Saturday
20 Oct 2018

തിത്‌ലി നാശം വിതയ്ക്കുന്നു; 11 മരണം

By: Web Desk | Thursday 11 October 2018 10:20 PM IST

ഹൈദരബാദ്/ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉത്ഭവിച്ച അതിതീവ്ര ചുഴലിക്കാറ്റായി മാറിയ തിത്‌ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന്‍ കവര്‍ന്നു. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.

അതിശക്തമായ മഴ ഒഡീഷയിലും തുടരുകയാണ്. ഇവിടെ മൂന്നുപേര്‍ മരിച്ചു.മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. തീരപ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു. പലയിടങ്ങളിലും റയില്‍ റോഡ് ഗതാഗതം താറുമാറായി. വ്യോമഗതാഗതവും തടസപ്പെട്ടു. ഗോപാല്‍പൂര്‍, ആന്ധ്രപ്രദേശിലെ കലിംഗപട്ടണം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒഡീഷയിലെ തീരമേഖലയില്‍നിന്നു മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിരുന്നു. മൂന്ന് പ്രദേശങ്ങളിലേക്കായി 1,000 എന്‍ഡിആര്‍എഫ് അംഗങ്ങളെ കേന്ദ്രം അയച്ചു.

എന്‍ഡിആര്‍എഫിന്റെ 14 ടീമിനെ ഒഡീഷയിലും നാലു ടീമിനെ ആന്ധ്രപ്രദേശിലും മൂന്നു ടീമിനെ പശ്ചിമബംഗാളിലും വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. മുന്നൂറോളം മോട്ടോര്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കി. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.