Monday
22 Oct 2018

ഭൂതകാലത്തിന്റെ മാലിന്യക്കൂമ്പാരം ചികഞ്ഞ് കുമ്പസരിക്കുന്നവര്‍

By: Web Desk | Wednesday 27 December 2017 10:19 PM IST

വിശ്രുത തമിഴ്‌സാഹിത്യകാരനും തികഞ്ഞ കമ്യൂണിസ്റ്റുകാരനുമായിരുന്ന ജയകാന്തന്റെ സിനിമയായ പ്രശസ്ത നോവലാണ് ‘ചിലനേരങ്കളില്‍ ചില മനിതര്‍കള്‍.’ചില രാഷ്ട്രീയ കക്ഷികളും ഇതുപോലെയാണ്. പുത്രകാമേഷ്ഠിയാഗം നടത്തി സൃഷ്ടികര്‍മം നിര്‍വഹിച്ച പിതാശ്രീ അന്നത്തെ വരട്ടു പ്രത്യയശാസ്ത്രം കാലത്തിനൊത്തുമാറ്റിയാലും പുത്രന്‍ പിതാവിന്റെ പഴഞ്ചന്‍ നിലപാടില്‍ ഉറച്ചുനിന്ന് സൃഷ്ടികര്‍ത്താവിനെ തള്ളിപ്പറയുന്നതു നാം കേട്ടിട്ടുണ്ട്. ചില നേരങ്ങളില്‍ ഈ കക്ഷികള്‍ക്ക് വൈകി വിവേകമുദിക്കാറുണ്ട്. അപ്പോഴേയ്ക്കും കാല്‍നൂറ്റാണ്ടെങ്കിലും കടന്നുകഴിഞ്ഞിരിക്കുന്നു. ബുദ്ധിയുദിക്കാനും ഭൂതകാലത്തിന്റെ മാലിന്യകൂമ്പാരം ചികഞ്ഞ് കുമ്പസാരിക്കാനും പാലത്തിനടിയിലൂടെ ഒരുപാട് വെള്ളമൊഴുകി പുഴ വറ്റുന്നതുവരെ കാത്തിരിക്കുന്ന കലികാല വിശേഷം.
ദോഷം പറയരുതല്ലോ. കോണ്‍ഗ്രസിന്റെ കാര്യം അങ്ങനെയല്ലായിരുന്നു. ഗ്രൂപ്പു തര്‍ക്കങ്ങളുണ്ടായാല്‍ അവ മൂടിവയ്ക്കാനറിയാത്ത ഉലകത്തിലെ ഏകക്ഷി കോണ്‍ഗ്രസാണ്. തര്‍ക്കം തെരുവില്‍ വച്ചുതന്നെ അടിച്ചുതീര്‍ക്കും. കത്തി, കഠാര, കൊടുവാള്‍ എന്നിവയുമായി കോണ്‍ഗ്രസുകാരുടെ തെരുവിലെ കലാപരിപാടികള്‍ കാണാന്‍ മാലോകരും തടിച്ചുകൂടും. രമേശ് ചെന്നിത്തലയുടെ പടയൊരുക്കസമാപനമായി അനന്തപുരിയില്‍ കോണ്‍ഗ്രസിലെ ഇളമുറക്കാര്‍ ഗ്രൂപ്പുതിരിഞ്ഞു നടത്തിയ കത്തിക്കുത്തും വാള്‍പയറ്റുമെല്ലാം വെറും സാമ്പിള്‍ വെടിക്കെട്ടുമാത്രം!
പക്ഷേ രഹസ്യങ്ങളും ഗ്രൂപ്പുതര്‍ക്കവിതര്‍ക്കങ്ങളും കമ്പോടുകമ്പു പോരാട്ടവും മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസിനു ത്രാണിയില്ലെന്ന നാട്ടാരുടെ ധാരണ അപ്പാടെ കൂപ്പുകുത്തിയിരിക്കുന്നു. മറ്റു ചിലരെപ്പോലെ തങ്ങള്‍ക്കും പാപക്കറകള്‍ മൂവര്‍ണക്കൊടികൊണ്ടു മൂടിവയ്ക്കാനറിയാമെന്നും സ്വന്തം കാര്യം വരുമ്പോള്‍ ആ മൂടുപടം മാറ്റി ഭൂതത്തിന്റെ മാലിന്യക്കൂമ്പാരം ചികഞ്ഞ് നാട്ടാരെ നാറ്റിക്കാനറിയാമെന്നും കെപിസിസിയുടെ എം-പാനല്‍ പ്രസിഡന്റ് എം എം ഹസന്‍ കോഴിക്കോട്ട് വിളംബരം ചെയ്തിരിക്കുന്നു. കെ കരുണാകരന്‍ മാലി ചാരക്കേസിനെത്തുടര്‍ന്ന് മുഖ്യമന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്നതിന്റെ പിന്നാമ്പുറ കഥകളാണ് ഹസന്‍ തോണ്ടിവാരി പുറത്തെറിഞ്ഞിരിക്കുന്നത്. മാലിക്കേസിലെ കഥാനായിക മറിയം റഷീദ ഈ അറുപതാം പക്കത്ത് മാലിദ്വീപിലെവിടെയോ തട്ടുകടനടത്തി വയറുപിഴയ്ക്കുമ്പോള്‍ ആ പാവത്തിനെയും ലീഡര്‍ക്കൊപ്പം ഹസന്‍ കുറ്റവിമുക്തയാക്കിയിരിക്കുന്നു. കരുണാകരനെ മാലിക്കേസിന്റെ പേരില്‍ മുഖ്യമന്ത്രിപദത്തില്‍ നിന്നും രാജിവയ്പ്പിക്കുന്ന കാര്യം സ്വപ്‌നേപിപോലും ചിന്തിക്കരുതെന്ന് തന്നെയും ഉമ്മന്‍ചാണ്ടിയുയേയും ഉപദേശിച്ചിരുന്നുവെന്നായിരുന്നു ഹസന്റെ വെളിപാട്. കെപിസിസിയുടെ ടെമ്പററി പ്രസിഡന്റാകാന്‍ പോലും ഉമ്മന്‍ചാണ്ടിയുടെ കൂലിത്തല്ലുകാരന്‍ പദവിയുണ്ടായിരുന്ന ഹസന് എന്തേ ഇങ്ങനെയൊരു ‘എക്‌സ്‌ക്ലൂസീവ് എക്‌സ്‌പോഷറി’നുള്ള തിടുക്കമെന്ന് ജനത്തിനറിയാത്തതല്ല. ‘ചാടിക്കളിയെടാ കുഞ്ഞിരാമാ’ എന്ന് തെരുവു സര്‍ക്കസുകാരന്‍ തന്റെ കുരങ്ങിനോടു കല്‍പിക്കുന്നതുപോലെ ആന്റണിയുടെ കല്‍പന കേട്ട് ഹസന്‍ ചാടിക്കളിക്കുന്നതു വെറുതേയാവാനിടയില്ല.
മരപ്പട്ടി എന്നൊരു ജന്തുവുണ്ട്. പട്ടിയുടെ രൂപം തന്നെയാണ്. പക്ഷേ പട്ടിയെപ്പോലെ മാംസഭുക്കല്ല. പഴങ്ങള്‍ മാത്രമേ ഭക്ഷിക്കൂ എന്ന ആദര്‍ശസമ്പന്നനായതിനാല്‍ ഈ ജന്തുവിന് ‘പഴമുണ്ണി’ എന്നൊരു പേരുമുണ്ട്. മരത്തിന്റെ ‘ഉച്‌റാണി’ കൊമ്പത്തുവരെ കയറി മൃഷ്ടാന്നഭോജനം കഴിഞ്ഞാല്‍ കുഴിമടിയനായ മരപ്പട്ടി കയറിയതുപോലെ തിരിച്ചിറങ്ങാനൊന്നും മെനക്കെടാറില്ല. മരക്കൊമ്പില്‍ തൂങ്ങി മലര്‍ന്നുകിടന്ന് മെല്ലെ കൈകാലുകള്‍ വിടും. പക്ഷേ താഴെ വീഴുന്നത് നാലു കാലില്‍. എ കെ ആന്റണിയെ രാഷ്ട്രീയത്തിലെ മരപ്പട്ടിയോടുപമിക്കുന്നവരുണ്ട്. കേരളത്തില്‍ നിന്ന് തൂക്കിയെറിഞ്ഞാല്‍ നേരേ നാലുകാലില്‍ ചെന്നുവീഴുന്നത് ഡല്‍ഹിയില്‍. അവിടെ അധികാരത്തിന്റെ പഴക്കാലം കഴിയുമ്പോള്‍ കേരളത്തിലേക്ക് ഒരു മലക്കംമറിച്ചില്‍. ട്രപ്പിസ് അഭ്യാസിയെപ്പോലെ മലയാള മണ്ണില്‍ വന്നുവീഴുന്നതും നാലുകാലില്‍.
ഡല്‍ഹിയിലെ കായ്കനിക്കാലം കഴിഞ്ഞതോടെ ഇങ്ങോട്ടു ചാടാനുള്ള കുതിപ്പാരംഭിക്കുന്നതിന് മുമ്പ് ഹസനെ ഒരു സ്റ്റാര്‍ട്ടിങ് ബ്ലോക്ക് ആക്കിയെന്നേയുള്ളു. മാലിക്കേസില്‍ കരുണാകരനെ പുറത്താക്കുന്നതിനു ചുക്കാന്‍ പിടിച്ച ഉമ്മന്‍ചാണ്ടിയെ ഭൂതകാലത്തിന്റെ മാലിന്യം വാരിയെറിഞ്ഞ് നാറ്റിച്ചാല്‍ പിന്നെ തനിക്കിവിടെ എതിരാളിയുണ്ടാവില്ലല്ലോ എന്ന ചാണക്യസൂത്രമാണ് ആന്റണിയുടേതെന്ന് ഏതു പഴമുണ്ണിക്കുമറിയാം. കുമ്പസാരത്തിലൂടെ ആന്റണിയുടെ ശുപാര്‍ശകത്തില്‍ ഹസന് സ്ഥിരം ലാവണവും ഉറപ്പിക്കാം. ഉമ്മന്‍ചാണ്ടിയും സുധീരനും അതോടെ കണ്ടം ചെയ്ത വണ്ടികളായി കോണ്‍ഗ്രസിന്റെ കട്ടപ്പുറത്താവുകയും ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ ഓരം പറ്റി നില്‍ക്കുന്ന കരുണാകര സന്താനങ്ങള്‍ മുരളീധരനെയും പത്മജയെയും അടര്‍ത്തിമാറ്റുകയും ചെയ്യാം. ഇതൊക്കെ കാണുമ്പോഴാണ് തളിര്‍വെറ്റിലയില്‍ വരദക്ഷിണവെച്ച് ആന്റണിയില്‍ നിന്നും തന്ത്രവിദ്യകള്‍ പഠിക്കണമെന്ന് പറഞ്ഞുപോകുന്നത്. എന്തായാലും ഹസന്‍ കുടത്തില്‍ നിന്ന് തുറന്നുവിട്ട ഭൂതമിറങ്ങുന്നതോടെ നമുക്കിനി തെരുവുകളില്‍ കോണ്‍ഗ്രസുകാരുടെ ചോരക്കളിയും അങ്കക്കലിയും കാണാം.
കെ എം മാണിയുടെ ഗുണവിശേഷങ്ങള്‍ ‘മണിമണി’പോലെ വാഴ്ത്തുന്നവരുണ്ട്. കോഴക്കോമരമെന്ന പര്യായം മൂടിവച്ചുകൊണ്ടുള്ള മഹത്വവല്‍ക്കരണങ്ങള്‍. ഇതു കേള്‍ക്കുമ്പോള്‍ മാണി ഒരു കാമുകി പെണ്ണിനെപ്പോലെ ലജ്ജാവിവശയാകും. കണ്ടാല്‍ കൊള്ളാവുന്ന പെണ്ണിനെ ആരും ആശിച്ചുപോവില്ലേ എന്ന് വാസവദത്തയുടെ സംയുക്ത ഹസ്തമുദ്രകളോടെയും ശൃംഗാരപദലഹരിയിലും ചോദിക്കും. മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കേരളരാഷ്ട്രീയത്തിലെ അമൂല്യസമ്പത്തും കരുത്തിന്റെ നിറകുംഭവുമെന്നു വാഴ്ത്തിപ്പാടുന്നതില്‍ ചിലര്‍ക്കൊക്കെ ഒരു രസം. മാണിയെ കുറ്റം പറയാന്‍ എന്തുണ്ട് ന്യായമെന്ന് രാഷ്ട്രീയപാരാവശമായ മന്ത്രി മണിതന്നെ സര്‍ട്ടിഫിക്കറ്റു നല്‍കിയത് കഴിഞ്ഞ ദിവസം. പക്ഷേ ആ അമൂല്യമായ മണിക്കരുത്ത് കോട്ടയത്തുകാര്‍ കണ്ടു. കേരളാ കോണ്‍ഗ്രസ് (എം) ന്റെ മഹാറാലിയില്‍ ലക്ഷങ്ങള്‍ ഒഴുകിയെത്തുമെന്ന് മാണി പ്രഖ്യാപിച്ചു. പക്ഷേ സമ്മേളനം കോഴി കോട്ടുവായിടുന്നതുപോലെയായി. ജാഥ ഒരു പോയിന്റുകടക്കാന്‍ വേണ്ടിവന്നത് ‘കുക്കുടഭോഗസമയം’ എന്ന് ഒരു രസികന്റെ കമന്റ്. ആറായിരം പേരാണ് കേരളത്തില്‍ നിന്ന് ആകെ മാണിക്കു പിന്നില്‍ അണിചേരാനുണ്ടായിരുന്നതെന്ന് പി സി ജോര്‍ജ് സത്യം പറഞ്ഞു. ആകെ ഇളിഭ്യരായ മാണിപക്ഷക്കാര്‍ തെരുവുനായ്ക്കളെ പി സിയോട് ഉപമിച്ച് കോട്ടയത്തെ പട്ടികള്‍ക്കെല്ലാം സദ്യവിളമ്പി സായൂജ്യമടഞ്ഞു. ജോര്‍ജിന്റെ ജനപക്ഷ അനുയായികളുണ്ടോ വിടുന്നു. മാണിയുടെ കേന്ദ്ര ആപ്പീസ് കല്ലെറിഞ്ഞുപൂട്ടിച്ചു. പക്ഷേ എറിയാന്‍ കല്ലുകള്‍ക്കൊപ്പം ഗോല്‍ക്കൊണ്ടാ ബ്രാണ്ടിക്കുപ്പികളും ഉപയോഗിച്ചുവെന്ന് മാണിപക്ഷം. എങ്കില്‍ പിന്നെ ജനപക്ഷത്തിന്റെ തെരഞ്ഞെടുപ്പു ചിഹ്നം ഗോല്‍ക്കൊണ്ട ബ്രാണ്ടി കുപ്പിയാക്കിയാലോ.
കോടികള്‍ വാരിയെറിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌കാശര്‍മയും തമ്മിലുള്ള രാജകീയ കല്യാണം ഇറ്റലിയിലെ മിലാനില്‍ നടന്നു. വിവാഹസല്‍ക്കാരം നടന്നത് ഇന്ത്യയില്‍. വേദിയില്‍ കോഹ്‌ലിയും അനുഷ്‌കയും നൃത്തം ചെയ്തത് രണ്ടായിരത്തിന്റെ നോട്ടുകള്‍ കടിച്ചുപിടിച്ച്. ഇതെന്തൊരു കത്താ എന്ന് അതിഥികള്‍ അന്തംവിട്ടിരിക്കുന്നതിനിടയില്‍ വേദിയുടെ മുകളില്‍ നിന്ന് നോട്ടുകളുടെ പെരുമഴ. മോഡിയുടെ രണ്ടായിരം രൂപ നോട്ടുകള്‍ക്ക് പറത്തിക്കളിക്കാനുള്ള വിലയേയുള്ളോ.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മാറ്റൊരു വാര്‍ത്തകൂടി. തമിഴ്‌നാട്ടില്‍ ഗൂഡല്ലൂര്‍ തുപ്പുട്ടിപേട്ട സ്വദേശി പൊന്നു സ്വാമിയുടെ മകളുടെ കല്യാണവും താലികെട്ടും പുടവകൊടയുമെല്ലാം അടുത്തുള്ള കുസുമഗിരി ക്ഷേത്രത്തില്‍ നടന്നു. രണ്ട് സെന്റിലൊതുങ്ങുന്ന കൂരയായതിനാല്‍ വിവാഹ സല്‍ക്കാരം അവിടെ നടത്താന്‍ നിര്‍വാഹമില്ല. കല്യാണമണ്ഡപത്തിന് വാടകനല്‍കാന്‍പോലും പണമില്ലാത്തതിനാലാണ് തീരുമാനം കോവിലില്‍ ഒതുക്കിയത്. സല്‍ക്കാരത്തിന് അയല്‍ക്കാരന്‍ തന്റെ അറവുശാല കനിഞ്ഞു നല്‍കി. ദുര്‍ഗന്ധത്തിനിടയിലും ബന്ധുമിത്രാദികള്‍ സന്തോഷത്തോടെ സല്‍ക്കാരമുണ്ടു. പൊന്നുസ്വാമിയുടെ പൊന്നു മോളുടെയും വിവാഹം കോഹ്‌ലിയുടേതും വിവാഹം. പണത്തിന്റെ ഹുങ്ക് ജനത്തിനു മുന്നില്‍ അവതരിപ്പിച്ച് ടീം ഇന്ത്യയുടെ നായകന്‍ ഇന്ത്യാക്കാര്‍ക്കുമുന്നില്‍ ഇത്രയും അപഹാസ്യനാകരുതായിരുന്നു. നായകനും വേണ്ടേ തെല്ലുനാണം!