Saturday
18 Nov 2017

ചാണ്ടി രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി

By: Web Desk | Tuesday 14 November 2017 3:46 PM IST

കൊച്ചി: കായല്‍നിലം കൈയേറ്റക്കേസില്‍ ഹര്‍ജിയുമായെത്തിയ മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടി. തോമസ് ചാണ്ടിയുടെ ഹരജി തളളിയ ഹൈകോടതി മന്ത്രി രാജി വെക്കുന്നതാണ് ഉത്തമമെന്ന് വ്യക്തമാക്കി. സര്‍ക്കാറിനെതിരെ മന്ത്രി ഹരജി നല്‍കുന്നത് എങ്ങനെയെന്നാണ് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് രാജ്യസഭ എം.പികൂടിയായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ വിവേക് തന്‍ഖയോട് ചോദിച്ചിരുന്നു.

സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യമാണുള്ളതെന്നും കോടതി വിലയിരുത്തി. മന്ത്രിയുടേത് അപക്വമായ നടപടിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദന്തഗോപുരത്തില്‍ നിന്ന് മന്ത്രി ഇറങ്ങിവരണമെന്നും സാധാരണക്കാരെപ്പോലെ നിയമനടപടി നേരിടണമെന്നും കോടതി അഭിപ്രായപ്പെട്ടു.

മന്ത്രിയുടെ ഹരജി പിന്‍വലിക്കുന്നുവോയെന്ന് കോടതി ചോദിച്ചു. ഉച്ചക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശേഷം കോടതി ചേര്‍ന്നപ്പോള്‍ ഹരജി പിന്‍വലിക്കുന്നില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വ്യക്താമാക്കി. എന്നാല്‍ മന്ത്രിയെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിലാണ് ഹരജി നല്‍കിയതെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. തനിക്ക് നോട്ടീസ് നല്‍കാതെയാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തന്റെ ഭാഗം പറയാന്‍ അവസരം തന്നില്ലെന്നും കേസ് തീര്‍പ്പാക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.

 

Related News