Wednesday
23 Jan 2019

ടിക് ടോക്കിലെ അമ്മാമ്മയും കൊച്ചുമോനും ഇനി വെള്ളിത്തിരയിലേക്ക്

By: Web Desk | Saturday 12 January 2019 11:13 AM IST

കൊച്ചി:

എൺപത്തിയഞ്ചാം വയസ്സിലും പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച അമ്മാമ്മ ഇനി വെള്ളിത്തിരയിലേക്ക്. അമ്മാമ്മ മാത്രമല്ല, കൂടെ അഭിനയിച്ച കൊച്ചുമോനും. നവാഗത സംവിധായകനായ ബിൻഷാദ് നാസറിന്റെ ‘സുന്ദരൻ സുഭാഷ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് അമ്മാമ്മ മേരി ജോസഫും കൊച്ചു മകന്‍ ജിന്‍സണും.

പ്രവാസിയായ ജിൻസൺ നാട്ടിലെത്തിയപ്പോൾ തമാശയ്ക്ക് എടുത്ത ഇരുവരുടെയും വീഡിയോകളാണ് ടിക് ടോക്കിലൂടെ വൈറലായത്. തന്നെക്കാളും ആരാധകര്‍ അമ്മാമ്മയ്ക്കാണെന്ന് ജിന്‍സണ്‍ പറയുന്നു. തങ്ങളെ സിനിമയിലെടുത്ത വിവരം ജിൻസൺ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എല്ലാവരുടെയും പ്രോത്സാഹനവും പ്രാർത്ഥനയും തങ്ങൾക്ക് വേണമെന്ന് ജിൻസൺ പറയുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  ദേവന്‍ സുബ്രഹ്മണ്യനാണ്. നിതീഷ് കൃഷ്ണന്‍, മഞ്ജു, ഹരിശ്രീ അശോകന്‍, അലന്‍സിയര്‍, ബിറ്റോ ഡേവിസ് തുങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.