Thursday
24 Jan 2019

തുന്നാരനെ അറിയാമോ?

By: Web Desk | Monday 14 May 2018 10:52 PM IST

 

രാജേഷ് രാജേന്ദ്രന്‍

ചുട്ടിപ്പരുന്ത്

(Crested Serpent Eagle)
ശാസ്ത്രീയനാമം-Spilornis Cheela

കേരളത്തിന്റെ വനത്തിലും വനയോര മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നിടത്തൊക്കെ വ്യാപകമായി കാണപ്പെടുന്ന ഒരുതരം പക്ഷിയാണ് ചുട്ടിപ്പരുന്ത്. കറുത്ത തവിട്ട് നിറത്തിലുള്ളതാണ് ശരീരം. നെഞ്ചിന് താഴേക്കുള്ള അടിഭാഗത്ത് നിറയെ വെള്ളപ്പുള്ളികള്‍ ഉണ്ടാകും. മുകള്‍ഭാഗവും ചിറകുകളും കുറച്ചുകൂടി കടുത്ത കറുത്ത തവിട്ടുനിറത്തിലായിരിക്കും. തലയുടെ മുകള്‍ഭാഗത്ത് തിളക്കമുള്ള കറുപ്പ് നിറമായിരിക്കും. കണ്‍പുരികം കടുത്ത മഞ്ഞനിറത്തിലും, കണ്ണിന് ചുറ്റും കടന്ന് കൊക്കിലൂടെ മൂക്ക് വരെ വ്യാപിച്ചിരിക്കും. ശക്തമായ കാലുകളും ഇരകളെ കൊത്തിവലിച്ച് കീറാനുള്ള തരത്തിലുള്ള കൂര്‍ത്ത് താഴേക്ക് വളഞ്ഞ കൊക്കുകളും ഇതിന്റെ പ്രതേ്യകതകളാണ്. പറക്കുമ്പോള്‍ ചിറകിനടിയിലും വാലിന്റെ അറ്റത്തും വെള്ള പാടുകള്‍ പ്രകടമാകുന്നതും തലയിലെ ശിഖയും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന സവിശേഷതകളാണ്. വിശ്രമവേളകളിലും പറക്കുന്ന വേളയിലും ഇവ ഒരു ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഹൊയിര്‍… ഹെ…യി…ര്‍ എന്ന ഉയര്‍ന്ന ആവര്‍ത്തിയുള്ള ശബ്ദം വളരെ ദൂരത്തില്‍ നിന്നുവരെ കേള്‍ക്കാവുന്നതാണ്. ചക്കിപരുന്തിനേക്കാള്‍ വലിപ്പമുണ്ടാകും ചുട്ടിപ്പരുന്തുകള്‍ക്ക്. പല്ലി, ഓന്ത്, കോഴിക്കുഞ്ഞുങ്ങള്‍, പാമ്പുകള്‍ ഇവയൊക്കെയാണ് ഇഷ്ടഭക്ഷണങ്ങള്‍. തീക്ഷ്ണമായ കണ്ണുകള്‍ സദാ പരിസരം വീക്ഷിച്ചുകൊണ്ടിരിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പ്രജനനകാലം. ഈ സമയത്ത് ചുട്ടിപ്പരുന്തുകള്‍ ഒരു പരുക്കന്‍ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. വൃക്ഷക്കൊമ്പുകളില്‍ ചുള്ളിക്കമ്പുകള്‍കൊണ്ട് തട്ടുപോലെയാണ് കൂടൊരുക്കുന്നത്. സാധാരണ ഒരു മുട്ടയാണിടുന്നത്. ഇതിന് നേരിയ ചെമപ്പ് നിറത്തോടുകൂടിയ ദീര്‍ഘവൃത്താകൃതിയാണുള്ളത്. കൂടൊരുക്കുന്നതും, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതും ഇണകള്‍ ഒരുമിച്ചായിരിക്കും. എന്നാല്‍ പെണ്‍പക്ഷി മാത്രമേ അടയിരിക്കാറുള്ളു.

തുന്നാരന്‍

(Tailor Birds) ശാസ്ത്രീയനാമം (Orthotomus Sutorius)

കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു പക്ഷിയാണ് തുന്നാരന്‍, അഥവാ പാണക്കുരുവി. ഇവയുടെ മുകള്‍ഭാഗം തവിട്ട് കലര്‍ന്ന പച്ചനിറമായിരിക്കും. അടിഭാഗം വെള്ളനിറത്തിലായിരിക്കും. നെറ്റിയും മൂര്‍ദ്ധാവും തിളക്കമുള്ള ചുവപ്പ് നിറം പ്രകടമായിരിക്കും. പ്രജനനകാലത്ത് ആണ്‍പക്ഷിക്ക് വാലിന്റെ മധ്യഭാഗത്തായി നീണ്ട സൂചിപോലുള്ള തൂവലുകള്‍ വളരുന്നതൊഴിച്ചാല്‍ ആണ്‍പെണ്‍ പക്ഷികള്‍ക്ക് പ്രകടമായ മാറ്റമൊന്നുമുണ്ടാകില്ല. ഇവയ്ക്ക് നേര്‍ത്ത നീളമുള്ള കാലുകളും സൂചിപോലെ കനംകുറഞ്ഞ് കൂര്‍ത്ത കൊക്കുകളുമാണ്.
വീടിനോട് ചേര്‍ന്ന പൂന്തോട്ടങ്ങള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളില്‍ വളരെ ഉല്ലാസത്തോടെയാണ് എപ്പോഴും തുന്നാരനെ കാണുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇവയെ ധാരാളം കാണാറുണ്ട്. മാത്രമല്ല മനുഷ്യവാസമുള്ളിടത്തും അവരോട് ചേര്‍ന്ന് ഇവയ്ക്ക് ജീവിക്കാന്‍ യാതൊരു മടിയുമില്ല. കാതുകള്‍ക്ക് ഇമ്പമുള്ള തരത്തിലുളള റ്റുവീറ്റ്, റ്റുവീറ്റ് എന്ന ശബ്ദമാകും ആദ്യം നമുക്ക് കേള്‍ക്കാനാകു. പിന്നെയാവും വളരെ സന്തോഷത്തോടെ കുറ്റിച്ചെടികളില്‍ ചാടിച്ചാടി പോകുന്ന തുന്നാരനെ കാണുക. ചെറിയ കീടങ്ങള്‍, അവയുടെ മുട്ടകള്‍, പുല്‍ച്ചാടി, ഇലപ്പുഴുക്കള്‍ എന്നിവയാണ് പ്രധാന ആഹാരം. എന്നാല്‍ ഇതൊക്കെ ഇഷ്ടപ്പെടുന്നതുപോലെ പൂക്കളിലെ തേനും ഇവര്‍ക്ക് ഇഷ്ടാഹാരമാണ്. ഇവയൊരുക്കുന്ന കൂടുകള്‍ വളരെയേറെ ശില്‍പകലാ വൈദഗ്ധ്യം വെളിവാകുന്നതാണ്. മൃദുത്വമുള്ളനാര്, തലമുടി, പരുത്തി, കമ്പിളി, സസ്യഭാഗങ്ങള്‍ എന്നിവ ചേര്‍ത്ത് ചെറിയ കപ്പിന്റെ ആകൃതിയിലാണ് കൂടൊരുക്കുന്നത്. ഈ കൂട് ഒരു ശ്രീകോവില്‍ പോലെ ഇലകള്‍ ഒരുമിച്ച് തുന്നിച്ചേര്‍ത്ത് ഒറു ഉറയുടെ അടിഭാഗത്തായിട്ടായിരിക്കും കാണപ്പെടുക. യാതൊരു കാരണവശാലും ശത്രുക്കളുടെ ആക്രമണം മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ദോഷമുണ്ടാക്കരുതെന്ന കൂര്‍മബുദ്ധിയോടാണ് കൂടൊരുക്കല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഴവെള്ളമോ, കാറ്റോ ഒന്നുംതന്നെ കൂടിനുള്ളില്‍ ഏല്‍പ്പിക്കില്ല. കൂടുകള്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരിക്കും, വെള്ളയില്‍ ഇളം ചുവപ്പോ, നീലയോ നിറങ്ങള്‍ കലര്‍ന്ന മൂന്നോ നാലോ മുട്ടകള്‍ ഉണ്ടാകും.
കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം തേടുന്ന വേളകളില്‍ മിക്കവാറും പുഴുക്കള്‍, പ്രാണികള്‍, വിട്ടില്‍ തുടങ്ങിയ മാംസാഹാരമാണ് തുന്നാരന്‍ കൂടുതലായി തേടുന്നത്. രാത്രികാലങ്ങളില്‍ ഇണപ്പക്ഷികളില്‍ ഒരാള്‍ എപ്പോഴും കൂടിനടുത്ത് കാവലായി ഉണ്ടാകും. വാഴ, തേക്ക്, ബദാം, വെണ്‍തേക്ക് എന്നീ വൃക്ഷങ്ങളുടെ ഇലകളിലാകും സാധാരണയായി കൂടൊരുക്കുക.