Saturday
20 Oct 2018

പുതുമുഖതാരങ്ങളുടെ സിനിമകള്‍ക്ക് തിയറ്റര്‍ ലഭിക്കാന്‍ പാടാണ്; ആസിഫ് അലി

By: Web Desk | Thursday 24 May 2018 7:02 PM IST

കൊച്ചി: പുതുമുഖതാരങ്ങള്‍ അണിനിരക്കുന്ന സിനിമകള്‍ക്ക് തിയറ്റര്‍ ലഭിക്കുവാന്‍ പാടാണെന്ന് നടന്‍ ആസിഫ് അലി. താരമൂല്യമുള്ള നടന്മാര്‍ക്ക്  സിനിമയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. നവാഗതനായ മൃദുല്‍ നായര്‍ സംവിധാന ചെയ്ത് ആസിഫ് അലി അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബിടെക് ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം എറണാകുളം പ്രസ്‌ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. ജനപ്രീതിയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനാണ് തിയറ്ററുകള്‍ ഇഷ്ടപെടുന്നത്. പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ റിസ്ക് ഏറ്റെടുക്കുവാന്‍ പൊതുവെ തിയറ്റര്‍ ഉടമകള്‍ മടിക്കാറുണ്ട്. പണം മുടുക്കി തിയറ്ററിലെത്തുന്നവര്‍ താരങ്ങളുടെ ചിത്രം കാണുവാന്‍ ഇഷ്ടപെടുന്നതാകാം തിയറ്റര്‍ ഉടമകളെ ഇത്തരത്തില്‍ ചിന്തിപിക്കുന്നത്. ഇതുമൂലം ഒട്ടനവധി നല്ല ചെറുചിത്രങ്ങള്‍ പ്രേക്ഷകരിലെത്തുന്നില്ലെന്നും ആസിഫ് അലി ചൂണ്ടിക്കാട്ടി. മലയാള സിനിമ കൈകാര്യം ചെയ്യാത്ത ഒരു പ്രത്യേക രാഷ്ട്രീയമാണ് സിനിമ പങ്കുവയ്ക്കുന്നതെന്നും പേര് നോക്കി ഒരാളെ തീവ്രവാദിയായി ചിത്രീകരിക്കുന്ന സമൂഹത്തിലെ പ്രവണതകള്‍ മാറണമെന്നുമുള്ള സന്ദേശം സിനിമ പറയുന്നുണ്ടെന്നും സംവിധായകന്‍ മൃദുല്‍ നായര്‍ പറഞ്ഞു. നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തില്‍ മുഴുനീള കഥാപാത്രം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ലഭിച്ച കഥാപാത്രം സംതൃപ്തി നല്‍കുന്നുവെന്ന് അപര്‍ണ പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ച നിരഞ്ജന അനൂപും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.