Saturday
18 Nov 2017

തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങള്‍ സ്വന്തം പിഴവുകള്‍ മറയ്ക്കാന്‍: ആഞ്ചലോസ്

By: Web Desk | Tuesday 26 September 2017 9:46 PM IST

 

ആലപ്പുഴ: ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് മുന്‍ റവന്യുമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ തന്റെ ഭരണകാലത്തെ ബോധപൂര്‍വമായ പിഴവുകള്‍ മറച്ചു പിടിക്കുവാന്‍ വേണ്ടിയുള്ളതാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. വിവിധ ആരോപണങ്ങളേയും ആക്ഷേപങ്ങളേയും സംബന്ധിച്ച് രേഖാമൂലമുള്ള പരാതികള്‍ വരുന്നതിനുമുന്‍പ് തന്നെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അന്വേഷണത്തിന് റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടിരുന്നു.
റവന്യുമന്ത്രി വിശദമായ അന്തിമ റിപ്പോര്‍ട്ട് തേടിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അത്തരം അന്വേഷണങ്ങള്‍ കുറ്റക്കാരെ രക്ഷിക്കുവാന്‍ വേണ്ടിയാണെന്നായിരുന്നു തിരുവഞ്ചുരിന്റെ കണ്ടുപിടുത്തം. ഇത്തരം വിഷയങ്ങളില്‍ റവന്യുമന്ത്രി സ്വീകരിക്കുന്ന ഉറച്ച നിലപാടുകള്‍ പൊതുസമൂഹത്തിന് അറിവുള്ളതാണ്. നെല്‍വയല്‍ നികത്തുന്നതിനോടും പൊതുഭൂമി കയ്യേറുന്നതിനോടും കൃഷി ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിനോടും ഒരുവിധ സന്ധിയ്ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിയേയും പ്രദേശത്തേയും നോക്കി നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സി പി ഐ ആറന്മുള വിമാനത്താവളം, മെത്രാന്‍ കായല്‍ എന്നിവിടങ്ങളില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ നെല്‍വയല്‍ നികത്തിയത് തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോഴായിരുന്നു. പിന്നീട് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതിന്മേല്‍ ഉറച്ച നിലപാട് സ്വീകരിച്ചത് സി പി ഐ മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന റവന്യു, കൃഷി വകുപ്പുകളും എല്‍ ഡി എഫ് സര്‍ക്കാരുമായിരുന്നുവെന്ന വസ്തുത തിരുവഞ്ചുര്‍ വിസ്മരിക്കരുത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലും കരുവാറ്റയിലും പാണാവള്ളിയിലും ഇത്തരം വിഷയങ്ങളില്‍ ഒരേ നിലപാടാണ് പാര്‍ട്ടിയ്ക്കുള്ളത്. കരുവാറ്റയില്‍ ശ്രീവത്സം ഗ്രൂപ്പ് ബിനാമി പേരില്‍ നിലം നികത്തിയ വിഷയത്തിലും പണാവള്ളിയില്‍ കാപ്പിക്കോ ഗ്രൂപ്പ് തീരപരിപാലന വിഞ്ജാപനം ലംഘിച്ചും കായല്‍ കയ്യേറിയും റിസോര്‍ട്ട് നിര്‍മിച്ച വിഷയത്തിലും ഇതേ നിലപാടിലാണ് പാര്‍ട്ടി ഉറച്ച് നിന്നതെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഭരണപക്ഷത്താണെങ്കിലും പ്രതിപക്ഷത്താണെങ്കിലും ഇത്തരം വിഷയങ്ങളില്‍ ഒറ്റ നിലപാടാണ് സി പി ഐ ക്കുള്ളത്. തിരുവഞ്ചുരിനെ പോലുള്ളവരാണ് ഇരട്ടനിലപാട് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ തിരുവഞ്ചൂരിന്റെ പ്രതികരണം ജനങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു