു രാഘവന്‍പിള്ളയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പുതുശ്ശേരി എംഎന്റെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്താന്‍ പോകുന്നതിന്റെ സൂചനയായിരുന്നു ആ തെരഞ്ഞെടുപ്പ്. പാര്‍ട്ടിക്കുമേലുളള നിരോധനം പതുക്കെ നീങ്ങുകയും ജയിലിലുള്ള പലരും പുറത്തുവരികയും ചെയ്തതോടെ പാര്‍ട്ടിയെ നയിക്കാന്‍ ആളുണ്ടെന്ന അവസ്ഥയുണ്ടായി. ക്രമേണ പഠനത്തിലേക്ക് തിരിയാന്‍ പുതുശ്ശേരി പാര്‍ട്ടിയുടെ അനുമതിവാങ്ങി പോകുന്നു.

രാഷ്ട്രീയം പഠിപ്പിനെ ബാധിക്കുമെന്നും ഭാവിയില്ലാതാക്കും എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഒരു തിരുത്തലാണ് പുതുശ്ശേരിയുടെ ജീവിതം. അതിസാഹസികമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും പഠിക്കാനുള്ള വ്യഗ്രത അദ്ദേഹം പ്രകടമാക്കി. എം ജി കോളജിലും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജിലേയും പഠനകാലം. കവിതയും രാഷ്ട്രീയവും സഹവര്‍ത്തിത്വം പുലര്‍ത്തിയ യൂണിവേഴ്‌സിറ്റി കോളജിലെ ജീവിതം. അവിടെനിന്ന് ഒന്നാം റാങ്കോടെയുളള വിജയം. തുടര്‍ന്ന് തൊഴിലന്വേഷണം. എസ് എന്‍ കോളജിലെ പഠനകാലത്ത് ആരെയാണോ മുദ്രാവാക്യം വിളിച്ചും പ്രസംഗിച്ചും എതിര്‍ത്തത് ആരാണോ ഈ ശല്യക്കാരനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് എഴുതിക്കൊടുത്തത് അദ്ദേഹം ആര്‍ ശങ്കര്‍ റാങ്കുജേതാവായ പുതുശ്ശേരിയെ അതേ കോളജില്‍ അധ്യാപകനാക്കുന്നു. കേവലം ലാഭത്തിനപ്പുറം വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാനേജര്‍മാര്‍ അക്കാദമിക മികവിനായി ഉപയോഗിച്ചതെങ്ങനെയെന്നതിന് തെളിവാണ് ആ നിയമനം. അവിടുത്തെ മറ്റ് അധ്യാപകരുടെ നിയമനത്തിനും മെരിറ്റ് എന്നതിനപ്പുറം ഒന്നുമില്ലായിരുന്നു. നമ്മുടെ മാനേജ്‌മെന്റുകള്‍ ജാതിമത താല്‍പര്യങ്ങള്‍ക്കും ധനാര്‍ഥിക്കുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗിക്കുമ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം കാണുന്നവര്‍ക്ക് ശങ്കര്‍ എന്ന വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തകന്റെ വീക്ഷണം ആദരവുണ്ടാക്കുന്നതാകും. എസ് എന്‍ കോളജിലെ അധ്യാപകരില്‍ നിന്ന് സര്‍വകലാശാലയിലെ അധ്യാപകനിലേക്കുള്ള മാറ്റവും ഗവേഷണ പ്രവര്‍ത്തങ്ങളുമെല്ലാം ഒരു സാമൂഹിക പ്രവര്‍ത്തകന്റെ അക്കാദമിക ഗരിമ വെളിപ്പെടുത്തുന്നതാണ്.

സര്‍വകലാശാല അധ്യാപകനായിരിക്കെ ഇന്ന് കേരളത്തിലറിയപ്പെടുന്ന ഒട്ടേറെപ്പേരെ അക്കാദമികരംഗത്തേക്ക് കൂട്ടിക്കൊണ്ടു വരുന്നതില്‍ നിര്‍ണായകമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചത്. എന്നുമാത്രമല്ല മലയാളത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനുള്ള ജാഗ്രതയാര്‍ന്ന പ്രവര്‍ത്തനങ്ങളും നടത്തി. ലോകമലയാള സമ്മേളനം കേരള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്താന്‍ കഴിഞ്ഞത് സിന്റിക്കേറ്റംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവാണ് കാട്ടുന്നത്. തുടര്‍ന്ന് ജര്‍മനിയിലും അമേരിക്കയിലുമെല്ലാം ആ സമ്മേളനം നടത്താന്‍ കഴിഞ്ഞു. തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന് സ്ഥലമനുവദിക്കാനുള്ള കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചതും അവിടെ നടന്ന ആദ്യവിദ്യാഭ്യാസ സമ്മേളനത്തിന്റെ അധ്യക്ഷനാകാന്‍ കഴിഞ്ഞതും അഭിമാനത്തോടെയാണ് അദ്ദേഹം ഓര്‍ക്കുന്നത്. മലയാളഗവേഷണത്തില്‍ മാത്രമല്ല മലയാളമുള്‍പ്പെടുന്ന ദ്രാവിഡഭാഷകളുടെ പോഷണത്തിനും തന്റേതായ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രൂപീകരിക്കപ്പെട്ട ദ്രാവിഡ ഭാഷാ ശാസ്ത്രസംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക് അദ്ദേഹം കടന്നുവരുന്നുണ്ട്. കഴക്കൂട്ടത്തിനടുത്തുള്ള മേനംകുളത്തെ ദ്രാവിഡഭാഷാ ശാസ്ത്രഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വപരമായ പങ്കുകാണാം. ആരും കൊതിക്കുന്ന ലോകരാഷ്ട്രങ്ങളിലൂടെ ഔദ്യോഗികമായും അനൗദ്യോഗികമായും നടത്തിയിട്ടുളള യാത്രകള്‍ പകര്‍ന്നുനല്‍കുന്ന അനുഭവങ്ങളും ഈ ജീവചരിത്രത്തിനെ ആകര്‍ഷണീയമാക്കുന്നു.
പൊതുപ്രവര്‍ത്തകന്‍, മാനവികബോധമുള്ള അക്കാദമിക്, ധിഷണാശാലിയായ സംഘാടകന്‍ എന്നതിനപ്പുറം പുതുശ്ശേരി രാമചന്ദ്രന്‍ ആദ്യന്തം ഒരു കവിയായിരുന്നു. കാലത്തെ കൃത്യതയോടെ തിരിച്ചറിഞ്ഞ് ആലങ്കാരികതകളധികമില്ലാത്ത തികഞ്ഞ ഗ്രാമീണ ഭാഷയില്‍ നവഭാവുകത്വം വിരിയിച്ച കവിയായിരുന്നു അദ്ദേഹം. കാല്‍പനിക ചാരുതകളല്ല ജനഹൃദയത്തിന്റെ സ്വപ്നസാക്ഷാല്‍ക്കാരങ്ങളെന്ന നിലയിലാണ് ആ കവിതകളോരോന്നും കടന്നുവരുന്നത്. ‘ഗ്രാമീണഗായകന്‍’ എന്ന ആദ്യ സമാഹാരം സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് പുറത്തുവന്നത്. പിന്നെ എത്രയോ സമാഹാരങ്ങള്‍ ഇന്നും ആ കാവ്യതൂലികയിലെ അക്ഷരപ്പൊട്ടുകള്‍ക്കറുതിവന്നിട്ടില്ല. തമിഴിലെ പെരുമാള്‍ തിരുമൊഴി മുതല്‍ ആഫ്രിക്കയിലെ കറുത്തകവിതകളും റഷ്യയിലെ വിപ്ലവകവിതകളും അന്ന അഹ്മത്തുള്ളയുടെ കവിതകള്‍വരെയും വിവര്‍ത്തനം ചെയ്ത് മലയാളിക്ക് ഏകി. ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍, കേരളചരിത്രത്തിലെ അടിസ്ഥാനരേഖകള്‍ മുതലുള്ള ഏറെ ഈടുറ്റ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഭാഷക്കേകി.

ചരിത്രം ആദരവോടെ കാത്തുസൂക്ഷിക്കുന്ന എത്രയോ വ്യക്തികളുമായി തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എംഎനും ആര്‍ സുഗതനും ടി വി തോമസും സുശീലാഗോപാലനും ഇഎംഎസും എകെജിയും ഇ കെ നായനാരും സി അച്യുതമേനോനും പുതുപ്പള്ളിയും കേശവന്‍പോറ്റി സാറുമെല്ലാം അതില്‍ ചിലര്‍മാത്രം. കാവ്യലോകത്ത് വയലാറും ഒഎന്‍വിയും തിരുനെല്ലൂരും പുനലാര്‍ബാലനും മറ്റും കെ ജി ശങ്കരപ്പിള്ളയും ഡി വിനയചന്ദ്രനുമടക്കമുള്ള പുതുതലമുറയോട് ചേര്‍ന്നും അദ്ദേഹം വിരാജിച്ചു. എസ് ഗുപ്തന്‍ നായരും സുകുമാര്‍ അഴീക്കോടും കേസരി ബാലകൃഷ്ണപിള്ളയും എം എസ് ദേവദാസും ബി രാജീവനുമടക്കമുള്ള നിരൂപകരുമായും ദൃഢബന്ധം.

ഒരായുസ് ഒട്ടധികം ജന്മകൃത്യങ്ങള്‍ സാക്ഷാല്‍ക്കരിച്ചതിന്റെ മകുടോദാഹരണമാണ് പുതുശ്ശേരി സാറിന്റെ ജീവിതം. ‘സഫലമീയാത്ര’ എന്ന് എന്‍ എന്‍ കക്കാട് കുറിക്കുമ്പോള്‍ അതിനൊരാമുഖം കൂട്ടിച്ചേര്‍ത്തിരുന്നു. എന്റെ വിറയ്ക്കുന്ന കൈ ബദ്ധപ്പെട്ട് പുറകിലെ നട്ടെല്ലില്‍ തൊട്ടുനോക്കി. അധികാരത്തിനോ പദവിക്കോവേണ്ടി ഒരു കണ്ടപ്പനും അത് ഊരിനല്‍കിയിട്ടില്ല. ഇതുതന്നെയാണ് നവതി പിന്നിടുമ്പോള്‍ തിരിഞ്ഞുനോക്കി പങ്കുവച്ച അനുഭവക്കുറിപ്പിലൂടെ പുതുശ്ശേരി രാമചന്ദ്രനും പറയുന്നത്.

‘എന്റെ ജീവിതത്തെ പ്രചോദിപ്പിച്ച ചില വിശ്വാസപ്രമാണങ്ങള്‍, ആശയസംഹിതകള്‍, വലിയ മനുഷ്യര്‍, അതിലുപരി ഉള്ളില്‍ത്തട്ടിയ തീവ്രാനുഭവങ്ങള്‍- അവ നല്‍കിയ വെളിച്ചമാണ് തിളച്ചമണ്ണിലൂടെയുള്ള എന്റെ യാത്രയെ സഹനീയമാക്കിയത്.’
‘തിളച്ചമണ്ണില്‍ കാല്‍നടയായി’ പുതുശ്ശേരി സാറിന്റെ മാത്രം ജീവചരിത്രമല്ല. അത് ഭ്രാന്താലയത്തില്‍ നിന്ന് മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ യാത്രയാണ്. യാഥാസ്ഥിതികത്വത്തില്‍ നിന്ന് പ്രബുദ്ധതയിലേക്കുള്ള കേരളീയരുടെ പരിവര്‍ത്തനമാണ്. തലമുറകളുടെ വിടവുകള്‍ നമ്മുടെ സാമൂഹ്യമണ്ഡലത്തില്‍ വരുത്തിയ വ്യതിയാനത്തിന്റെ സ്പന്ദമാപിനിയാണ്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ രൂപരേഖയാണ്. മനുഷ്യ മനോഭാവങ്ങളില്‍ നിലകൊള്ളുന്ന സ്ഥായീഭാവങ്ങളുടെയും ദുരൂഹമായ വിനിമയങ്ങളുടേയും സൂക്ഷ്മ ചിത്രവും ഇത് പകര്‍ന്നുതരുന്നു. ഒരു ജീവചരിത്രം ഒരു ജനതയുടെ ആത്മഹര്‍ഷമായി മാറുന്നതിന്റെ തെളിവാണ് ‘തിളച്ചമണ്ണില്‍ കാല്‍നടയായി.’