Wednesday
21 Nov 2018

സവ്യസാചി

By: Web Desk | Sunday 3 December 2017 1:55 AM IST

പി എസ് സുരേഷ്

ഞാനൊരു വൈദ്യനാകാന്‍ ശ്രമിച്ചു-
ഞാനൊരു വിപ്ലവകാരിയായി!
ഞാനും മരണവും ഒപ്പമൊപ്പം മത്സരിച്ച് ഓടുകയുണ്ടായി. രണ്ട് കൊല്ലം! ഒരിക്കല്‍ പോലും മരണത്തിന് എന്നെ പിന്നിലാക്കാന്‍ കഴിഞ്ഞില്ലെന്നുള്ളതിന് തെളിവാണ് ഞാന്‍,
ഒരു കോഴിയെ കൊല്ലുന്നതു കണ്ടാല്‍ കണ്ണടച്ചുകളയുന്ന ഞാന്‍ കൊല്ലാനും ചാകാനുമായി കഠാരയും കൊണ്ടുനടന്നു!
ഇടതു കയ്യില്‍ കഠാര വച്ചുകൊണ്ട് വലതുകൈ കൊണ്ട് ഞാന്‍ കഥയും നാടകവുമെഴുതി. ഞാന്‍ പോലും വിചാരിച്ചില്ല ഞാനെഴുതുമെന്ന്! എന്തെന്ത് വൈരുദ്ധ്യങ്ങള്‍”
– ഒളിവിലെ ഓര്‍മ്മകള്‍
നിറഞ്ഞ ഇരുട്ടില്‍ കത്തിച്ച ബീഡിയുടെ അറ്റത്ത് വെളിച്ചം മാത്രം. ഒരാള്‍ കടന്നുവരുന്നു. അയാളുടെ വരവ് അറിയിക്കുന്നത് മുറിബീഡിയുടെ അറ്റത്തെ തീതുള്ളിയുടെ ചലനമാണ്. അതകത്തേക്കുപോകുകയും അടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ക്കുശേഷം പുറത്തേക്ക് പോകുകയും ചെയ്യുന്നു.
ഒളിവിലെ ഓര്‍മ്മകള്‍ എന്ന തോപ്പില്‍ ഭാസിയുടെ നാടകത്തിലെ ഏറ്റവും പ്രതീകാത്മകമായ നിമിഷമാണത്. അതേ, തോപ്പില്‍ ഭാസി നമ്മുടെ സാമൂഹിക മേഖലയിലും, ജീവിതത്തിലും കലാരംഗത്തും ഒരുതുള്ളി വെളിച്ചമായി വന്ന് എന്തൊക്കെയോ ചിലത് നമ്മുടെ കാതില്‍ മന്ത്രിച്ച് ചില ഉപദേശങ്ങള്‍ തന്ന് ചിലരെയൊക്കെ കുലുക്കി ഉണര്‍ത്തി. എന്നിട്ടോ ആ നാടകത്തിലെ ‘ഒളിവിലെ നേതാവ് ചെയ്തതുപോലെ ചില നിയോഗങ്ങള്‍ അനുഷ്ഠിച്ചശേഷം ഒരു തുള്ളി വെളിച്ചമായി അനന്തതയിലേക്ക് മറഞ്ഞു. തന്റെ സ്വന്തം ചിത്രമാണ് ഭാസിയെന്ന നാടകകൃത്ത് സ്വന്തം കൈകൊണ്ട് വരച്ചവതരിപ്പിച്ചത്.
തോപ്പില്‍ ഭാസി നമ്മെ വിട്ടുപിരിഞ്ഞിട്ട് കാല്‍നൂറ്റാണ്ടായെങ്കിലും ഭാസി എന്ന നാടകകൃത്ത്, എഴുത്തുകാരന്‍, രാഷ്ട്രീയ നേതാവ് ഇന്നും ജീവിക്കുന്നു; ജനഹൃദയങ്ങളില്‍.
ഒളിവിലെ ഓര്‍മ്മകള്‍ എന്ന ആത്മകഥാംശം നിറഞ്ഞ കൃതിയില്‍ തോപ്പില്‍ ഭാസി എഴുതിയ ഈ വരികള്‍ അദ്ദേഹത്തിന്റെ മാനിഫെസ്റ്റോയാണെന്ന് പറയാം.
”ഒരിക്കലും എന്നെ പഠിപ്പിച്ചവരെ (കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ) ഞാന്‍ മറക്കില്ല. ഒരിക്കലും എന്റെ ഗുരുനാഥന്മാരെ (തൊഴിലാളികളും കൃഷിക്കാരും അടങ്ങുന്ന അദ്ധ്വാനിക്കുന്ന വര്‍ഗം) ഞാന്‍ മറക്കില്ല. ഞാന്‍ ഉദ്യോഗം ഭരിക്കുന്നത് (എഴുതുന്നത്) പക്ഷപാതപരമായി അവര്‍ക്കുവേണ്ടിയാണ്. പക്ഷെ ഒരിക്കലും എന്റെ ഗുരുവിനുവേണ്ടിയോ എന്നെ പഠിപ്പിച്ച ആളുകള്‍ക്കുവേണ്ടിയോ എന്റെ തൊഴിലില്‍ കള്ളം കാണിക്കില്ല.”
അദ്ദേഹം എഴുതിയ കാര്യങ്ങള്‍ അക്ഷരംപ്രതി ജീവിതത്തില്‍ നടപ്പാക്കിയെന്നു പറയാം.
അദ്ദേഹത്തിന് പഠിക്കാന്‍ ഏറെ ആശയുണ്ടായിരുന്നു. ആ പഠിത്തം ഔപചാരികമായ വിദ്യാഭ്യാസമായിരുന്നില്ല. തന്റെ ഗുരുക്കന്മാരെ ഹൃദയത്തോടടുക്കിപ്പിടിച്ചു നിര്‍ത്തിക്കൊണ്ടുള്ള പഠനമായിരുന്നു അത്. അവരായിരുന്നു അദ്ദേഹത്തിന്റെ സര്‍വകലാശാല.
ഭാസിയുടെ ഏറ്റവും വലിയ മോഹം ഇന്ത്യയില്‍ ഭിന്നിച്ചുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്നതായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ജനയുഗം വാരികകയ്ക്കുവേണ്ടി അദ്ദേഹം നല്‍കിയ ഇന്റര്‍വ്യൂവിലും അക്കാര്യം അടിവരയിട്ടുപറഞ്ഞു. തനിക്കു കിട്ടുന്ന വേദിയിലെല്ലാം അത് വിളിച്ചുപറഞ്ഞു. ശൂരനാട് രക്തസാക്ഷി കുടുംബങ്ങളുടെ സമ്മേളനത്തില്‍ വച്ച് അതൊരു പ്രമേയമായി അംഗീകരിച്ച് ഇരുപാര്‍ട്ടികള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. മാത്രമോ രക്തസാക്ഷി സമ്മേളനങ്ങള്‍ രണ്ടായി നടത്തില്ലെന്ന് അന്നവിടെ കൂടിയവരെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.
ആ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്.
”പോംവഴി ഒന്നേയുള്ളു. മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്ന, മാറ്റത്തിനുവേണ്ടി ദാഹിക്കുന്ന ഇന്ത്യയിലെ വിപ്ലവശക്തികള്‍ ഒന്നാകണം, അതിനു മുന്‍കൈ എടുക്കേണ്ടത് സിപിഎമ്മും സിപിഐയുമാണ്.”
തല തല്ലിക്കീറി പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ ചോര്‍ന്നുപോയ വിപ്ലവകാരികള്‍ പലയിടത്തും അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചു. പാര്‍ട്ടിയിലെ ഭിന്നിപ്പാണ് അവരെ തെറ്റായ മാര്‍ഗത്തിലേക്ക് തിരിച്ചത്. ഇക്കാര്യം ഇനിയും തുറന്നുപറയാന്‍ നേതാക്കള്‍ക്ക് എന്തേ കഴിയുന്നില്ല വഴിതെറ്റിപ്പോയ ഈ വിപ്ലവ ശക്തികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രം കൈമോശം വന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് നഷ്ടമായത് വിപ്ലവശക്തികളാണ്.”
സംഭവബഹുലമായിരുന്നു ഭാസിയുടെ ജീവിതം. വൈദ്യനാകാന്‍ പഠിച്ച അദ്ദേഹം വിപ്ലവകാരിയായി. 1948 മുതല്‍ നാല് കൊല്ലം ഒളിവിലും ആറ് മാസം ലോക്കപ്പിലും കിടന്നു.
”കോഴിയെ കൊല്ലുന്നതു കണ്ടാല്‍ കണ്ണടച്ചുകളയുന്ന ഭാസി കൊല്ലാനും, ചാകാനുമായി കഠാരയും കൊണ്ടുനടന്നു. ഇടതുകൈയില്‍ കഠാരവച്ച് വലതുകൈകൊണ്ട് കഥയും നാടകവും എഴുതി.


”കമ്മ്യൂണിസ്റ്റ് എന്ന വ്യക്തിത്വമാണ് ഭാസിയുടെ പ്രതിഭ പുഷ്ടിപ്പെടുത്തിയതെന്ന്” ഭാസിയുടെ മരണശേഷം ഇഎംഎസ് അനുസ്മരിച്ചത് ഓര്‍മ്മിക്കുന്നു. തികഞ്ഞ സാമൂഹ്യബോധത്തോടെ, ലക്ഷ്യബോധത്തോടെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനം നടത്തിയ അദ്ദേഹം കലയെന്ന മാധ്യമത്തെ സമര്‍ത്ഥമായി അതിനുപയോഗിച്ചു. ഭാസിയെ പറ്റി ചിന്തിക്കാതെ കെപിഎസിയെ പറ്റി ചിന്തിക്കാനോ, കെപിഎസിയെ പറ്റി ചിന്തിക്കാതെ ഭാസിയെ പറ്റി ചിന്തിക്കാനോ കഴിയില്ല. അഭേദ്യമായ. ബന്ധമായിരുന്നു ഭാസിയും കെപിഎസിയും തമ്മിലുയണ്ടായിരുന്നത്.
അവസാനകാലത്ത് പാര്‍ട്ടി മെമ്പറല്ലാതിരുന്നിട്ടും അദ്ദേഹം പാര്‍ട്ടിയെപറ്റി ഏറെ ചിന്തിച്ചു. കലാസാംസ്‌കാരിക രംഗത്ത് പാര്‍ട്ടി നിര്‍വഹിക്കേണ്ട കാര്യങ്ങളെ പറ്റി പറഞ്ഞു. അതിനുവേണ്ടി കിട്ടുന്നിടത്തെല്ലാം വാദിച്ചു, ക്ഷോഭിച്ചു, നിരന്തരം കത്തുകളെഴുതി. ”ഞാനൊരു റിബലാണ് സഖാവേ’ ക്ഷമിക്കണം എന്ന് പറഞ്ഞ് തന്റെ വാദമുഖങ്ങള്‍ നിരത്തി. വിതണ്ഡവാദങ്ങള്‍ക്കെതിരെ ശക്തിയായി ആഞ്ഞടിച്ചു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മനസ്സ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലായിരുന്നു.
രണ്ട് തവണ ഹൃദ്രോഗമുണ്ടായശേഷമാണ് അദ്ദേഹം ‘ഒളിവിലെ ഓര്‍മ്മകള്‍’ നാടകമെഴുതിയത്. മരണത്തെ ഓരോ നിമിഷവും ഇടതുകൈകൊണ്ട് അകറ്റിനിര്‍ത്തി കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഏടായ ശൂരനാട് സംഭവത്തെ ഓര്‍മ്മിച്ചുകൊണ്ടാണ് ഏറ്റവും ഹൃദയസ്പര്‍ശിയായ ആ നാടകം എഴുതി അവതരിപ്പിച്ചത്.


ആ നാടകം അവതരിപ്പിക്കാനായി വടക്കേ ഇന്ത്യയിലേയ്ക്ക് പോയ കെപിഎസി സംഘത്തോടൊപ്പം ഭാസിക്ക് പോകാനായില്ല. തന്റെ അസൗകര്യം ഒരു ടേപ്പില്‍ പകര്‍ത്തി സംഘത്തെ ഏല്‍പ്പിച്ചു. അതിലെ വരികള്‍ ഇങ്ങനെ:
”ഇനി എപ്പോള്‍ എങ്ങനെ നിങ്ങളെ നേരില്‍ കാണാന്‍ കഴിയുമെന്നറിയില്ല. ഒരു കാര്യം ഉറപ്പാണ്. നാടകം അവതരിപ്പിക്കുന്ന എല്ലാ ഹാളിലും എന്റെ മനസ്സുകൊണ്ടുള്ള സാന്നിദ്ധ്യം ഉണ്ടാകും. ഓരോ നാടകവും അതവരിപ്പിക്കുന്ന തീയതിയും സമയവും എന്റെ മുന്നിലുണ്ട്. അപ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കും. ഓരോ മലയാളി സുഹൃത്തിനെയും വ്യത്യസ്ത മുഖഛായ ഇല്ലാതെ ഞാന്‍ മനസ്സില്‍ കാണുന്നു”.
അതിലെ വരികള്‍ ഇങ്ങനെ തുടരുന്നു.
”നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് മുതല്‍ ഞാന്‍ ഇടയ്ക്കിടെ കെപിഎസി നാടകങ്ങളുമായി നിങ്ങളുടെ മുന്നിലെത്താറുണ്ട്. എന്നും മറുനാട്ടിലുള്ള മലയാളി സുഹൃത്തുക്കള്‍ സ്‌നേഹോഷ്മളവും വികാരതീവ്രവുമായ സ്വീകരണവുമാണ് ഞങ്ങള്‍ക്ക് തന്നിട്ടുള്ളത്. വിരഹാതുരത്വം അനുഭവിക്കുന്നവരുടെ പുനഃസമാഗമം പോലെയായിരുന്നു ഒറ്റയ്ക്കും കൂട്ടായിട്ടുമുള്ള കൂടിച്ചേരലുകള്‍. അതിന്റെ മാധുര്യവും അനുഭൂതിയും ഏറെ അനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. സമിതി അംഗങ്ങളോടൊപ്പം മറുനാട്ടിലുള്ള മലയാളി സുഹൃത്തുകളോടൊത്തുചേരാനുള്ള ഓരോ സന്ദര്‍ഭവും നഷ്ടപ്പെടുമ്പോള്‍ വളരെയേറെ ഞാന്‍ ദുഃഖിക്കാറുണ്ട്. ഇപ്പോള്‍ ആ ദുഃഖം ഘനീഭവിച്ചിരിക്കുന്നു. ഒരു കാല്‍ പൂര്‍ണമായി നഷ്ടപ്പെട്ട നിലയിലും രണ്ട് ഹാര്‍ട്ട് അറ്റാക്കുകളെ അതിജീവിച്ച നിലയിലുമാണ് നിങ്ങളുടെ ഭാസി. ഏറ്റവും ഒടുവില്‍ ‘ഒളിവിലെ ഓര്‍മ്മകള്‍’ റിഹേഴ്‌സല്‍ നടക്കുമ്പോഴും മാനസിക വികാരം കൊണ്ട് ഹൃദയാസ്വാസ്ഥ്യം ഉണ്ടായി. ഇനി എപ്പോള്‍ എങ്ങനെ നിങ്ങളെ നേരില്‍ കാണാന്‍ കഴിയുമെന്നറിയില്ല.”
അതൊരു യാത്രപറയലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.