Wednesday
22 Nov 2017

ഈ വര്‍ഷത്തേത് വിലക്കുറവിന്റെ ഓണം: മന്ത്രി പി തിലോത്തമന്‍

By: Web Desk | Sunday 13 August 2017 3:54 PM IST

കണ്ണൂര്‍: ഈ വര്‍ഷം മലയാളികള്‍ക്ക് വിലക്കുറവിന്റെയും ഭക്ഷ്യ സമൃദ്ധിയുടെയും ഓണമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് അരിയെത്തിക്കുന്നതിന് ആന്ധ്രാ സര്‍ക്കാരുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക കരാരില്‍ ആഗസ്ത് 17ഓടെ ഒപ്പുവയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കല്യാശ്ശേരി പഞ്ചായത്തിലെ കോലത്തുവയല്‍, നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളില്‍ പുതുതായി അനുവദിച്ച സപ്ലൈ കോ മാവേലി സ്റ്റോറുകളുടെ ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരിക്കു പുറമെ, സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, കുടുംബശ്രീ എന്നിവ നടത്തുന്ന ഓണച്ചന്തകളിലൂടെ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിയ വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് ഇവിടങ്ങളില്‍ ഏകീകൃത വില സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് ഷോപ്പിംഗ് മാളുകളുടെ മാതൃകയില്‍ സപ്ലൈകോ സ്റ്റോറുകളെ നവീകരിക്കും. എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ ശ്രമം നന്നുവരികയാണ്. ഇതിന്റെ ഭാഗമായി മല്‍സ്യവും മാംസവും സപ്ലൈകോ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ മായമില്ലാത്ത മാംസ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളിലെത്തിക്കുന്നതിന് അവരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇതിനായി ഉല്‍പ്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്. ശുദ്ധമായ മല്‍സ്യം ലഭ്യമാക്കുന്നതിന് ഫിഷറീസ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.