Friday
14 Dec 2018

വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാന്‍ ആഹാരത്തിനെ മരുന്നാക്കാം

By: Web Desk | Tuesday 27 February 2018 9:09 PM IST

വലിയശാല രാജു

രോഗമില്ലാത്ത അവസ്ഥയല്ല ആരോഗ്യം. രോഗത്തിന് ആരോഗ്യമില്ലാത്ത അവസ്ഥയാണ്. ഇത് ആയുര്‍വേദത്തിന്‍റെ കാഴ്ചപ്പാടാണ്. ഭ്രൂണാവസ്ഥയില്‍ തന്നെ രോഗമുണ്ട്. രോഗം നമ്മുടെ കൂടപ്പിറപ്പാണ്. അവയെ ശമിപ്പിച്ച് നിര്‍ത്തുകയാണ് പ്രധാനം.
ഏറ്റവും വലിയ ഔഷധം ആഹാരമാണ്. ആഹാരത്തിലെ കൃത്യനിഷ്ഠതയും പോഷകാംശഗുണവുമാണ് പ്രധാനം. വിരുദ്ധമാകാത്ത ആഹാരവും പ്രധാനമാണ്. എത്ര പോഷകാംശമുള്ളതും വിരുദ്ധാഹാരങ്ങളുടെ ഗണത്തില്‍പ്പെട്ടാല്‍ വിഷമാകും.
ആഹാരം പല പ്രാവശ്യം ചൂടാക്കുന്നതും ഫ്രിഡ്ജില്‍ വച്ചിട്ട് എടുത്ത് കഴിക്കുന്നതും രോഗാവസ്ഥയ്ക്ക് കാരണമാകും. എണ്ണയില്‍ വറുത്തതും പൊരിച്ചതും മൈദ കലര്‍ന്ന ബേക്കറി ഇനങ്ങളും മഹാരോഗങ്ങളെ ആയിരിക്കും സൃഷ്ടിക്കുക. ആധുനിക മെഡിക്കല്‍ സയന്‍സില്‍ ഇതൊന്നും കാണില്ല. അവര്‍ ഇതിനെയെല്ലാം ചേര്‍ത്ത് ജീവിതശൈലി രോഗമെന്ന ഒരൊറ്റ നാമമാണ് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.

ഏതെങ്കിലും രോഗത്തിന്‍റെ പേരിലായിരിക്കും ചികിത്സിക്കുക. രോഗ കാരണം കണ്ടുപിടിക്കുകയില്ല. ഇപ്പോള്‍ വൈദ്യശാസ്ത്ര ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് കേരളീയര്‍ ചികിത്സിച്ച് രോഗികളാവുന്നു എന്നാണ്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആകെ ഗുളികകളില്‍ 10 ശതമാനം കേരളത്തിലാണ് വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 2.7 ശതമാനം മാത്രമാണ് കേരളീയര്‍ എന്നോര്‍ക്കണം. ഈ ഗുളികകളില്‍ ബഹുഭൂരിപക്ഷവും വേദനസംഹാരികളാണ്. വേദനസംഹാരികള്‍ കരളിനെയും വൃക്കയെയും കാര്‍ന്ന് തിന്നുന്നവയാണ്. കരള്‍ രോഗികളെയും വൃക്കരോഗികളെയും കൊണ്ട് നിറയുകയാണ് കേരളം. വൃക്ക മാറ്റിവയ്ക്കലും കാള്‍മാറ്റിവയ്ക്കലും ഇന്ന് അപൂര്‍വമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു.
രോഗികളായി എത്തുന്നവരെ ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും സ്ഥിരം കസ്റ്റമറാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലേക്ക് ചികിത്സിച്ച് മരുന്നുകളുടെ അടിമയാക്കി മാറ്റുകയാണ് ആധുനിക ചികിത്സാസമ്പ്രദായം ചെയ്യുന്നത്. ഈ നീരാളിപ്പിടിത്തത്തില്‍ നിന്നും മലയാളി എത്രയും വേഗം രക്ഷപ്പെടില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ശോഭനമായിരിക്കില്ല.

ഇത്രയും ആമുഖമായി പറഞ്ഞത് രോഗത്തെയും രോഗാവസ്ഥയേയും കുറിച്ച് ശാസ്ത്രീയമായ ബോധമുണ്ടാകാനാണ്. രോഗമുണ്ടാകുന്നതിന് പരിസ്ഥിതിയും കാലാവസ്ഥയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണം കാലാവസ്ഥയുമായി ബന്ധപ്പെട്ടുവേണം കഴിക്കാന്‍. തണുപ്പ് കാലത്തും ഉഷ്ണകാലത്തും കഴിക്കേണ്ടവ വേര്‍തിരിച്ചറിയണം. പഴവര്‍ഗങ്ങള്‍, മോര് തുടങ്ങിയവയൊക്കെ ചൂട് കാലത്താണ് കൂടുതലായി കഴിക്കേണ്ടത്. തണുപ്പ് കാലത്ത് പരമാവധി ഇവ വര്‍ജ്ജിക്കണം. കേരളത്തെ സംബന്ധിച്ച് കടുത്ത വേനല്‍ക്കാലമെന്ന് പറയുന്നത് കുംഭം, മീനം, മേടം മാസങ്ങളിലാണ്. അതിന് മുന്‍പ് വൃശ്ചികം, ധനു, മകരം മാസങ്ങളിലും ചൂട് കൂടുന്നസമയമാണ്. ഈ മാസങ്ങളിലെ മറ്റൊരു പ്രത്യേകത രാത്രി നല്ല തണുപ്പ് ആയിരിക്കുമെന്നുള്ളതാണ്. പകല്‍ ചൂടും രാത്രി തണുപ്പും കാരണം പലവിധങ്ങളായ വ്യാധികളുടെ വിളനിലമായി നമ്മുടെ ശരീരം മാറും.

വേനല്‍ക്കാല രോഗങ്ങള്‍ വൃശ്ചികം മുതല്‍ മേടം വരെയുള്ള ആറ് മാസക്കാലമാണ്. വിവിധങ്ങളായ ഉഷ്ണവ്യാധികള്‍ അലട്ടും. ആഹാരമുള്‍പ്പെടെയുള്ള ജീവിതശൈലികളില്‍ കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ആയുസ് മുഴുവന്‍ നീണ്ട് നില്‍ക്കുന്ന രോഗങ്ങളായി അവ പരിണമിക്കാം. ഈ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യമായി വേണ്ടത്. ഒരു ദിവസം രണ്ട് ലിറ്റര്‍ മൂത്രം പുറത്ത് പോകുന്നതിന് ആനുപാതികമായി വേണം വെള്ളം കുടിക്കാന്‍. വെള്ളം കുടിക്കുന്നതിന്റെ കുറവ് പലവിധ ഉഷ്ണരോഗങ്ങളെയും ക്ഷണിച്ച് വരുത്തും. ഇതില്‍ ഏറ്റവും പ്രധാനമാണ് മൂത്രാശയ രോഗങ്ങള്‍, വൃക്കത്തകരാറുകള്‍ എന്നിവ.
മുതിര ഇട്ട് തിളപ്പിച്ച വെളളം കുടിക്കുകയും മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ഈ സമയങ്ങളില്‍ അത്യുത്തമമാണ്. മൂത്രത്തില്‍ കല്ല് ഉണ്ടാകാതിരിക്കാനും ഉള്ളത് പൊടിഞ്ഞ് പോകുവാനും മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറ്റവും പ്രയോജനം ചെയ്യും. അതുപോലെ മലയാളി ഇന്ന് മറന്നുപോയ മുള്ളങ്കി തോരന്‍ വെച്ചും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നത് വൃക്ക മൂത്രാശയ രോഗങ്ങള്‍ക്ക് കണ്‍കൊണ്ട ഔഷധമാണ്.
ത്വക്ക് രോഗങ്ങളാണ് ചൂട് കാലത്ത് നമ്മെ അലട്ടുന്ന മറ്റൊരു പ്രധാന വ്യാധി. അമിതമായ വിയര്‍പ്പ് ഉണ്ടാകുന്നതാണ് പ്രധാനകാരണം. വിയര്‍പ്പ് കെട്ടിനിന്ന് ജീര്‍ണിച്ച് വിവിധങ്ങളായ ഫംഗസ്, ബാക്ടീരിയരോഗങ്ങള്‍ക്ക് കാരണമാകും. വിയര്‍പ്പ് ഒരു പ്രധാന പ്രശ്‌നമാണ്. സോപ്പ് ഉപയോഗിക്കാതെ ചെറുപയര്‍പൊടിയോ മറ്റെന്തെങ്കിലും ആയുര്‍വേദ ചൂര്‍ണങ്ങളോ തേച്ച് ദിവസവും രണ്ടുനേരം കുളിക്കുന്നത് നല്ലതാണ്. വിയര്‍പ്പ് കുരുവിന് പച്ചരിമാവ് വെള്ളത്തില്‍ ചാലിച്ച് ദേഹമാസകലം തേച്ച് പിടിപ്പിച്ച് ദിവസവും കുളിക്കുന്നത് കുരുവിന്റെ ആധിക്യം കുറയ്ക്കാന്‍ സാധിക്കും. ശരീരശുദ്ധികൊണ്ട് അകറ്റിനിര്‍ത്താവുന്നതാണ് ഉഷ്ണകാലത്തെ ത്വക്ക് രോഗങ്ങളില്‍ മിക്കവയും.

നന്നായി വിയര്‍ക്കുന്ന കാലമായതിനാല്‍ നീര്‍ത്താഴ്ച ഉണ്ടായി ചുമയും തൊണ്ടവേദനയും പനിയും വരാനുള്ള സാധ്യത കൂടുതലാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാം. ഐസിട്ട പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാല്‍ ഇത്തരം രോഗങ്ങളുടെ 90 ശതമാനം കുറഞ്ഞുകിട്ടും.

എല്ലാ സീസണുകളിലും ഉണ്ടെങ്കിലും ഉഷ്ണകാലത്ത് കൂടുതലായി കാണുന്നതാണ് ചെങ്കണ്ണ് എന്ന രോഗം. സാധാരണ ഇത് ഒരാഴ്ച നീണ്ടുനില്‍ക്കും. കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുകയും ഒരാഴ്ചത്തെ പൂര്‍ണമായ സമയ നഷ്ടവുമാണ് ഫലം. മല്ലി തിളപ്പിച്ച് അരിച്ചെടുത്ത് നന്നായി തണുപ്പിച്ച് ഇരു കണ്ണിലും ധാര കോരുന്നത് കണ്ണിന് ഹിതകരമാണ്. തണുപ്പ് പ്രദാനം ചെയ്യുകയും ഫംഗസ് മൂലമുണ്ടാകുന്ന പഴുപ്പും മററും ചെറുക്കുകയും ചെയ്യും. ചെങ്കണ്ണ് വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടിയാണ്.

വേനല്‍ക്കാല രോഗങ്ങളില്‍ കരുതിയിരിക്കേണ്ട മഞ്ഞപ്പിത്തംപോലുളള കരള്‍ രോഗങ്ങള്‍. ഉഷ്ണകാലത്ത് ജലദൗര്‍ലഭ്യം ഉള്ളതിനാല്‍ വെളളത്തിലെ മലിനീകരണം കൂടും. ജലജന്യരോഗങ്ങളില്‍പ്പെടുന്നതാണ് മഞ്ഞപ്പിത്തം. ദാഹം അമിതമായി കൂടുന്ന കാലമായതിനാല്‍ കാണുന്ന കടകളില്‍ നിന്നെല്ലാം ശീതളപാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്ന ശീലമുണ്ടാകും. കുട്ടികളിലും യൗവനക്കാരിലുമാണ് ഇത് അധികം കാണുന്നത്. ഫലം മഞ്ഞപ്പിത്ത രോഗങ്ങളുടെ തേര്‍വാഴ്ചയായിരിക്കും. ജൂസ് കടക്കാര്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം ശുദ്ധി നോക്കാതെ കിട്ടുന്ന വെള്ളമെല്ലാം പാനീയത്തിനായി ഉപയോഗിക്കും.
ഭക്ഷ്യവിഷബാധക്കും സാധ്യത കൂടുന്ന സമയമാണ്. വേനല്‍ക്കാലത്ത് വെള്ളം നന്നായി തിളപ്പിച്ച് ആറിയതിന് ശേഷമേ കുടിക്കാവു. 20 മിനിട്ടെങ്കിലും വെട്ടിത്തിളയ്ക്കണം. ഉഷ്ണകാലത്ത് ആധിക്യം വര്‍ധിക്കുന്ന ചില രോഗങ്ങളുണ്ട്. അവയില്‍പ്പെട്ടതാണ് മൂലക്കുരു. ചൂട് മൂലമാണ് ഈ അസുഖം ഉണ്ടാകുന്നത്. എന്നാല്‍ ഈ വ്യാധി ഉളളവര്‍ക്ക് ഉഷ്ണസമയത്ത് രൂക്ഷമാകും. കൂടുതല്‍ വിയര്‍പ്പ് ഉണ്ടാകുന്നതുകൊണ്ട് കുടിക്കുന്ന ജലം ദഹനേന്ദ്രിയങ്ങള്‍ക്ക് വേണ്ട അളവില്‍ കിട്ടാതാവുന്നത് ഒരു കാരണമാണ്. മൂലവ്യാധി ഒരു ദഹനേന്ദ്രിയരോഗമാണ്. മോര് ധാരാളമായി വേനല്‍ക്കാലത്ത് കഴിക്കണം. ശരീരത്തിലെ അമിതായ ചൂട് കുറയ്ക്കാനും ഇത് സഹായിക്കും. ചൂട് കാലത്ത് ശരീരത്തിലെ ജലാംശം നന്നായി കുറയുന്നതുകൊണ്ട് മുടികൊഴിച്ചില്‍, ചൊറിച്ചില്‍, മലബന്ധം തുടങ്ങിയ പല രോഗാവസ്ഥകളും ഉണ്ടാകും. രക്തത്തില്‍ എഴുപത് ശതമാനത്തോളം ജലാംശമാണല്ലോ.

വേനല്‍ക്കാലരോഗങ്ങളില്‍ പലരും ശ്രദ്ധിക്കപ്പെടാതെപോകുന്നതും രോഗകാരണങ്ങളെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഒന്നും കാണാത്തതുമാണ് വായുമലിനീകരണം മൂലമുളള രോഗങ്ങള്‍. വായുമലിനീകരണം മൂലം ദിനംപ്രതി എട്ട് പേരാണ് കേരളത്തില്‍ മരിക്കുന്നത്. ഡല്‍ഹിയില്‍ ഇത് നാല്‍പത് പേരാണ്. പക്ഷെ നമ്മുടെ ആധുനിക മെഡിക്കല്‍ സയന്‍സില്‍ വായുമലിനീകരണം മൂലമുള്ള രോഗം കാണില്ല.
മഴക്കാലം മാറുന്നതോടെയാണ് വായുമലിനീകരണം രൂക്ഷമാകുന്നത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയുന്നതോടെ സാന്ദ്രത കുറഞ്ഞ പൊടിപടലങ്ങളും മറ്റ് ഹാനികരങ്ങളായ കണികകളും വായുവില്‍ പറന്ന് നടക്കും. വാഹനങ്ങള്‍ പുറന്തളളുന്ന പുകപടലങ്ങളും അവയിലെ കാര്‍ബണ്‍ കണികകളുമാണ് ഏറ്റവും അപകടകരം.
ഈ പദാര്‍ഥങ്ങള്‍ ശ്വസനത്തിലൂടെ ശ്വാസകോശത്തിലെത്തുകയും അവിടെ അടിഞ്ഞ് കിടന്ന് രക്തപ്രവാഹത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യും. വിവിധതരം ശ്വാസകോശ അലര്‍ജികള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും ഹൃദയസംബന്ധമായ തകരാറുകള്‍ക്കും ഇത് കാരണമാകും.
വായുമലിനീകരണം മൂലമുള്ള രോഗങ്ങളെക്കുറിച്ച് നാം വേണ്ടത്ര ബോധവാന്മാരല്ല എന്നതാണ് ഏറ്റവും പരിതാപകരം. യോഗയിലെ പ്രാണായാമം ചെയ്തു ശ്വാസകോശത്തിന് ബലം നല്‍കി ഇതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മലിനീകരിക്കപ്പെട്ട ഈ വായുവാണല്ലോ നാം ശ്വാസകോശത്തിലേക്ക് വലിച്ച് കയറ്റുന്നത്. അതുകൊണ്ട് എന്ത് പ്രയോജനം എന്നത് വേറെ കാര്യം.