Sunday
19 Nov 2017

‘സ്വര്‍ഗീയ കൊട്ടാരം’ ഡല്‍ഹിക്ക് മീതെയോ !

By: Web Desk | Saturday 11 November 2017 12:39 AM IST

ലണ്ടന്‍: ഭൂമിയെ ലക്ഷ്യമിട്ട് പതിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ടിയാന്‍ഗോങ് – 1 ബഹിരാകാശ നിലയം ന്യൂഡല്‍ഹിക്ക് മീതെ പതിക്കുമോ ? യൂറോപ്യന്‍ ബഹിരാകാശ നിരീക്ഷണ ഏജന്‍സിയുടെ കണക്കുകൂട്ടലുകള്‍ പ്രകാരം നിയന്ത്രണം നഷ്ട്ടപ്പെട്ട ടിയാന്‍ഗോങ് (ചൈനീസ് ഭാഷയില്‍ ‘സ്വര്‍ഗീയ കൊട്ടാരം’ എന്നര്‍ത്ഥം) അടുത്ത വര്‍ഷം ജനുവരി – മാര്‍ച്ച് കാലയളവിനിടെ ഭൂമിയിലേക്ക് പതിച്ചേക്കും.
8.5 ടണ്‍ ഭാരമുള്ള നിയന്ത്രണം നഷ്ടപ്പെട്ട ടിയാന്‍ഗോങ് 43 ഡിഗ്രി വടക്ക് അക്ഷാംശരേഖയ്ക്കും 43 ഡിഗ്രി തെക്ക് അക്ഷാംശരേഖയ്ക്കും ഇടയിലുള്ള എവിടെ വേണമെങ്കിലും പതിച്ചേക്കാം എന്നാണ് നിലവിലെ കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്നത്. അതായത് ന്യൂഡല്‍ഹി, ബീജിങ്, ടോക്കിയോ, ബാങ്കോക്ക്, സിങ്കപ്പൂര്‍ എന്നീ രാജ്യ തലസ്ഥാന നഗരങ്ങള്‍ക്ക് ഭീഷണിയുണ്ട്.
നിലവില്‍ വ്യക്തമായ സ്ഥലം മനസിലാക്കാന്‍ കഴിയുന്നില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ചില ഭാഗങ്ങളും യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനും ഇറ്റലിയും, അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, മിയാമി എന്നിവയും ഭീതിയുടെ നിഴലില്‍ വരും. ബഹിരാകാശ നിലയത്തിന്റെ ഭൂരിഭാഗവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ കത്തിത്തീരുമെങ്കിലും ചിലഭാഗങ്ങള്‍ അതേപടി നിലംതൊടാനാണ് സാധ്യത.
12 മീറ്റര്‍ നീളവും 3.3 മീറ്റര്‍ വ്യാസവുമാണ് ടിയാന്‍ഗോങ്ങിനുള്ളത്. 2013ല്‍ ഇതിലെ ആള്‍ത്താമസം ഇല്ലാതാക്കിയതിന് ശേഷം 2016 വരെ യാതൊരു ബന്ധവും ഇല്ലായിരുന്നു. 1979ല്‍ തകര്‍ന്നുവീണ നാസയുടെ സ്‌കൈലാബാണ് ഇതിനുമുമ്പ് ഭൂമിയില്‍ പതിച്ച ബഹിരാകാശനിലയം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ് ഇത് പതിച്ചത്.