Monday
17 Dec 2018

കാലത്തിന് മറക്കാനാവാത്ത ഓര്‍മകളിലൂടെ

By: Web Desk | Monday 19 February 2018 10:01 PM IST

കെഎന്‍കെ നമ്പൂതിരി

വള്ളിക്കുന്നം… ഓണാട്ടുകരയിലെ പ്രശാന്തസുന്ദരമായ ആ പഴയ ഗ്രാമം. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, കുമാരനാശാന്‍ തുടങ്ങിയ മഹാത്മാക്കളുടെ സാന്നിധ്യം അനുഭവിച്ചിട്ടുള്ള, അവര്‍ പകര്‍ന്നു നല്‍കിയ നവോത്ഥാനത്തിന്റെ പ്രകാശരശ്മികള്‍ ഏറ്റുവാങ്ങിയ മണ്ണ്. പിന്നെ സ്വാതന്ത്ര്യസമരത്തിന്റെ തീവ്രവികാരം ഏറ്റുവാങ്ങിയ മനുഷ്യര്‍. അയിത്തോച്ചാടനത്തിനുവേണ്ടിയുള്ള പോരാട്ട ഭൂമികളിലേക്ക് പാഞ്ഞെത്തിയവര്‍.
ഇവയുടെ സത്തയെല്ലാം ഉള്‍ക്കൊണ്ട് അടുത്ത തലമുറ കാമ്പിശേരി, തോപ്പില്‍ ഭാസി, പുതുശ്ശേരി രാമചന്ദ്രന്‍ അങ്ങനെ ഒരു വലിയ നിര. പിന്നീട് ലോകമാകെ ഉയര്‍ന്നുവന്ന ചുവന്ന സ്വപ്‌നത്തെ നെഞ്ചേറ്റി ലാളിച്ചവര്‍. ഈ വെളിച്ചത്തിലേക്ക് അവരെ കൈപിടിച്ചുനടത്തിയവര്‍. പുതുപ്പള്ളി രാഘവന്‍, ശങ്കരനാരായണന്‍ തമ്പി, പോറ്റിസാര്‍. ഈ വഴിയിലൂടെ പിന്നീട് കടന്നുവന്ന ഇളംതലമുറയിലെ ശ്രദ്ധേയനായ പ്രവര്‍ത്തകനായിരുന്നു തോപ്പില്‍ ഗോപാലകൃഷ്ണന്‍.
നാടകാഭിനയം, കഥാപ്രസംഗം, പ്രസംഗം.. വ്യത്യസ്ത മേഖലകളിലെ അഭിരുചിക്ക് വളമേകിയ ഗ്രാമാന്തരീക്ഷം. ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ കളിയിടങ്ങളില്‍ ചുറുചുറുക്കോടെ കളിക്കുന്ന ഗോപാലകൃഷ്ണനെ സൃഷ്ടിച്ചത് മണക്കാട് സ്‌കൂളും അവിടുത്തെ ബേബിസാറുമൊക്കെയാവാം. ആ പ്രക്രിയയെ പിന്തുണച്ചത് അമ്മാവനില്‍ തിന്ന് കിനിഞ്ഞിറങ്ങിയ പ്രതിഭാ വിലാസവുമാവാം. പക്ഷേ സ്വതസിദ്ധമായ അന്തര്‍മുഖത്വത്തോടെ സ്‌നേഹമസൃണമായ ചെറുചിരിയോടെ, ആ ഗ്രാമത്തില്‍ നിന്ന് ജീവിതമാരംഭിച്ച ആ ബാലന്‍ യുവജനപ്രസ്ഥാനത്തിന്റെ – എഐവൈഎഫിന്റെ ദേശീയ നേതൃത്വത്തിലേക്ക് വളര്‍ന്നതും യുവജനങ്ങളുടെ മനസില്‍ തൊഴിലില്ലായ്മക്കെതിരെയുള്ള പ്രതിഷേധ ജ്വാലകളുണര്‍ത്തി ‘തൊഴില്‍തരൂ.. അല്ലെങ്കില്‍ ജയിലിലടയ്ക്കൂ’ എന്ന് ഗര്‍ജിക്കുന്നവരാക്കി മാറ്റിയതും ചരിത്രം. അതിന് സഖാവിനെ പ്രാപ്തനാക്കിയതും ആ നാട്ടില്‍ നിന്ന് ലഭിച്ച അനുഭവങ്ങളുടെ ഊര്‍ജം തന്നെ. നാടിന്റെ ചക്രവാളത്തില്‍ ചുവന്ന സൂര്യനുദിക്കുന്നതും ‘ശൂരനാടുകള്‍’ ഗര്‍ജ്ജിക്കുന്നതും കണ്ടുവളര്‍ന്ന ബാലമനസ്. ഭൂപ്രഭുത്വത്തിന്റെ സമ്പന്നത കണ്ടുവളര്‍ന്ന സഖാവ് കുടുംബമാകെ ഓച്ചിറ പടനിലത്തെ ‘ആശ്രിതാഭയവാസത്തില്‍’ കഴിയേണ്ടിവന്നതും കണ്ടു. പൊലീസ് ബൂട്ടുകളുടെ താണ്ഡവഭേരി കണ്ട ബാല്യം.

പിന്നെ മികച്ച വിദ്യാര്‍ഥിയായി, വിദ്യാഭ്യാസ പ്രവര്‍ത്തകനായി (യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം) സഹകാരിയായി, ഗ്രന്ഥശാല പ്രവര്‍ത്തകനായി, യുവകലാ സാഹിതിയെന്ന പുരോഗമന സാംസ്‌കാരിക സംഘത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായി, കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും ജനയുഗം പത്രാധിപരുമായി. ഇതൊക്കെയാവുമ്പോഴും ആ സ്‌നേഹോഷ്മളതയും ലാളിത്യവും അദ്ദേഹം കാത്തുസൂക്ഷിച്ചു. ക്ലേശങ്ങളുടേയും ത്യാഗങ്ങളുടെയും കണക്കുകള്‍ നാളെകള്‍ക്കായി വിട്ടുകൊടുത്ത്, സ്വന്തം മൗനത്തിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തമമൂല്യങ്ങള്‍ പ്രസരിപ്പിച്ച ജീവിതം.

വള്ളിക്കുന്നത്തിന്‍റെ മണ്ണില്‍ ആ ജീവിതം എരിഞ്ഞടങ്ങിയിട്ടു പത്തു വര്‍ഷം തികയുന്നു. ആ കമ്മ്യൂണിസ്റ്റുകാരന്റെ മരണം സൃഷ്ടിച്ച നഷ്ടബോധം ഇപ്പോഴും മാഞ്ഞിട്ടില്ല. എല്ലാ വര്‍ഷവും ഫെബ്രുവരി 20ന് മുടങ്ങാതെ തോപ്പില്‍ ഗോപാലകൃഷ്ണന്റ സ്മൃതി മണ്ഡപത്തിലെത്തുന്ന സഖാക്കള്‍ അനവധി. സിപിഐയുടെയും സിപിഐഎമ്മിന്റെയും പ്രമുഖര്‍ മാത്രമല്ല സാംസ്‌കാരിക രംഗത്തെ മഹത്‌വ്യക്തികളും. ഡോ. ബി ഇക്ബാല്‍, ഡോ. ബി എ രാജാകൃഷ്ണന്‍, ഡോ. സൈനുദ്ദീന്‍ പട്ടാഴി, സിനിമാരംഗത്ത് നിന്ന് മധുപാല്‍, പി കെ ഗോപി, ഇക്കുറി ബിനോയ്‌വിശ്വം, കവി ഏഴാച്ചേരി രാമചന്ദ്രന്‍.

രണ്ട് ഓര്‍മപുസ്തകങ്ങളിലൂടെ ആ വ്യക്തിത്വത്തിന്റെ കാമ്പും ശോഭയും രേഖപ്പെട്ടു. ഒന്നാം റാങ്കോടെ എം എ പൊളിറ്റിക്‌സ് പാസായയാളാണ് സഖാവ്. പ്രസ്തുത വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാര്‍ഥിക്ക് കാഷ് അവാര്‍ഡും ശില്‍പവും നല്‍കപ്പെടുന്നു. വള്ളികുന്നത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനസഹായ ധനം. തോപ്പില്‍ ഗോപാലകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുന്ന പരിപാടികള്‍ ഏറെയാണ്. സഖാവിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുവാനുള്ള പരിശ്രമങ്ങളില്‍ പാര്‍ട്ടി സഖാക്കള്‍ മാത്രമല്ല, ആ ഗ്രാമമാകെയുണ്ട്. താങ്ങായി, തണലായി, കാവലാളായി. തോപ്പില്‍ ഗോപാലകൃഷ്ണന്‍ ഫൗണ്ടേഷന്റെ തുടക്കത്തില്‍ നാലു വര്‍ഷത്തോളം അതിന്റെ അധ്യക്ഷന്‍ സഖാവ് കെ സി പിള്ളയായിരുന്നു. 2011 ലെ അനുസ്മരണ യോഗം മറക്കാനാവുന്നതല്ല. ഏത് വിഷയവും നര്‍മത്തില്‍ ചാലിച്ച്, ഹൃദയത്തില്‍ നിന്ന് ഉറപൊട്ടുന്ന ചിരിയുമായി സംസാരിക്കുന്നയാളാണദ്ദേഹം. അന്ന് ഗോപാലകൃഷ്ണന്റെ സ്വഭാവവൈശിഷ്ട്യങ്ങളെപ്പറ്റി ഓരോരോ സംഭവവിവരണങ്ങളിലൂടെ അദ്ദേഹം വര്‍ണിച്ചു. സാധാരണമല്ലാത്ത ആ പ്രസംഗശൈലിയില്‍ പലരുടേയും കണ്ണുനിറഞ്ഞു. തീര്‍ന്നില്ല. സഖാവ് കെ സി പിള്ളതന്നെ നിരുദ്ധകണ്ഠനായി. അല്‍പനേരം പ്രസംഗം മുറിഞ്ഞു. 2011 ഡിസംബറില്‍ സഖാവ് കെ സി പിള്ള നിര്യാതനായി. പ്രകാശ് ബാബു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. പി ബി ശിവനാണ് ആദ്യം മുതല്‍ സെക്രട്ടറി. ഓര്‍മപുസ്തകത്തില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ കുറിച്ചതുപോലെ, അന്തരിച്ച ഒരാളെക്കുറിച്ച് സ്മരണപുതുക്കുന്നത് കൊണ്ട് മരിച്ചയാള്‍ക്ക് ഒന്നും നേടാനില്ല. അത് നേട്ടമാകുന്നതും മാര്‍ഗദര്‍ശകമാകുന്നതും ജീവിച്ചിരിക്കുന്നവര്‍ക്കാണ്. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക – കലാപരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. സമകാലിക രാഷ്ട്രീയ-സാംസ്‌കാരിക പ്രശ്‌നങ്ങള്‍ എല്ലാ വര്‍ഷവും പ്രഭാഷണങ്ങളിലൂടെ അവതരിപ്പിക്കുന്നു.

ഇന്നത്ത ദേശീയ സ്ഥിതി നമ്മെ ഏറെ ആകാംക്ഷപ്പെടുത്തുന്നു, ആകുലപ്പെടുത്തുന്നു. മതതീവ്രവാദത്തിന്റെ തീക്ഷ്ണ ഭീഷണികള്‍ക്ക് മുമ്പിലാണ് രാജ്യം. വള്ളിക്കുന്നത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാവുകയും ഒരാള്‍ മരിക്കുകയും ചെയ്തപ്പോള്‍ ‘എന്റെ നാടിനെന്തുപറ്റി’യെന്ന ആകാംക്ഷയോടെ ചോദിച്ചുകൊണ്ട് ഓടിയെത്തിയ തോപ്പില്‍ ഗോപാലകൃഷ്ണന്റെ ഓര്‍മനാളില്‍ ‘സാംസ്‌കാരിക ഭൂമികയിലെ പ്രതിസന്ധികള്‍’ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നത് ആകസ്മികമല്ല.ബിനോയ് വിശ്വം, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യവും പ്രഭാഷണവും ചടങ്ങുകളെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കും. തോപ്പില്‍ ഗോപാലകൃഷ്ണന്‍ പ്രതിനിധാനം ചെയ്ത ആശയങ്ങളുമായി അവയുടെ വളര്‍ച്ചയ്ക്കുള്ള പരിശ്രമങ്ങളുമായി ഫൗണ്ടേഷന്‍ മുന്നോട്ടുപോകും. പത്ത് നവോത്ഥാന ഗീതങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന നവോത്ഥാന സ്മൃതിഗീതിക ഈ വര്‍ഷത്തെ ചടങ്ങിന്റെ പ്രത്യേകതയായിരിക്കും. തോപ്പില്‍ ഗോപാലകൃഷ്ണനെപ്പറ്റി പി കെ ഗോപി, ഇന്ദിരാകൃഷ്ണന്‍ എന്നിവര്‍ എഴുതിയ ഗാനങ്ങളും അവതരിപ്പിക്കപ്പെടുന്നു.