Wednesday
22 Aug 2018

പ്രദേശവാസികള്‍ക്ക് പ്രയോജനം ചെയ്യുന്നതാകണം ടൂറിസം

By: Web Desk | Wednesday 27 September 2017 1:48 AM IST

കടകംപള്ളി സുരേന്ദ്രന്‍
ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി

പ്രകൃതിസൗന്ദര്യവും കാലാവസ്ഥയും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ‘ദൈവത്തിന്റെ സ്വന്തം നാടാണ്’ നമ്മുടെ കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്നത് വെറുമൊരു പരസ്യവാചകമാണെന്ന് ആരും പറയില്ല. കലയും സംസ്‌കാരവും പ്രകൃതിഭംഗിയും തനതായ കാലാവസ്ഥയും മിത്തുകളും ഉത്സവങ്ങളുമെല്ലാം ദൈവത്തിന്റെ സ്വന്തം നാടിനെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. നിത്യഹരിത വനങ്ങളില്‍ നിന്നും മലയോരങ്ങളിലൂടെ, കായല്‍ വഴി തീരദേശത്ത് എത്തുന്നതിന് ഏതാനും മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രം മതി. ഇത്രയും വ്യത്യസ്തമായ പ്രകൃതിഭംഗി ഈ ചെറിയ സംസ്ഥാനത്തിന് മാത്രം അവകാശപ്പെട്ടതാണ്. വിനോദസഞ്ചാരികള്‍ക്ക് അവരുടെ താല്‍പ്പര്യമനുസരിച്ച് കായലും കടലും മഴനിഴല്‍കാടും പുല്‍മേടും തെരഞ്ഞെടുത്ത് കാണാനാകും. ആയൂര്‍വേദവും കളരിപ്പയറ്റും പാരമ്പര്യകലാരൂപങ്ങളും വിദേശ സഞ്ചാരികളെ കൊച്ചുകേരളത്തിലേക്ക് ആകര്‍ഷിക്കുന്നു. ഇവയെ ബ്രാന്‍ഡു ചെയ്ത് ലോകവ്യാപകമായി പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞു എന്നതാണ് കേരള ടൂറിസത്തിന്റെ വിജയത്തിനാധാരം. ഇതുപോലെ വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇനിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കേരളത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും ഓരോ സവിശേഷതകളുണ്ട്. അവയുടെ ടൂറിസം സാധ്യതകള്‍ അനന്തമാണ്. ഇനിയും പുറംലോകമറിയാത്ത നാട്ടുവിശേഷങ്ങളും തനിമകളും നമുക്ക് ചുറ്റുമുണ്ട്.
2016ല്‍ 10,38,419 വിദേശ വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 6.23 ശതമാനം വര്‍ധനയുണ്ടായി. 2016ല്‍ 1,31,72,535 ആഭ്യന്തരടൂറിസ്റ്റുകളും കേരളത്തിലെത്തി. അതായത്, 5.67 ശതമാനം വര്‍ധന. 7749.5 കോടി രൂപയുടെ വിദേശനാണ്യം നേടിയപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള വര്‍ധന 11.5 ശതമാനം. നേരിട്ടും അല്ലാതെയും 29658.56 കോടി രൂപയാണ് 2016ല്‍ ടൂറിസംരംഗത്തുനിന്നുള്ള ആകെവരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 11.12 ശതമാനം വര്‍ധന.
കേരളത്തിന്റെ വിനോദസഞ്ചാര അനുഭവത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാകണം ഇനി മുന്‍ഗണന നല്‍കേണ്ടത്. ഗുണകരമായ ജനകീയ ഇടപെടല്‍ വിനോദസഞ്ചാര രംഗത്ത് ഉണ്ടാകണം. പരിസ്ഥിതിയെ പോറലേല്‍പ്പിക്കാതെ, അതേസമയം പ്രകൃതിസൗന്ദര്യം പ്രയോജനപ്രദമാക്കുന്ന വികസനമാണ് ടൂറിസത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടത്. സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും മുതല്‍ക്കൂട്ടാക്കി കേരളത്തെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റാനാകണം. അതിന് അതിഥിദേവോ ഭവ എന്നത് നമ്മുടെ പ്രചോദനവാക്യമാകണം. ആതിഥേയ മനസ്‌കരായ ജനത ടൂറിസം വികസനത്തിന് അത്യന്താപേക്ഷിതമാണ് . കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ഏറെ തൊഴില്‍ സാധ്യതകളാണ് വിനോദസഞ്ചാര മേഖലയില്‍ സൃഷ്ടിക്കാനാകുന്നത്. പ്രവാസികളുടെയും, സംരംഭക തല്‍പ്പരുടെയും സഹായത്തോടെ വിനോദസഞ്ചാര മേഖലയില്‍ മുന്നേറ്റം കൊണ്ടുവരാനാകും.
വിനോദസഞ്ചാര മേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് അതായത് തദ്ദേശ വാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാകണം ടൂറിസമെന്നതാണ് സര്‍ക്കാരിന്റെ നയം. ഉത്തരവാദിത്ത ടൂറിസം അഥവാ റെസ്‌പോണ്‍സിബിള്‍ ടൂറിസമെന്നതിനാണ് നമ്മള്‍ ഊന്നല്‍ കൊടുക്കുന്നത്. ടൂറിസം വികസനത്തിലൂടെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലഭ്യമാകുന്ന വരുമാനത്തിന്റെ മുഖ്യപങ്ക് അവിടത്തെ തദ്ദേശവാസികള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്ന ആശയമാണ് സാമ്പത്തിക ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് വെച്ചിട്ടുള്ളത്. അതായത് ടൂറിസത്തിന്റെ വരുമാനം പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉപയോഗപ്പെടുത്തുക വഴി പ്രദേശവാസികള്‍ക്ക് അധികം വരുമാനം ലഭിക്കുന്ന ഒന്നായോ, മുഖ്യ വരുമാനം ലഭ്യമാക്കുന്ന ഒന്നായോ ടൂറിസത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്ത ടൂറിസം ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ ഈ ആശയം ആദ്യം ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കിയ സംസ്ഥാനമാണ് കേരളം. ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും കേന്ദ്രീകരിക്കപ്പെടുന്നത് ആ പ്രദേശത്തെ സമൂഹത്തിലാണ്. ഓരോ പ്രദേശത്തിന്റെയും പ്രൗഢമായ സംസ്‌കാരത്തെയും പൈതൃകത്തെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക ഉത്തരവാദിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രദേശത്തെ പ്രത്യേകതകള്‍ അറിയുകയും അവയെ ബഹുമാനിക്കുകയും പ്രാദേശിക ജനസമൂഹത്തിന്റെ ജീവിതരീതികളിന്മേല്‍ ആഘാതമേല്‍പ്പിക്കാതെ മുന്നോട്ട് പോകുകയും ചെയ്യാന്‍ ടൂറിസം വ്യവസായത്തിനും സഞ്ചാരികള്‍ക്കും ബാധ്യതയുണ്ട്. ചുരുക്കത്തില്‍ ടൂറിസ്റ്റുകളും തദ്ദേശവാസികളും തമ്മിലും തദ്ദേശവാസികളും ടൂറിസം വ്യവസായവും തമ്മിലും ആരോഗ്യപരമായ ഒരു ബന്ധം വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി തയാറാക്കിയിട്ടുള്ള ഗ്രാമീണ ടൂറിസം പാക്കേജ് മേല്‍പ്പറഞ്ഞ തനതു സംസ്‌കാരത്തെയും പൈതൃകത്തെയും തന്മയത്തത്തോടും കൂടി ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ പാക്കേജുകളിലൂടെ പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും തദ്ദേശവാസികള്‍ക്ക് വരുമാനവും ഉറപ്പാക്കുന്നു. ഇതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് ആ പ്രദേശത്തെ പ്രത്യേകതകളും സാംസ്‌ക്കാരികതയും മനസിലാക്കാന്‍ അവസരവും ഒരുക്കുന്നു.
ഗ്രാമീണ ജീവിതം അടുത്തറിയാനും, തനത് നാടന്‍ കലകള്‍ പരിചയപ്പെടുത്താനും, തനത് പ്രാദേശിക ഉത്പന്നങ്ങളും, കരകൗശല സാമഗ്രികളും ഇടനിലക്കാരില്ലാതെ ടൂറിസ്റ്റുകള്‍ക്ക് വില്‍ക്കുന്നതിനുമൊക്കെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ സാധിക്കും. വലിയ ഹോട്ടല്‍ അല്ലെങ്കില്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് മാത്രമല്ല ടൂറിസം വികസനത്തിന്റെ നേട്ടം കിട്ടേണ്ടത് എന്നതാണ് സര്‍ക്കാര്‍ കാണുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി ടൂറിസം മേഖലയില്‍ ഒന്നര ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുവാനാണ് ശ്രമം. കുറഞ്ഞത് അമ്പതിനായിരം തദ്ദേശവാസികള്‍ക്ക് പദ്ധതി പ്രകാരം തൊഴില്‍ പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഇരുപത് വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകള്‍ പുതിയതായി ആരംഭിക്കും. പരമ്പരാഗത തൊഴിലുകളായ കയര്‍, കൈത്തറി, മണ്‍പാത്ര നിര്‍മാണം, കള്ള് ചെത്തല്‍ എന്നിവയില്‍ അധിഷ്ഠിതമായ ഗ്രാമീണ ടൂറിസംപാക്കേജുകള്‍ പ്രോത്സാഹിപ്പിക്കും. പരമ്പരാഗത തൊഴിലുകളെയും, കരകൗശല നിര്‍മാണത്തെയും, അനുഷ്ഠാന ശാസ്ത്രീയ കലകളെയും വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുന്നത് വഴി തദ്ദേശീയര്‍ക്ക് വരുമാനം ലഭ്യമാക്കുന്ന പ്രവര്‍ത്തനം ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഏറ്റെടുക്കും.
കേരള ഗ്രാമങ്ങളുടെ ഉള്ളറകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനവും നൈസര്‍ഗികതയും കലയും ആചാരവും ഭക്ഷണവും എല്ലാം ടൂറിസം ഉത്പന്നങ്ങളായി മാറണം. ടൂറിസത്തിലെ ഇത്തരം നൂതനപ്രവണതകള്‍ ഗ്രാമപ്രദേശങ്ങള്‍ക്കും അവികസിത പ്രദേശങ്ങള്‍ക്കും വലിയ സാധ്യത തുറന്നിടുന്നുണ്ടെന്ന് മനസിലാക്കിയാണ് ഉത്തരമലബാറിലേക്ക് തനതായ ടൂറിസം പദ്ധതികള്‍ കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏഷ്യയില്‍ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളുടെ ‘ലോണ്‍ലി പ്ലാനറ്റ്’ പട്ടികയില്‍ വടക്കന്‍ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തിനായി 600 കോടിയോളം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ ലോകോത്തര അംഗീകാരം സര്‍ക്കാരിന് പ്രചോദനമേകുന്നു.
ചൈനയിലെ ഗാന്‍ഷു, ജപ്പാനിലെ സൗത്ത് ടോക്കിയോ എന്നിവ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് വടക്കന്‍ കേരളത്തിന് അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ നല്‍കിയിരിക്കുന്നത്. മലബാറിന്റെ മനോഹാരിതയും, പ്രത്യേകതകളും ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടുവെന്നതിന്റെ തെളിവാണിത്. അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയരായ വിനോദസഞ്ചാര കോളമിസ്റ്റുകള്‍ക്ക് വടക്കന്‍ കേരളത്തിലെ വിനോദസഞ്ചാരമേഖലകള്‍ നേരില്‍ കണ്ട് അനുഭവിക്കാന്‍ അവസരം നല്‍കിയത് ലോകത്തിന്റെ ശ്രദ്ധയില്‍ വടക്കന്‍ കേരളത്തിന്റെ മനോഹാരിത പരിചയപ്പെടുത്താന്‍ സഹായിച്ചു. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വടക്കന്‍ മലബാറിന്റെ ടൂറിസം വികസനത്തിന് 600 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്.
മുന്നൂറ് കോടിയോളം രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മിക്കുന്നതിന് 15 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരകണ്ടി, മാഹി, തലശ്ശേരി, നീലേശ്വരം, തേജസ്വിനി, വിലയ, പറമ്പാതടാകം, ചന്ദ്രഗിരി എന്നീ ജലാശയങ്ങളും, അവിടുത്തെ കലാരൂപങ്ങളും, പ്രകൃതി വിഭവങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടേയ്ക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം തന്നെയുണ്ടാകും. 197 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദീയാത്രയില്‍, ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷ കലാരൂപങ്ങളും, കരകൗശല സാമഗ്രി നിര്‍മ്മാണവുമെല്ലാം ഒരുക്കും. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് മലബാറിലെ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലുളള കൂറ്റന്‍ പാറക്കെട്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ജടായു ശില്‍പ്പം ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമെന്ന ഖ്യാതിയാണ് സ്വന്തമാക്കാന്‍ പോകുന്നത്. സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാറുകളടക്കമുള്ള അത്യാധുനിക വിനോദ സംവിധാനങ്ങള്‍ ജടായുപ്പാറയില്‍ ഒരുക്കുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യരഹിത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നതാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാന ആശയം. ഇത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് മാത്രമല്ല പരിസ്ഥിതിക്ക് ഗുണകരമാകുകയും ചെയ്യും. വേമ്പനാട്ട് കായലില്‍ ശുചീകരണം നടത്തി മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ചത് മാതൃകാപരമായ നടപടിയാണ്. മൂന്ന് ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കോട്ടയം സ്വദേശികളായ ബിബിന്‍, അഭിലാഷ്, അര്‍ജുന്‍ എന്നിവര്‍ എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് ശേഷം കിട്ടിയ ജോലി രാജി വെച്ച് തുടങ്ങിയ ഒരു വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് സംരംഭമാണ് കായല്‍ മാലിന്യം നീക്കം ചെയ്തത്. കുമരകത്തും വൈക്കത്തും ആലപ്പുഴയിലുമെല്ലാം ഇവര്‍ മാലിന്യ സംസ്‌കരണം നടത്തുന്നു. പൊതുനന്മയ്ക്ക് ഉതകുന്ന, അതിനൊപ്പം വരുമാനവും സന്തോഷവും കിട്ടുന്ന ഇത്തരം ബദല്‍ തൊഴില്‍ മാര്‍ഗങ്ങള്‍ ടൂറിസവുമായി കൈകോര്‍ത്ത് നമ്മുടെ ചെറുപ്പക്കാര്‍ കണ്ടെത്തുന്നത് നമ്മുടെ നാടിന് പ്രതീക്ഷ നല്‍കുന്നതാണ്.
രാജ്യത്തിന് വിദേശനാണ്യം നേടികൊടുക്കുന്നതില്‍ മൂന്നാംസ്ഥാനത്താണ് ടൂറിസം മേഖല. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒഴിവുകാലം ചെലവഴിക്കുന്നതിന് താല്‍പര്യപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ സാധ്യതയെ എത്രത്തോളം സംസ്ഥാനത്തിന് പ്രയോജനപ്രദമാക്കാനാകുമെന്ന് വിലയിരുത്തി പുതിയ സാധ്യതകള്‍ തുറക്കുകയും, കൂടുതലാളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പ്രകൃതി കനിഞ്ഞ് നല്‍കിയ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് തന്നെ വേണം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കേണ്ടതെന്നതാണ് ഈ സര്‍ക്കാരിന്റെ നിലപാട്.