Tuesday
19 Jun 2018

ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പുവരുത്താന്‍ ഫാസ്റ്റാഗ് സ്റ്റിക്കര്‍

By: Web Desk | Friday 23 March 2018 8:15 PM IST

കൊച്ചിടോള്‍ പ്ലാസകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പുവരുത്തുന്ന, റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തിന്‍റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലുടെ കിട്ടിയത്. പ്രത്യേക ക്യൂവിലൂടെ ടോള്‍ ജംങ്ഷനുകളില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ അവസരമൊരുക്കുന്നതാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍. ഇവ പതിപ്പിച്ച വാഹനങ്ങള്‍ക്ക് ടോള്‍ ജംങ്ഷനുകളില്‍ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം.

ദേശീയപാതാ അതോറിറ്റിയും (എന്‍എച്ച്എഐ) റിസര്‍വ് ബാങ്കിന്‍റെ കീഴിലുള്ള നാഷണല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യും ചേര്‍ന്നാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ പ്രദര്‍ശനവേദിയിലും വന്‍ സ്വീകാര്യതയോടെ ഇതെത്തി.

ഐസിഐസിഐ, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ക്കാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ക്കായി നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍  അധിഷ്ഠിതമായ ഈ സംവിധാനം സമയലാഭത്തിനും ടോള്‍ ജംങ്ഷനിലെ സുഗമ സഞ്ചാരത്തിനും സഹായകമാണ്. വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡില്‍ കൃത്യം മധ്യഭാഗത്തായി ഫാസ്റ്റാഗ് പതിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക ക്യൂവിലൂടെ കടന്നുപോകാം.

സംസ്ഥാനത്ത് ഫെഡറല്‍ ബാങ്ക് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ വിതരണമാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തിരക്കേറിയ വാളയാര്‍, തൃശൂര്‍ പാലിയേക്കര, എറണാകുളം അരൂര്‍ ടോള്‍ പ്ലാസകളിലാണ് ഫാസ്റ്റാഗ് സ്റ്റിക്കറുകള്‍ നിലവില്‍ നല്‍കുന്നത്. പതിനഞ്ചുമിനിട്ടോളം എടുത്താണ് സാധാരണ ഇവിടങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഫാസ്റ്റാഗ് പതിപ്പിച്ചാല്‍ ഈ സമയനഷ്ടം ഒഴിവാക്കാമെന്ന് ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ മേധാവി പിവി ജിതേഷ് പറഞ്ഞു.

Related News