Friday
14 Dec 2018

ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഒന്നിക്കണം: പന്ന്യന്‍ രവീന്ദ്രന്‍

By: Web Desk | Monday 22 January 2018 10:28 PM IST

സിപിഐ തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കുറ്റിയാനിക്കാട് മധു നഗര്‍(കാട്ടാക്കട): ഏറ്റവും ഭയാനകമായ അവസ്ഥയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും ഇതിനെതിരെ രാജ്യം ബദല്‍ സംവിധാനം പ്രതീക്ഷിക്കുന്നുണ്ടെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതിനായി ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും മതേതര ജനാധിപത്യ സംഘടനകളുടെ കൂട്ടായ്മയും രൂപപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഭരിക്കുന്നത് നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. ഇത് ഗൗരവത്തോടെ കാണണം. കേന്ദ്ര ഭരണാധികാരികള്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ വില്‍ക്കുന്നു. റയില്‍വേ ബജറ്റു പോലും മോഡി അട്ടിമറിച്ചു. രാജ്യത്തെ വ്യവസ്ഥാപിത സ്ഥാപനങ്ങളും മൂല്യങ്ങളും അട്ടിമറിച്ചു. രാഷ്ട്രപതി പദവിയും ഉപരാഷ്ട്രപതി സ്ഥാനവും അവര്‍ കയ്യിലാക്കി. ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ ബിജെപി രാജ്യസഭയിലും ഭൂരിപക്ഷത്തോടടുക്കുകയാണ്. അധികാരത്തിന്റെ സുപ്രധാനമായ എല്ലാ കേന്ദ്രങ്ങളും കയ്യടക്കിയ ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ ചെറുക്കുന്നതിനുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ പ്രസ്ഥാനം ഉയര്‍ന്നുവരണം. അത് മത നിരപേക്ഷ പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്ന പൊതുവേദിയാകണം. അത് ദേശീയതലത്തിലുള്ള തെരഞ്ഞെടുപ്പ് ഐക്യമുന്നണിയല്ല. നീക്കുപോക്കുമല്ല. ഫാസിസ്റ്റ് ഭരണം തിരിച്ചുവരാതിരിക്കാന്‍ ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് വളര്‍ന്നുവരുന്ന പ്രതിരോധ നിരയാണത്, പന്ന്യന്‍ വിശദീകരിച്ചു.

കേരളത്തില്‍ ബിജെപിയെ ചെറുക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പ്രസ്ഥാനം എല്‍ഡിഎഫ് തന്നെയാണ്. യുഡിഎഫ് എന്നത് ഭരിക്കുന്നതിന് മാത്രമായുള്ള തട്ടിക്കൂട്ട് മുന്നണിയാണ്. അത് തകര്‍ന്നുകൊണ്ടിരിക്കുകയുമാണ്. മൃതപ്രായമായ അവസ്ഥയില്‍ കഴിയുന്ന ആ മുന്നണിക്ക് ബിജെപിക്കെതിരെ പ്രതിരോധം തീര്‍ക്കാനാവില്ല. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുകയെന്നതാണ് പ്രധാനം. മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താനും എല്‍ഡിഎഫിനെ ശിഥിലീകരിക്കാനുമുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല. മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് സിപിഐ സൃഷ്ടിച്ചതാണ് ഈ മുന്നണി. അതിനെ ശക്തിപ്പെടുത്താന്‍ സിപിഐക്ക് ഉത്തരവാദിത്തമുണ്ട്. ഒരു പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രസ്തുത പ്രകടന പത്രിക നടപ്പിലാക്കുന്നതില്‍ അലസതയോ അപാകതയോ കണ്ടാല്‍ അത് തിരുത്തിക്കാനും സിപിഐക്ക് ബാധ്യതയുണ്ടെന്ന് പന്ന്യന്‍ പറഞ്ഞു.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി ദിവാകരന്‍, ടി പുരുഷോത്തമന്‍, എന്‍ രാജന്‍, റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുത്തു.
അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, മാങ്കോട് രാധാകൃഷ്ണന്‍, എ എസ് ആനന്ദകുമാര്‍, രാഖി രവികുമാര്‍, എം എസ് റഷീദ്, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മീനാങ്കല്‍ കുമാര്‍ രക്തസാക്ഷി പ്രമേയവും പള്ളിച്ചല്‍ വിജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിളപ്പില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പുതിയ ജില്ലാ കൗണ്‍സിലിനെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.

Related News