Monday
17 Dec 2018

വിദേശ പഠനം: ടോഫില്‍ വിദ്യാഭ്യാസ വാന്‍ പര്യടനം തുടങ്ങി

By: Web Desk | Wednesday 10 January 2018 7:38 PM IST

കൊച്ചി : വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ടോഫില്‍ ടെസ്റ്റിനെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്ന, ടോഫില്‍ ഇന്‍ഫര്‍മേഷന്‍ വാന്‍ സംസ്ഥാനത്തെ കാമ്പസുകളില്‍ പര്യടനം ആരംഭിച്ചു.
യുഎസ് ആസ്ഥാനമായ എജ്യുക്കേഷണല്‍ ടെസ്റ്റിംഗ് സര്‍വീസും ലേണിംഗ് ലിങ്ക്‌സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടോഫില്‍ ഇന്‍ഫര്‍മേഷന്‍ വാന്‍ ഫെബ്രുവരി ഏഴുവരെ 10 നഗരങ്ങളിലെ കാമ്പസുകള്‍ സന്ദര്‍ശിക്കും.
കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
അക്കാദമിക്ക് ഇംഗ്ലീഷിന്റെ ആധികാരിക പരിശോധനയായ ടോഫിലിനെ 130-ലേറെ രാജ്യങ്ങളിലുള്ള 10,000-ലേറെ സ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. 30 ദശലക്ഷത്തിലേറെ കുട്ടികള്‍ ടോഫില്‍ പരീക്ഷ എഴുതിയിട്ടുണ്ട്.
ടോഫില്‍ പരീക്ഷയെ പറ്റിയുള്ള പുതിയ വിവരങ്ങള്‍, പരീക്ഷാ തയ്യാറെടുപ്പിനുള്ള പൊടിക്കൈകള്‍, രജിസ്‌ട്രേഷന്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇന്‍ഫര്‍മേഷന്‍ വാനില്‍ ലഭ്യമാണ്.
വാനിലുള്ള ടോഫില്‍ വിദഗ്ദ്ധര്‍ വീഡിയോകള്‍, ടൂളുകള്‍, എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
പരീക്ഷ എഴുതുന്നവര്‍ക്ക് ആറാഴ്ചത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലും പങ്കെടുക്കാം. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും- https://www.toeflgoanywhere.org, ജെയ്‌സണ്‍ ബാരണ്‍ ,1-609-683-2428, [email protected]

Related News